2020, ഏപ്രിൽ 26, ഞായറാഴ്‌ച

ഇരുവാളിക്കാവ് - ഭാഗം 2

അലച്ചുകുത്തി പെയ്യുന്ന കര്‍ക്കിടകത്തിന് മീതെ കരിയാത്തന്‍ പോലീസിന്‍റെ കണ്ണീര്‍ പെയ്തു. ആണ്ടി മൂപ്പന്‍റെ കുടിയോട് ചാരിയുള്ള വരിക്കപ്ലാവിന്‍റെ   ചോട്ടില്‍ മുണ്ടിക്കും കുഞ്ഞിനും കിടക്കാനുള്ള ആറടി നീളം മണ്ണിനോട് വാങ്ങാന്‍ വേണ്ടി അദ്ധ്വാനിക്കുകയാണ് ചാത്തപ്പനും കീരനും.

കോവിലപ്പാറയില്‍ ഉള്ള ശ്മശാനത്തില്‍ അടക്കാം എന്നുള്ള ബന്ധുക്കളുടെ നിലപാടിന്‍റെ നാവില്‍ തന്നെ കരിയാത്തന്‍ കത്തിവച്ചു " ന്‍റെ മുണ്ടീം പുള്ളയും നേരാം വഴിക്ക് ചത്തതല്ല. കൊന്നതാ. ന്‍റെ പൈതലിന്‍റെ ജീവന് പകരം ചോയ്ക്കണം നിക്ക്. ഇച്ചെയ്തത് ആരായാലും ഞാന്‍ പൂജിക്കണ ന്‍റെ തൈവങ്ങള് കാണിച്ച് തരും. ഓന്‍റെ ചോര ഞാന്‍ വീഴ്ത്തുമ്പോ ന്‍റെ മുണ്ടീം പുള്ളയും ഈട ണ്ടാവണം. ന്‍റെ കണ്ണകലത്തില് തന്നെ. ഓളെ എങ്ങട്ടും കൊണ്ടോകാന്‍ ഞാന്‍ സമ്മയ്ക്കൂല "

കരിയാത്തന്‍റെ കത്തിയെരിയുന്ന കണ്ണുകളിലെ ചെഞ്ചോരരാശി കണ്ട് കര്‍ക്കിടകം പോലും ഒരുമാത്ര പെയ്ത്ത് നിര്‍ത്തി ശങ്കിച്ചു നിന്നു. മുറ്റത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ പാലമരത്തിന്‍റെ കൊച്ചുകിടാങ്ങള്‍ ഒഴുകി നടന്നു. ഇരുപത്തെട്ടു കെട്ടിന് പാടാന്‍ വച്ചിരുന്ന നാവൂറ്; കാളിക്കുറത്തി കുഞ്ഞിന്‍റെ ജഡത്തിനു തലക്കാംപുറത്തിരുന്നു പാടിത്തീര്‍ത്തു. കരിയാത്തന്‍റെയും ഉടപ്പിറന്നോള്‍ തേമ്പയുടെയും നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ നാവൂറിന് മറുപാട്ടായി.

"ഇനീം ഇങ്ങനെ കെടത്തണോ? ഇപ്പോത്തന്നെ ... " ചെറിയാമന്‍ കരിയാത്തന്‍റെ തോളില്‍ കൈവച്ചു. തീക്കൊള്ളികൊണ്ട് കുത്ത് കിട്ടിയപോലെ കരിയാത്തന്‍ ഒന്ന് നടുങ്ങിയുലഞ്ഞു. അവന്‍റെ മിഴികളില്‍ പെയ്യുന്ന സാഗരം കാണാന്‍ കരുത്തില്ലാതെ ചെറിയാമന്‍ തലവെട്ടിച്ചു.

" കെടത്തണ്ട. കുയ്ച്ചിടണം. ഇഞ്ഞി ആരും ബരാനൊന്നും ല്ല്യല്ലോ.  ഓളെ ഇഞ്ഞിം ഇങ്ങനെ കെടത്തി നരകിപ്പിക്കണ്ട." എന്തോ ഒരു ഉള്‍പ്രേരണയാലെന്നവണ്ണം കരിയാത്തന്‍ ഝടുതിയില്‍ എണീറ്റു. ദുര്‍ഗന്ധം അറിയാതിരിക്കാന്‍ രാമച്ചം കൊണ്ട് മൂടിക്കിടത്തിയ കുഞ്ഞിന്‍റെ തലയില്‍ കരിയാത്തന്‍ തൊട്ടുതലോടി. വിറയാര്‍ന്ന അധരങ്ങളാല്‍ അവനെന്തോ പിറുപുറുത്തു. അനന്തരം കരിനീല നിറത്തില്‍ കുമിളച്ചു നില്‍ക്കുന്ന ഞരമ്പുകള്‍ മുളങ്കാട്‌ തീര്‍ത്ത മുണ്ടിയുടെ തിരുനെറ്റിയില്‍ അവന്‍ വലംകൈയിലെ തള്ളവിരല്‍ അമര്‍ത്തി. അര്‍ദ്ധനിമീലിത നേത്രങ്ങളില്‍ നിന്നും തീമഴ പെയ്തു.

"ഇഞ്ഞി എടുത്തോ. " കരിയാത്തന്‍റെ മുഖത്ത് അതുവരെ ഇല്ലാത്ത ഒരു ശാന്തത കൈവന്നു. വിക്ഷോഭം നടക്കുന്ന മനസ്സിന്‍റെ ഇരമ്പം അവന്റെ കണ്ണുകളില്‍ അപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഇരുവാളിക്കാവിന് നേരെ നോക്കി കരിയാത്തന്‍ കണ്ണീര്‍ ചുട്ടെരിച്ചു. കരിയാത്തനെ സാന്ത്വനിപ്പിക്കാന്‍ എന്നവണ്ണം പാടവരമ്പില്‍ നിന്നും  ചേറിന്‍റെ മണമുള്ള കാറ്റ് ആ പുരയിടത്തില്‍ അലസഗമനം നടത്തി.

ഒരൊറ്റ കുഴിയില്‍ കിടത്തിയ മുണ്ടിച്ചെറുമിയുടെയും പിള്ളയുടെയും കുഴിമാടത്തിലേക്ക് മൂന്നുപിടി മണ്ണ് വാരിയിടുമ്പോള്‍ കരിയാത്തന്‍റെ കണ്ണില്‍ നിന്നും ഹൃദയം വെന്തു ചോര പെയ്തു. എരുമലച്ചിന്നാടന്‍ ഗുരുക്കളുടെ തോളിലേക്ക് തല ചേര്‍ത്തുവച്ച് അവന്‍ പൊട്ടിക്കരഞ്ഞു. ക്ഷണനേരം കൊണ്ട് കരിയാത്തന്‍റെ കണ്ണീര്‍ വറ്റി. പകരം അഗ്നിനാളങ്ങള്‍ ജ്വലിച്ചു

"  ന്‍റെ മുണ്ടിയേം പുള്ളയേം കൊന്നോരെ ഞാന്‍ വെറുതെ വിടൂല. ഓന്‍റെ കുടുംബം ഞാന്‍ മുടിക്കും. ന്‍റെ കരിങ്കുട്ടി മുത്തപ്പനാണേ .... !!! "

കരിയാത്തന്‍ ഇടനെഞ്ചില്‍ തല്ലി. ഇരുവാളിക്കാവിന് വെയിലേല്‍ക്കാതെ കുടപിടിച്ച് നിന്നിരുന്ന കരിമ്പനകള്‍ കരിയാത്തനെ പരിഹസിച്ചു തലയാട്ടിച്ചിരിച്ചു.

പച്ചമണ്ണു പുതച്ച് മുണ്ടിയും കുഞ്ഞും തണുപ്പകറ്റി. കലുഷിതമായ മനസ്സോടെ നിന്നിരുന്ന കരിയാത്തനെ എരുമലച്ചിന്നാടന്‍ ഗുരുക്കള്‍ കോലായിലേക്ക് കൈപിടിച്ചു നടത്തി.

" പതിനാറ് ദിവസം പുലയാണ്. ഇപ്പൊ ഒന്നും ചിന്തിക്കണ്ട. പതിനേഴാം പക്കം നീ കളരിയിലേക്ക് വരണം. അതിരാവിലെ തന്നെ. ന്‍റെ വെലാണ്ടിയുടെ മോന്‍ എന്നുവച്ചാല്‍ എന്‍റെയും മോനാ. ഇന്നേക്ക് പതിനേഴാം പക്കം ഇതിനൊരു തീരുമാനം നമുക്കുണ്ടാക്കാം!!"

ഗുരുക്കളുടെ വാക്കുകള്‍ കരിയാത്തന്‍ കേട്ടുനിന്നു. ശാപവചസ്സുകള്‍ പിറുപിറുത്തുകൊണ്ട് അയാള്‍ പയ്യെ തലയാട്ടി.

മഴ തോര്‍ന്നു. മേഘപ്പാളികളിലൂടെ സൂര്യന്‍ പതിയെ പുറത്തേക്ക് തലനീട്ടി. കര്‍ക്കിടക വെയിലിന് മീനച്ചൂട് തോറ്റുപോകുന്ന കാഠിന്യം കൈവന്നു.

പുലകുളി അടിയന്ത്രം കഴിഞ്ഞു.  അയലോക്കക്കാരും ബന്ധുക്കളും കൂടി ചടങ്ങുകളെല്ലാം തീര്‍ത്ത് റാക്കും മീനും കഴിച്ച് പുല അവസാനിപ്പിച്ചു.

വട്ടാരപ്പറമ്പില്‍ നിന്നും വെട്ടിക്കൊണ്ടുവന്ന ശീമക്കൊന്നയുടെ കമ്പുകള്‍ പിണച്ചു ചേര്‍ത്ത് അതിന്റെ മേല്‍ രണ്ടായി പകുത്തു മെടഞ്ഞ ഓലകള്‍ വലിച്ചു കെട്ടി കരിയാത്തന്‍ മുണ്ടിച്ചെറുമിയുടെയും കുഞ്ഞിന്റെയും കുഴിമാടത്തിന് ഒരു മറ തീര്‍ത്തു. കാല്‍ഭാഗത്തായി ഒറ്റക്കമ്പിയില്‍ തീര്‍ത്ത കാക്കവിളക്ക് കുത്തിനാട്ടി. കുഴിമാടത്തിന് തലഭാഗത്ത് മുളച്ചുപൊങ്ങി പൂവിട്ടു നിന്നിരുന്ന ഒരു കാശിത്തുമ്പ മാത്രം നിര്‍ത്തി ബാക്കി കളകള്‍ മുഴുവന്‍ വേരോടെ അയാള്‍ പിഴുതു കളഞ്ഞു.

ഉച്ചവെയിലിന്റെ കാഠിന്യം ശമിച്ചു തുടങ്ങി. പകലോന്‍ ഉറങ്ങാന്‍ വേണ്ടി കടലിന്‍റെ മടിത്തട്ടിലേക്ക് പാഞ്ഞു.

കോലായില്‍ തേമ്പ വിളക്ക് വച്ച് തൊഴുകൈയോടെ പ്രാര്‍ത്ഥനാ നിരതയായി നില്‍ക്കുന്ന സമയത്താണ് പുഞ്ച വരമ്പില്‍ നിന്നും നീട്ടിയുള്ള ഒരു കൂവല്‍ കേട്ടത്. കൂവല്‍ കേട്ട ഭാഗത്തേക്ക് ചിമ്മിനി വിളക്ക് ഉയര്‍ത്തി കണ്ണിനു മേലെ കൈപ്പടം വച്ച് തേമ്പ തുറിച്ചു നോക്കി

" ആരാ ആടെ?"

"ചോയി ആണേ... കരിയാത്തേട്ടന്‍ ഇല്ലേ ആടെ?" തേമ്പയുടെ ചോദ്യത്തിന് പുഞ്ചവരമ്പില്‍ നിന്നും മറുപടി എത്തി. ചിന്നാടന്‍ ഗുരുക്കളുടെ ശിഷ്യന്‍ ആണ് ചോയി. ഗുരുക്കള്‍ പറഞ്ഞ് വിട്ടതായിരിക്കും.

"ഈട ണ്ട്. കേറിപ്പോരെ." തേമ്പ ചോയിയെ നോക്കി പറഞ്ഞു.  തേമ്പയുടെയും ചോയിയുടെയും സ്വരം കേട്ട കരിയാത്തന്‍ അകത്തുനിന്നും ഇറയത്തേക്ക് ഇറങ്ങി. മുറ്റത്തേക്ക് കയറി വരികയാണ് ചോയി. വെളുത്ത പക്ഷം ആണെങ്കിലും ഒരു കരുതലിന് എന്നവണ്ണം കയ്യില്‍ ഒരു കത്തിക്കാത്ത ചൂട്ടും പിടിച്ചിട്ടുണ്ട്.

" ന്താ ചോയീ ഈ നേരത്ത്?" കരിയാത്തന്‍ ചോയിയെ നോക്കി.

" കുരുക്കള് പറഞ്ഞയച്ചതാ. നാളെ പൊലച്ചക്ക് കളരീല് എത്താമ്പറഞ്ഞു "

" ആയ്ക്കോട്ടെ. ഞാന്‍ എത്തിയേക്കാം. നേരം വല്ലാണ്ട് വൈകണേന് മുമ്പ് പൊയ്ക്കോ. അതോ ഈട കെടക്കണാ ഇന്ന്? " ഇരുവാളിക്കാവിന് നേരെ നോക്കിയാണ് കരിയാത്തന്‍ അത് ചോദിച്ചത്.

" മാണ്ട. പോണം. കുരുക്കളുടെ രക്ഷ പൊട്ടിക്കാന്‍ മാത്രം ഊരുള്ള മാടനും മറുതേം ഒന്നും ഇന്നാട്ടില് ഇല്ല." ചോയി അരയില്‍ കെട്ടിയിരിക്കുന്ന ചരടില്‍ കോര്‍ത്ത ഏലസ് തൊട്ടുകാണിച്ചു. ശേഷം ചൂട്ടും കക്ഷത്തില്‍ വച്ച് തിരിഞ്ഞു നടന്നു.

പുലര്‍ച്ചെ കരിയാത്തന്‍ കളരിയില്‍ എത്തുമ്പോള്‍ എരുമലച്ചിന്നാടന്‍ ഗുരുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നുതിരിയിട്ടു കത്തിച്ച് വച്ചിരിക്കുന്ന മൂന്ന് നിലവിളക്കുകള്‍ക്ക് നടുവില്‍ ഒട്ടുരുളിയില്‍ നിറച്ച ഗുരുതി.  അരിപ്പൊടിയില്‍ നിറങ്ങള്‍ ചേര്‍ത്ത് ചമച്ച ഭൈരവന്റെ കോലം.

" പോയി കുളിച്ച് ഒറ്റ തോര്‍ത്ത് ഉടുത്ത് ഈറനോടെ വരണം. " കരിയാത്തനെ നോക്കി ഗുരുക്കള്‍ കല്‍പ്പിച്ചു. മുറ്റത്തിന്റെ കോണില്‍ സ്ഥിതി ചെയ്തിരുന്ന കിണറ്റില്‍ നിന്നും പാള കൊണ്ട് കെട്ടിയുണ്ടാക്കിയ കൊട്ട കൊണ്ട് കരിയാത്തന്‍ വെള്ളം കോരി കുളിച്ചു. ശേഷം ഈറനോടെ നിലവിളക്കിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു.

ഒട്ടുരുളിയില്‍ നിറച്ച ഗുരുതിയിലേക്ക് ചിന്നാടന്‍ ഗുരുക്കള്‍ ഒരു തളിര്‍വെറ്റില മുകള്‍ഭാഗം നനയാത്ത വിധം വച്ചു. ശേഷം മാറ്റി വച്ചിരുന്ന ഒരു ഡപ്പിയില്‍ നിന്നും ഒരുതരം മഷി വെറ്റിലയില്‍ ഇറ്റിച്ചു.

"കരിംകുട്ടി മുത്തപ്പനെ മനസ്സില്‍ നിരുവിച്ച് നല്ലോണം പ്രാര്‍ഥിച്ചോ." അര്‍ദ്ധ നിമീലിത നേത്രത്തോടെ ഗുരുക്കള്‍ അരുള്‍ ചെയ്തു. കരിയാത്തന്റെ മനസ്സില്‍ മുത്തപ്പന്റെ രൂപം തെളിഞ്ഞു. ഗുരുക്കളുടെ നാവില്‍ നിന്നും ഇടതടവില്ലാതെ ഭൈരവി മന്ത്രം മുഴങ്ങി. പോകെപ്പോകെ ഉരുളിയില്‍ തെക്കുവശം നോക്കി കിടന്നിരുന്ന വെറ്റില പതിയെ കറങ്ങാന്‍ ആരംഭിച്ചു. ആയിരത്തൊന്ന് ഉരു ജപം പൂര്‍ത്തിയാക്കിയ ശേഷം ഗുരുക്കള്‍ വെറ്റിലക്ക് മീതെ കൈപ്പടം വച്ച് പ്രാര്‍ഥിച്ചു. ശേഷം വെറ്റില എടുത്ത് കരിയാത്തന്റെ നേരെ നീട്ടി.

" അന്‍റെ ചെറുമിയേം കുഞ്ഞിനേം ഇല്ലാതാക്കിയോര് ആരാന്ന് നോക്ക്."

വിറയാര്‍ന്ന കൈകളോടെ കരിയാത്തന്‍ ആ വെറ്റില ഏറ്റുവാങ്ങി. ശേഷം അതിലേക്ക് തറച്ചു നോക്കി. കാണെക്കാണെ വെറ്റിലയില്‍ പടര്‍ന്നിരുന്ന മഷിയില്‍ ആള്‍രൂപങ്ങള്‍ തെളിയാന്‍ തുടങ്ങി. ആ മുഖം തിരിച്ചറിഞ്ഞതും കരിയാത്തന്‍ ഒരു നിലവിളിയോടെ വെറ്റില വലിച്ചെറിഞ്ഞു.

പിന്നിലെ ചുമരില്‍ കുലുങ്ങി വിറച്ചു കൊണ്ടിരുന്ന കരിയാത്തനെ ഗുരുക്കള്‍ സാകൂതം നോക്കി. " അപ്പൊ ഞാന്‍ നിരുവിച്ച ആള് തന്നെ. പായിപ്പാട്ട് രാഘവന്‍!!! ല്ലേ? "

കരിയാത്തന്‍ അതെ എന്ന മട്ടില്‍ തലയാട്ടി.

" ഇനി അന്‍റെ സമയമാണ്. രാഘവനെ ഒന്ന് നോവിക്കാന്‍ മാത്രേ അന്നെക്കൊണ്ടു പറ്റൂ. അയിനുള്ള സംഗതികള്‍ ഒക്കെ വേലാണ്ടി കരുതി വച്ചിട്ടുണ്ട്. ഇജ്ജ് നേരെ കുടീലോട്ടു പോണം. അട്ടത്ത് ഒരു പഴേ മരപ്പെട്ടി ഉണ്ട്. അയിന്റെ താക്കോല് ഇറയത്ത്‌ തൂക്കിയിട്ടെക്കുന്ന ഭസ്മത്തട്ടില്‍ കാണും. അതുവച്ച് പെട്ടി തുറക്കണം.. അന്‍റെ ചെറുമിക്കും കുഞ്ഞിനും പറ്റിയതിന്റെ കൊറച്ചെങ്കിലും അനക്ക് തിരിച്ചു കൊടുക്കണ്ടേ?.. അതിനുള്ളതൊക്കെ ആ പെട്ടിയില്‍ ഉണ്ട്. !!"

ഗുരുക്കളുടെ വാക്കുകള്‍ കേട്ട കരിയാത്തന്‍ ചീറിക്കൊണ്ട് ചാടി എഴുന്നേറ്റു.

" കൊറച്ചോ? ഓന്റെ കുലം ഞാന്‍ കൊളം തോണ്ടും. ഇരുവാളിക്കാവിലെ കാവോട്ടമ്പ്രാട്ടിയേം രാമന്‍ തണ്ടാരേം കൊണ്ട് പടുവേല ചെയ്യിക്കണ ഓന്റെ സന്തതി പരമ്പരയെ ആ ഇരുവാളിക്കാവില്‍ വച്ച് തന്നെ ഞാന്‍ തീര്‍ക്കും. ന്‍റെ കരിങ്കുട്ടി മുത്തപ്പനാണെ .. ഇത് സത്യം !!!!!!!!!!!"

കരിയാത്തന്‍ വലതുകൈ നിലവിളക്കിന്റെ തിരിയിലേക്ക് നീട്ടി. ഉള്ളംകൈ പൊള്ളി കുമളിച്ചിട്ടും അയാള്‍ക്ക്‌ വേദന തോന്നിയില്ല. പുറത്ത് ദിഗന്തം നടുങ്ങുമാറുച്ചത്തില്‍ ഒരു ഇടി മുഴങ്ങി. മുറ്റത്തിന്റെ കോണില്‍ തലയുയര്‍ത്തി നിന്ന കരിവീട്ടിയില്‍ കാറ്റ് പിടിച്ചു. കിഴുക്കാം തൂക്കായി തൂങ്ങിക്കിടന്നിരുന്ന തൂക്കണാം കുരുവിയുടെ കൂട്ടില്‍ നിന്നും രണ്ടു കുരുവികള്‍ വിരിയാറായി നിന്ന രണ്ടു മുട്ടകള്‍ ഉപേക്ഷിച്ച് പ്രാണ ഭയത്തോടെ പറന്നകന്നു. ആ ക്ഷണം കൂട് നിലംപൊത്തി.   നിലത്ത് ചിതറിപ്പോയ മുട്ടയില്‍ നിന്നും പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത രണ്ടു കുരുവിക്കുഞ്ഞുങ്ങള്‍ ചിറകുകള്‍ അഞ്ചാറ് പ്രാവശ്യം പതിയെ ഇളക്കിയ ശേഷം ചത്തുകിടന്നു.

"കരിയാത്താ.. അന്നെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാ കൂടൂല. രാഘവന്‍ ഇജ്ജ് വിചാരിക്കണ പോലെ അത്ര നിസാരനല്ല. രാഘവനെ തളക്കാന്‍ ഓന്‍ വരണം. ന്‍റെ രുദ്രന്‍. കൊല്ലിമല രുദ്രന്‍ !!!!"

ആ പേര് കേട്ട മാത്രയില്‍ പ്രകൃതി തന്നെ ഒരുവേള നിശ്ചലമായി. തകര്‍ത്തു പെയ്തിരുന്ന മഴ പെയ്ത്ത് നിര്‍ത്തി ശങ്കിച്ചു നിന്നു. കരിയാത്തന്റെ ഹൃദയത്തില്‍ ഒരു മഞ്ഞുകട്ട എടുത്ത് വച്ചപോലെ അനുഭവപ്പെട്ടു. കൊല്ലിമല രുദ്രന്‍ വരുന്നു എന്നാല്‍ ചാവുനിലം ഒരുങ്ങി എന്നാണ് അര്‍ത്ഥം !!!! ഇരുവാളിക്കാവിനു മീതെ ഇനി ചോര പെയ്യും !!!! 

2019, മാർച്ച് 7, വ്യാഴാഴ്‌ച

ഇരുവാളിക്കാവ്

ചോനാടത്തുകാവില്‍ നിന്നും തിരക്കിട്ട് വീട്ടിലേക്കു നടക്കുന്ന വഴിക്കാണ് കരിയാത്തന്‍ പോലീസിന് അപകടം മണത്തത്. ഇട്ട്യാമന്‍ പണ്ടാരത്തിന്റെ ഗുരുതിത്തറക്കടുത്തു നിന്നും ശീവോതിക്ക്‌ വെക്കാനുള്ള നിലപ്പനയും മുക്കുറ്റിയും പറിച്ചുകൊണ്ടിരിക്കുന്ന നങ്ങേമയും ചീരുവും തന്ന " പോലീസമ്പ്രാ .. ചീവോതിക്ക് വെക്കണ കാലം കാവിനാപ്പ്രത്തൂടി മോന്തി നേരത്ത് പോണ്ടാ.. രാമന്‍ തണ്ടാരും കാവോട്ടമ്പ്രാട്ടിയും എറങ്ങി നടക്കണ കാലാ !!" എന്നുള്ള മുന്നറിയിപ്പ് കണക്കിലെടുക്കാതെ പോന്നത് തീര്‍ത്തും അബദ്ധമായി എന്ന് കരിയാത്തന്‍ പോലീസിന് മനസിലായത് ഇരുവാളിക്കാവിന്റെ മുഖപ്പ് ദൃശ്യമായതോടെ ആണ്.

കോന്തലപ്പറമ്പില്‍ പുതുതായി കുടിലുകെട്ടി പാര്‍പ്പു തുടങ്ങിയ ശാസ്ത്രികളുടെ ജഡപിടിച്ച മുടിപോലെ തലയുയര്‍ത്തി നില്‍ക്കുന്ന അരയാലിന്റെ വള്ളികളില്‍ കൂടി മിന്നാമിനുങ്ങിന്റെ വെട്ടം അരിച്ചിറങ്ങുന്നുണ്ട്‌. ഭീകരമായ ഇരുട്ടില്‍ ആകാശത്ത് നിന്നും കയറു കെട്ടി ഞാത്തി ഇട്ടപോലെ തലയുയര്‍ത്തി നില്‍ക്കുന്ന മഹാഗണി മരം. "ഒറ്റത്തടി മൊത്തത്തില്‍ തന്നാല്‍ എട്ടുസേര്‍ വിതയ്ക്കാനുള്ള കണ്ടം കൊടുത്താലും തെറ്റില്ല. എന്താ ചെയ്യാ. കാവിലെ തടിയായിപ്പോയില്ലേ " എന്ന് രാവുണ്ണി കണ്ട്രാക്ക് പറഞ്ഞത് എത്ര ശരിയാണ്. ഒറ്റത്തടിയായി തലക്കാംപുറത്ത് മാത്രം വള്ളിക്കൂടാരം കൊണ്ട് തലപ്പാവ് വച്ചിരിക്കുന്ന ആ വന്മരത്തിന് കോഴിക്കളിയാട്ടത്തിനു വരുന്ന പൊയ്ക്കുതിരയുടെ തലയെടുപ്പാണ്.

പാദങ്ങള്‍ക്ക് ചിറകു മുളച്ചിരുന്നെങ്കില്‍ എന്ന് കരിയാത്തന്‍ മനസ്സാ കൊതിച്ചു. കണ്ണ് തുളച്ചുകയറുന്ന കൂരിരുട്ടില്‍  ഇരുവാളിക്കാവ് പഴയതിലും ഭീകരത പൂണ്ട് നില്‍ക്കുകയാണ്. മൂവന്തി സമയവും ഇരുവാളിക്കാവും. ഒരാള്‍ക്ക്‌ ഭയന്ന് മരിക്കാന്‍ ഇവതന്നെ ധാരാളം മതി. കാവിന്‍റെ കവാടത്തിനു മുന്നില്‍ തന്നെയുള്ള കരിവീട്ടിയില്‍ നിന്നും ഒരു രാക്കോഴി ഭീതിദമായ ശബ്ദത്തോടെ ചിറകടിച്ചു പറന്നുയര്‍ന്നു. അകമ്പടിയെന്നോണം ഒരുപറ്റം വവ്വാലുകള്‍ ഇരുട്ടിന് മറുരാവായി കരിമ്പടം പുതച്ചുകൊണ്ട് ചിറകിട്ടടിച്ചു.

ഇരുവാളിക്കാവ് കഴിഞ്ഞ് പുഞ്ചയും കടന്നു വേണം വീട്ടിലെത്താന്‍. മുണ്ടിച്ചെറുമിക്ക് പേറ്റുനോവ് തുടങ്ങി എന്ന് ചോമന്‍ പുലയന്‍ വന്നു പറഞ്ഞതാണ്. അവന്‍റെ കൂടെത്തന്നെ കുടിയിലേക്ക് പോന്നാല്‍ മതിയായിരുന്നു. ആ സമയം നോക്കിയാണ് ഏഡ് കുഞ്ഞപ്പന്‍ സാറ് തിരക്കിട്ട ഒരു പണി ഏല്‍പ്പിച്ചത്. തീര്‍ക്കാതെ പോന്നാല്‍ പിന്നെ അതുമതി.

കാവോട്ടമ്പ്രാട്ടിയും രാമന്‍ തണ്ടാരും കര്‍ക്കിടകം പിറന്നാല്‍ ആളൊരുത്തനെ മൂവന്തി കഴിഞ്ഞാല്‍ ഇരുവാളിക്കാവിന്‍റെ നടക്കല്‍ കൂടി വഴിനടക്കാന്‍ വിടാറില്ല. ഒട്ടേറെ ദുര്‍മരണങ്ങള്‍ കണികണ്ടുണര്‍ന്ന ബാല്യം തന്നെ ആയിരുന്നല്ലോ തന്‍റെതും. ചുടലമുത്തിക്ക് കൊടുതി കഴിഞ്ഞു വരുന്ന വഴി ഒടിയന്‍ ഒടിച്ചു കൊന്ന അപ്പന്‍ വേലാണ്ടി കണക്കന്റെ ഓര്‍മ്മയും കരിയാത്തന്റെ വേപധു പൂണ്ട മനസ്സില്‍ തികട്ടിവന്നു. അപ്പന്‍ ചൊല്ലിപ്പഠിപ്പിച്ച മന്ത്രങ്ങള്‍ കൊറേയൊക്കെ മറന്നെങ്കിലും ഇപ്പോഴും ഓര്‍ത്തെടുത്താല്‍ മനസ്സില്‍ ഊറി വരും.

എഴുമണി ആയതേ ഉള്ളെങ്കിലും നട്ടപ്പാതിര ആയപോലെ കിടക്കുകയാണ് ഇരുവാളിക്കാവ്. പട്ടാപ്പകല്‍ പോലും സൂര്യനെ താഴേക്കു കടത്തിവിടാതെ പടയാളികളെപ്പോലെ ഇലപ്പരിചയും പിടിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളും പേരറിയാത്ത കാട്ടുമരങ്ങളും. പണ്ടുകാലത്തെങ്ങോ നിലനിന്നിരുന്ന പ്രൌഡിയെ അനുസ്മരിപ്പിക്കുന്ന വിധം ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പടിപ്പുര. ആ പടിപ്പുര കയറി വേണം കാവിനടുത്തുകൂടി ഉള്ള നടപ്പാതയിലൂടെ പുഞ്ചയിലേക്ക് ഇറങ്ങാന്‍. എളുപ്പം കുടിയില്‍ എത്താം എന്നുകരുതി ആണ് ചോനാടത്തുകാവ് വഴി വന്നത്. സാധാരണ എല്ലാരും ഇരുമ്പിപ്പാടം വഴി ആണ് പോവാറ്. കുറച്ചു ദൂരം കൂടുതല്‍ ആണെങ്കിലും കാവിനടുത്തു കൂടി നടക്കാന്‍ പേടിച്ച് അധികം ആരും ഇരുവാളിക്കാവ് വഴി വരാറില്ല.

ഇനി വച്ചകാല് പിറകോട്ടില്ല. കരിയാത്തന്‍ മടിക്കുത്തില്‍ നിന്നും പുകയിലപ്പൊതി എടുത്തു. പൊതിയില്‍ കിടന്നു അകാല വാര്‍ധക്യം ബാധിച്ചു കറുത്തുപോയ വെറ്റിലക്കൊടിയുടെ വശത്തുകൂടി നുറുക്കിയിട്ട യാപ്പാണം പുകയില കുറച്ച് വാരിയെടുത്ത് കരിയാത്തന്‍ പോലീസ് വായിലിട്ടു ചവച്ചു. കരിങ്കുട്ടിയെ മനസ്സില്‍ ധ്യാനിച്ച്‌ മറുതയെ സ്തുതിച്ചുകൊണ്ട് കരിയാത്തന്‍ മുണ്ടുകൊണ്ട് താറുപാച്ചി. " ഗുരുകാരണോന്മാരേ. കരിങ്കുട്ടി മുത്തപ്പാ.. ഇച്ചെറുമനെ ആപത്തൊന്നും കൂടാണ്ട് കുടീല്‍ എത്തിക്കണേ തൈവങ്ങളേ... "

ഇടതടവില്ലാതെ ഭൈരവി മന്ത്രം ജപിച്ചുകൊണ്ട്‌ കരിയാത്തന്‍ ഇരുവാളിക്കാവിന്റെ പടിപ്പുരയിലേക്ക്‌ കാലുകുത്തി. ആ ക്ഷണം പടിപ്പുരക്ക് അപ്പുറത്ത് കായ്ഫലതിന്റെ ആധിക്യത്താല്‍ ആലസ്യം പൂണ്ടുനിന്നിരുന്ന ഒരു ചെന്തെങ്ങ് കാരണമേതുമില്ലാതെ നടുമുറിഞ്ഞു നിലംപൊത്തി. കാല്‍വിരലുകളില്‍ കൂടി ഒരു വിദ്യുത് തരംഗം തലച്ചോറിലേക്ക് പാഞ്ഞുകയറിയെങ്കിലും ധൈര്യം കൈവിടാതെ കരിയാത്തന്‍ മുന്നോട്ടു തന്നെ നടന്നു. കാവിന് മുന്നില്‍ എത്തിയതും എവിടെനിന്നെന്നില്ലാതെ ഒരു പിശറന്‍ കാറ്റ് കാവിനെ പിടിച്ചു കുലുക്കി. മഹാഗണിയുടെ ചില്ലകളില്‍ വെടിവട്ടം പറഞ്ഞിരുന്ന കാട്ടുപക്ഷികള്‍ പ്രാണഭീതിയാല്‍ എന്നവണ്ണം ചിറകടിച്ചു കരഞ്ഞു.

അതുവരെ ഇരുട്ടുപുതച്ചു നിന്നിരുന്ന കാവിനകത്തെ കാക്കവിളക്ക് നേര്‍ത്തൊരു പൊട്ടലോടെ കത്തിയെരിഞ്ഞു. ഹൃദയത്തില്‍ ഒരു മഞ്ഞുകട്ട എടുത്തു വച്ച പോലെ കരിയാത്തന്‍ അടിമുടി വിറച്ചുപോയി. കാക്കവിളക്കിന് മുന്നിലായി രണ്ടു നേര്‍ത്ത രൂപങ്ങള്‍ .. !!! പ്രാണന്‍ പിടയുന്ന പോലെ അലറിവിളിച്ചുകൊണ്ട് കരിയാത്തന്‍ പോലീസ് മുന്നോട്ടു പാഞ്ഞു. കാവും കടന്ന് പുഞ്ചയിലേക്ക് കാലുകുത്തിയ കരിയാത്തന്‍ നടുങ്ങി വിറച്ചുപോയി. പുഞ്ച വരമ്പില്‍ തലയില്ലാത്ത ഒരു രൂപം ചൂട്ടുകറ്റയുമായി നടന്നുവരുന്നു. ഹൃദയമിടിപ്പ്‌ കൂടിക്കൂടി നെഞ്ചു പൊട്ടുന്ന പോലെ തോന്നുന്നുണ്ട്. ഇടയ്ക്ക് നാവില്‍ നിന്നും നിലച്ചുപോയ മന്ത്രം കരിയാത്തന്റെ നാവില്‍ വീണ്ടും കളിയാടി

"ഓം കാളീം മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്ഥിതാം .... " കരിയാത്തന്റെ നാവില്‍ ഭഗവതി സ്തുതി ഇതള്‍വിരിഞ്ഞു. കാണെക്കാണെ ആ രൂപം ഇരുട്ടില്‍ അലിഞ്ഞ് അപ്രത്യക്ഷമായി. അതിനടുത്ത നിമിഷം തന്നെ ആ രൂപം കരിയാത്തന്റെ തൊട്ടുമുന്നില്‍ പ്രത്യക്ഷനായി. കാവിനകത്തു നിന്നും ചിലങ്കയുടെ ധ്വനി ചെവി തുളച്ചുകയറുന്ന പോലെ അനുഭവപ്പെട്ടു. ചിന്നാടന്‍ ഗുരുക്കള്‍ പറഞ്ഞുതന്ന കാര്യം കരിയാത്തന്റെ മനസിലൂടെ പാഞ്ഞു. ദുഷ്ട ശക്തികളുടെ സാമീപ്യം ഗ്രഹിച്ചാല്‍ പിന്നെ പ്രാണന്‍ പോയാലും തിരിഞ്ഞു നോക്കരുത്. ഗുരുക്കള്‍ പണ്ട് നല്‍കിയ; അരയില്‍ കരുതിയിരുന്ന പിച്ചള കെട്ടിയ കഠാര എടുത്ത് കരിയാത്തന്‍ പാടവരമ്പില്‍ ആഞ്ഞുകുത്തി. ആ ക്ഷണം ആ രൂപം ഒരു അലര്‍ച്ചയോടെ അപ്രത്യക്ഷമായി. പിടിച്ചുകെട്ടിയാലെന്നവണ്ണം കാവില്‍ നിന്നുള്ള ഹുങ്കാരശബ്ദം നിലച്ചു.

പാടവരമ്പില്‍ നിന്നും കുടിലിന്റെ തിണ്ണയിലേക്ക് കയറിയപ്പോഴേ കണ്ടു. മുണ്ടിച്ചെറുമി പെറ്റിട്ട ജീര്‍ണിച്ച പിണ്ഡം നോക്കി ആര്‍ത്തലച്ചു കരയുന്ന വയറ്റാട്ടിയുടെ മുഖം. കരിനീല നിറത്തില്‍ കണ്ണുതുറിച്ച് നാവുകടിച്ചു പ്രാണന്‍ വെടിഞ്ഞ മുണ്ടിച്ചെറുമിയുടെ അടുത്ത് തന്നെ അഴുകിയ നിലയില്‍ കിടക്കുന്ന ഒരു ചോരക്കഷ്ണം. തളര്‍ന്നുകൂമ്പിയ കരിയാത്തന്‍ " ന്‍റെ തൈവേ ... " എന്നുള്ള ഒരു വിളിയോടെ മുറ്റത്തേക്ക്‌ മറിഞ്ഞു വീണു.

ശുഭം

പ്രേതേച്ചീ .. ഐ ഡബ്ലിയു

ദൈവം സഹായിച്ച് ചെറുപ്പം മുതല്‍ തന്നെ പ്രേതങ്ങളെ എനിക്ക് ഭയങ്കര പേടിയാണ്. ഈ കഥ വായിക്കുന്ന 90% ആള്‍ക്കാരെയും പോലെ എനിക്കും രാത്രി മുള്ളണം എങ്കില്‍ ആരേലും കൂടെ വരണം. ഒറ്റക്കൊരിക്കല്‍ മുള്ളാന്‍ ഇറങ്ങി വാഴയുടെ നിഴല്‍ കണ്ടപ്പോ നിക്കറില്‍ കൂടി മുള്ളിയത് മറ്റൊരു കഥ. അക്കഥ ഞാന്‍ പിന്നെ പറയാം. ഇപ്പൊ ഞാന്‍ പറയാന്‍ പോകുന്നത് നടന്ന കഥ ആണ്. കേക്കാന്‍ താല്പര്യം ഉള്ളോരോക്കെ ഒരു പാ വിരിച്ചു കട്ടന്‍ ചായേം കുടിച്ചു മുറിബീഡീം വലിച്ചു വായും പൊളിച്ചിരി.

ഒരു കുഗ്രാമം ആണ് എന്റെത്. എന്റെത് എന്ന് പറയുമ്പോ ചെല പ്ലാങ്ങാണ്ടികള്‍ ചോദിക്കും സ്വന്തമായി ഗ്രാമം ഒക്കെ ഉള്ള വേട്ടാവളിയന്‍ ആണോടാ നീ എന്നൊക്കെ. ഇതുവരെ വായിച്ച തള്ളുകഥകളുടെ കൂടെ ഇതും ഒരു തള്ളായി അങ്ങ് കൂട്ടിയാ മതി.. അപ്പൊ ഗ്രാമം. എന്റെ വീട് എന്ന് പറയുമ്പോ ഭയങ്കര വീടാണ്. രാത്രി ആയാല്‍ എലികളും പെരുച്ചാഴികളും കൂടെ ഐപിഎല്‍ കളിക്കും. ചീവീടുകളും മരപ്പട്ടികളും കൂടെ വീടിന്‍റെ പിന്‍വശത്തുള്ള മരത്തില്‍ ഇരുന്ന് ഐപിഎല്‍ തീം സോംഗ് പാടും. ചുരുക്കി പറഞ്ഞാല്‍ നല്ല രസമാണ്.

വീടിനു താഴെ ഒരു തോട്ടം ആണ്. തോട്ടത്തിന് അപ്പുറത്ത് വിശാലമായ പാടശേഖരങ്ങള്‍. ഈ തോട്ടത്തിന് ഒരു പ്രത്യേകത ഒണ്ട്. മറ്റുള്ള തോട്ടങ്ങളെ പോലെ അല്ല. ഇവടെ ഒരുപാട് തെങ്ങുകളും കവുങ്ങും ഒക്കെ ഒണ്ട്. ഇതൊന്നുമില്ലാത്ത തോട്ടം മുതലാളിമാര്‍ ചമ്മിപ്പോ. ആ തോട്ടത്തിന്റെ പടിഞ്ഞാറു വശത്തായി ഒരു പഴയ ഇല്ലം. പണ്ടുകാലത്തെ ഏതോ നമ്പൂതിരിമാര്‍ താമസിച്ചിരുന്ന ഇല്ലം ആണ്. ഇല്ലം എന്ന് പറയുന്നതിനേക്കാള്‍ ഒന്നുകൂടി ചേരുക ചെറിയൊരു കൊട്ടാരം എന്നാണ്. എടക്കെടക്ക് ഇപ്പഴത്തെ അവകാശികള്‍ വന്നു വീടിന്റെ പരിസരം ഒക്കെ വൃത്തിയാക്കുമെങ്കിലും ഒരാഴ്ച കഴിയുമ്പോ ആ വീടും പരിസരവും പിന്നേം കാടുപിടിച്ച് ഭീകര രൂപം പൂണ്ട് നില്‍ക്കും. ഈ വീടിന്‍റെ പടിഞ്ഞാറും കിഴക്കും ആയി ഓരോ കിണര്‍ ഉണ്ട്. പടിഞ്ഞാര് വശത്തുള്ള കിണറ്റില്‍ നിന്നും ഇടക്കൊക്കെ ആളുകള്‍ വെള്ളം കോരി അലക്കാറും കുളിക്കാറും ഒക്കെ ഉണ്ട്. കിണറിന് ഏതാണ്ട് ഇരുനൂറു മീറ്റര്‍ മാറി ഒരു കാവ്. കാവിനടുത്ത്‌ തന്നെ പാഴടഞ്ഞ ഒരു കുളവും. ഇപ്പൊ ഒരു പ്രേതകഥക്ക് വേണ്ട ഒരുവിധം ക്ലീഷേകള്‍ ഒക്കെ ഒത്തു വന്നില്ലേ? അടിപൊളി. അതാണ്‌ !!!

ഏതാണ്ട് ഒരു ആറുമണി കഴിഞ്ഞാ പിന്നെ ഒരുവിധം ആളുകള്‍ ഒന്നും ആ ഭാഗത്തേക്ക് പോകാറില്ല. പ്രത്യേകിച്ച് ആ വീടിന്റെയും കാവിന്റെയും പരിസരത്തേക്ക്. അത് ഞങ്ങളെപ്പോലെ ഉള്ള സദ്ഗുണ സമ്പന്നരും സാമൂഹ്യ സേവന തല്‍പരരും ആയ കുറച്ചു പേര്‍ക്ക് ഒരു അനുഗ്രഹം ആണ്. ചെറുപ്പത്തില്‍ പ്രേതങ്ങളെ പേടി ആയിരുന്നെങ്കിലും വളരുന്നതിനനുസരിച്ച് കന്നംതിരിവുകളും കൂടി വന്നത് കാരണം ഏതേലും പ്രേതം മുന്നീ വന്നു പെട്ടാ തന്നെ ഏതാണ്ട് ഇപ്രകാരം ആയിരിക്കും എന്‍റെ ഡീലിംഗ്സ് .

"ചുണ്ണാമ്പുണ്ടോ ചേട്ടാ? ..... "

" ചുണ്ണാമ്പില്ല. ഹാന്‍സ് മത്യാവോ ച്യാച്ചി? "

" നിന്‍റെ ചോര കുടിച്ചു ഞാനിന്നു നിന്നെ കൊല്ലും "

" വാവ് ഓഷം. ചേച്ചിയും ക്ലാഷ് ഓഫ് ക്ലാന്‍സ് കളിക്കാറുണ്ടല്ലേ? "

" എടൊ തവളപ്രിക്കാടി.. ഞാന്‍ പ്രേതവാടോ ... !!"

" അതെന്തായാലും നന്നായി. ഒരു ചിരീം കൂടെ ചിരിക്കാവോ പ്രേതേച്ചി? "

"ആഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹ "

" പോരാ .. എക്കോ ലേശം കൂടെ വേണം. അല്ല. അറിയാമ്മേലാഞ്ഞിട്ടു ചോയ്ക്കുവാ. അവടെ അങ്ങേ ലോകത്ത് ഈ വെള്ള സാരീം ബ്ലൌസും ഒക്കെ ഹോള്‍സെയില്‍ ആയി വാങ്ങുന്നതാണോ അതോ ഫ്രീ ആയി തരുന്നതാണോ? "

" എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ല്. ദേഷ്യം വന്നാ ഞാന്‍ മഹാ തറയാ .. "

" ആണോ .. സമാധാനമായി. വല്ല നല്ല കുടുമ്മത്തീ പിറന്ന പ്രേതോം ആയിരിക്കൂന്നു കരുതി വെഷമിചിരിക്കുവാര്‍ന്നു. ബൈ ദുബായ് പ്രേതേച്ചി വാട്ട്സപ്പിലുണ്ടോ?"

"ഞാന്‍ എന്‍ഗേജ്ഡാ . സാറ് ചെന്നാട്ടെ ... "

പ്രേതം നല്ല പീസ്‌ ആണേല്‍ ഇതിനേക്കാള്‍ കൊറച്ചു കൂടെ നീളും സംസാരം. ആ. എന്തായാലും ഇച്ചിരി സോമരസം ഉള്ളില്‍ ഉണ്ടേല്‍ സകല പ്രേതോം പുല്ല്... പുല്ലുവില !!

അങ്ങനെ ഈ സംഭവം നടന്ന ദിവസം എത്തി. വൈന്നേരം ആയതോടെ ഞാനും എന്‍റെ ചങ്ങായിമാരും കൂടി സാമൂഹ്യസേവനത്തിനുള്ള ഊര്‍ജ്ജം ലഭിക്കേണ്ടതിലേക്കായി ഒരു ചെറിയ സോമരസസേവനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആ പ്രദേശത്തേക്ക് ആരും വരില്ല എന്നതിനാലും ഒന്നോ രണ്ടോ പാട്ട് പാടിയാലും പണ്ടത്തെ ഉരുള്‍ കപ്പിയില്‍ വെള്ളം കോരുന്ന സൌണ്ടില്‍ വാള് വച്ചാലും ആരും കേള്‍ക്കൂല എന്നതിനാലും ആ വീടിന്‍റെ അടുത്ത് തന്നെ ഒരു ചെറിയ വെളിമ്പ്രദേശം ഞങ്ങള്‍ തിരഞ്ഞെടുത്തു.

കുപ്പിയും അച്ചാറും തൊട്ടുകൂട്ടാന്‍ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും എല്ലാം സെറ്റ് ചെയ്തപ്പോഴാണ് നെഞ്ചു തകര്‍ക്കുന്ന ജാതി ഒരു സത്യം കൂട്ടുകാരില്‍ ഒരുത്തന്‍ ഉണര്‍ത്തിച്ചത്. വെള്ളം ഇല്ല.

ഇക്കാര്യം രണ്ടെണ്ണം അടിച്ചതിനു ശേഷം ആണ് അവന്‍ പറഞ്ഞിരുന്നതെങ്കില്‍ അവനെ അപ്പൊ തന്നെ തല്ലിക്കൊന്നു ഞങ്ങള്‍ മറ്റൊരു പ്രേതം ആക്കിയേനെ. അവന്റെ പ്രേതം അതിലൂടെം ഇതിലൂടെം വെള്ളം തരാവോ ചേട്ടാ എന്നും ചോദിച്ച് തേരാപ്പാരാ നടന്നേനെ. ഒരാളും വെള്ളം പോയിട്ട് മിനറല്‍ വാട്ടര്‍ വരെ കൊടുക്കാതെ ചമ്മിപ്പോയേനെ.

സമയം ഏതാണ്ട് 7 മണി ആയിട്ടുണ്ട്‌. ചെറിയ തോതില്‍ നിലാവുണ്ട്. മറ്റു ബ്ലാങ്കാചികള്‍ ഒക്കെ കുപ്പിയിലേക്ക്‌ തന്നെ നോക്കി കൊതി വിട്ടുകൊണ്ടിരിക്കുകയാണ്., ഒരുത്തനും എണീക്കുന്നില്ല.

"എടേയ് .. എണീക്ക്. വെള്ളം എടുത്തോണ്ട് വരാം .. "

"നീ പോയി എടുത്തോണ്ട് വാ. ഞങ്ങള് ഈ കുപ്പീടെ ചന്തം കണ്ടോണ്ടിരിക്കാം "

അവലക്ഷണം പിടിച്ചതുങ്ങള്. ഇനീപ്പം ഞാന്‍ തന്നെ പോണം

ഞാന്‍ ... ധീരന്‍ .. വീരന്‍ .. വില്ലാളിവീരന്‍ .. വീരമണികണ്ടന്‍ .. സ്വാമിയേ ശരണമയ്യപ്പാ !!!

വലിയ കുപ്പീം എടുത്തോണ്ട് വെള്ളം എടുക്കാന്‍ വേണ്ടി എണീറ്റു. ചുറ്റും നോക്കിയപ്പോ ചെറുതായൊരു വിറയല്‍. പേടിച്ചിട്ടാണോ? ഹേയ് അല്ല. ചെറിയ മഞ്ഞുണ്ട്. അതിന്‍റെ തണുപ്പായിരിക്കും. ആ.. എന്തായാലും പോകുവല്ലേ .. ഒരു ധൈര്യത്തിന് ഇരിക്കട്ടെ രണ്ടെണ്ണം എനും വിചാരിച്ച് മൂന്നെണ്ണം ഒറ്റയിരിപ്പിന് ഡ്രൈ ആയി വിഴുങ്ങി. നേരെ കിണറിന്റെ അടുത്തേക്ക് നടന്നു.

കിണറ്റില്‍ നിന്നും വെള്ളം കൊരിക്കൊണ്ട് നിന്നപ്പോ പിന്നില്‍ ഒരു കരകര ശബ്ദം. വല്ല പ്രേതവും ആയിരിക്കും എന്നും വിചാരിച്ച് ചുമ്മാ ഒന്ന് തിരിഞ്ഞു നോക്കി. ആണ്ടെടാ നിക്കുന്നു കലക്കന്‍ ഒരു പ്രേതം കാവിന്‍റെ മുന്നില്‍. സംഗതി പെണ്ണാണ്. പ്രേതത്തെ കണ്ടപാടെ കയ്യില്‍ ഇരുന്ന ബക്കറ്റും കയറും "ബ്ലക്കെ .. " എന്നൊരു ശബ്ദത്തോടെ അതിന്‍റെ പാട്ടിനു പോയി. മുണ്ടിലൂടെ ധൈര്യം ചോര്‍ത്തിക്കളയുന്ന തിരക്കില്‍ ആയകാരണം ബക്കറ്റിനെ നോക്കി പോടാ പുല്ലേ എന്ന് പറയാന്‍ പറ്റീല.

എന്തായാലും പെണ്ണാണല്ലോ. ഒന്ന് പോയി നോക്കിയാലോ എന്ന് മനസ്സില്‍ കരുതി എങ്കിലും കാലു രണ്ടും ആരോ കോണ്ക്രീറ്റ് ഇട്ട് ഉറപ്പിച്ച പോലെ നിന്ന കാരണം അവിടെ നിന്ന് ആംഗ്യം കാണിക്കാന്‍ മാത്രേ കഴിയുന്നുള്ളൂ. ഒച്ചവച്ച് കൂട്ടാരെ മുഴോനും  അറീക്കണം എന്നുണ്ട്. പക്ഷെ തൊണ്ടയില്‍ നിന്നും  സൌണ്ട് പുറത്തേക്ക് വരണ്ടേ ... എന്‍റെ പ്രിയപ്പെട്ട " നാട്ടാരേ .. കൂട്ടാരേ ... ഓടിവരണേ ,, പ്രേതം .... അയ്യോ... രക്ഷിക്കണേ ... " എന്നിങ്ങനെ ഉള്ള ഗാനശകലങ്ങള്‍ തൊണ്ടയില്‍ തന്നെ ജാമായി കിടന്നു.  തൊണ്ടയില്‍ സൌണ്ട് കുരുങ്ങിയതിന്റെ ഫലമായി എന്റെ ചെറിയ രണ്ടു കണ്ണുകള്‍ പുറത്തേക്ക് തള്ളി. ഇപ്പം കൊട്ടത്തേങ്ങ മുഖത്ത് ഫിറ്റ് ചെയ്ത പോലെ ഒരു ഫീല്‍ ഒക്കെ കിട്ടുന്നുണ്ട്‌.

ഞാന്‍ പ്രേതത്തെ തന്നെ നോക്കി. അവളുടെ മുടിയിഴകള്‍ കരിനാഗങ്ങളെപ്പോലെ നിലാവില്‍ അലവെട്ടി. കുറച്ചു ദൂരെ മാറി നില്‍ക്കുന്ന കാരണം ശരിക്കങ്ങോട്ട് വ്യക്തമല്ല,. ആ രൂപം പതിയെ കാവിനകത്തെക്കു കയറിയതും കാവിന്‍റെ പ്രവേശന ഭാഗത്ത്‌ തന്നെ ഉള്ള ഒരു കല്‍വിളക്ക്‌ പതിയെ കത്തുന്നതും ഞാന്‍ രോമാഞ്ചത്തോടെ നോക്കി നിന്നു. വിളക്ക് തെളിച്ച ശേഷം ആ രൂപം നേരെ കുളക്കടവിലേക്ക് നടന്നു. പതിയെ കല്‍പ്പടികള്‍ ഇറങ്ങി ആ രൂപം കുളത്തിന്‍റെ അഗാധതയിലേക്ക്‌ ഊളിയിട്ടു. ആ ക്ഷണം തന്നെ ഒരു അലറിക്കരച്ചില്‍ ആ തോട്ടത്തെയും ആ വീടിനെയും പിടിച്ചു കുലുക്കി. ഞെട്ടിത്തെറിച്ചു അണ്ടകടാഹം വരെ നടുങ്ങിപ്പോയതോടെ എന്റെ കാലിന്റെ ചലനശേഷി തിരിച്ചു കിട്ടി. കാല്‍ കൊണ്ട് ഒരു കോല്‍ക്കളിയും കൈ കൊണ്ട് ഒരു ഒപ്പനയും സമം ചേര്‍ത്ത് കളിച്ച ശേഷം "ന്റമ്മച്ചിയേ ..... " എന്നുള്ള ഒരു ദര്‍ബാര്‍ രാഗവും പാടി ഞാന്‍ നേരെ നൂറേല്‍ കുടിസ്ഥലത്തേക്ക് പിടിപ്പിച്ചു. ഓടുന്ന ഓട്ടത്തില്‍ ഓട്ടോമാറ്റിക് ആയി എന്‍റെ തല ആ വീടിന്‍റെ മട്ടുപ്പാവിലേക്ക്‌ തിരിഞ്ഞു. അവിടെ അതാ നില്‍ക്കുന്നു ആ പ്രേതേച്ചി !!!!

"ഐ ലബ്യു പ്രേതപ്പെണ്ണേ .... " എന്ന് വിളിച്ചു പറഞ്ഞു പ്രേതത്തെ ട്യൂണ്‍ ചെയ്യണം എന്ന് കരുതി എങ്കിലും " രക്ഷിക്കണേ ... " രാഗം വായില്‍ നിന്നും പോവാത്ത കാരണം അത് നടന്നില്ല. ഓടിയോടി ഒരുവിധം കുടിസ്ഥലത്ത് എത്തിയതും "ഡിം !!!!!!"

ആട് കിടന്നിടത്ത് പൂട പോലും ഇല്ല. കുപ്പിയും ഗ്ലാസും ടചിങ്ങ്സും അവിടവിടെ പരന്നു കിടക്കുന്നു. കൂട്ടുകാര്‍ പോയിട്ട് വീട്ടുകാര്‍ പോലും ആ പരിസരത്ത് എവിടെയും ഇല്ല. കുടിച്ചില്ലെങ്കിലും വേണ്ടില്ല ജീവന്‍ കിട്ടിയാ മതി എന്ന് മനസ്സില്‍ ഓര്‍ത്ത് വീണ്ടും വിത്തൌട്ട്  ദര്‍ബാര്‍ രാഗത്തില്‍ നൂറ്റിപ്പത്തില്‍ പിടിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ ശേഷം ആണ് കാലൊന്നു നിന്നത്.

അന്നത്തെ ആ ഓട്ടം ഒളിമ്പിക്സില്‍ എങ്ങാനും ആയിരുന്നേല്‍ ഉസൈന്‍ ബോള്‍ട്ടിനെ ഒക്കെ പുഷ്പം പോലെ തോല്‍പ്പിച്ച് ഇന്ത്യക്ക് വേണ്ടി ഒരു കിലോ സ്വര്‍ണ മെഡല്‍ ഞാന്‍ മാത്രം കൊണ്ടന്നു കൊടുത്തേനെ.

പിറ്റേന്ന് രാവിലെ തന്നെ എണീറ്റ്‌ അങ്ങാടിയിലേക്ക് നടന്നു. ആണ്ടെ ഇരിക്കുന്നു കൂട്ടാരന്മാര്‍. എല്ലാത്തിനും നല്ല കലക്കന്‍ പനി.

" അല്ല ബ്ലിസ്കാടികളെ .. നിങ്ങള് ഇന്നലെ ഇതെവ്ടെക്കാ പോയത്? "

"നീ വെള്ളം എടുക്കാന്‍ പോയ സമയത്ത് ആ വീട്ടില്‍ നിന്നും ഒരു അലറിക്കരച്ചില്‍ കേട്ട്. ഞങ്ങള്‍ നോക്കിയപ്പോ ആ മട്ടുപ്പാവില്‍ ഒരു സ്ത്രീ രൂപം നിന്ന് കത്തുന്നു. അത് കണ്ടപാടെ ഞങ്ങള് പ്രാണനും വാരിപ്പിടിച്ച്‌ ഓടി .. !!!! നേരം വെളുത്തപ്പഴേക്കും എല്ലാത്തിനും പനി പിടിച്ചു "

" അളിയാ .. ഞാനും കണ്ടെടാ ഒരു സ്ത്രീ രൂപത്തെ കാവിനു മുന്നില്‍ വച്ച് !!!! അതുകണ്ട് പേടിച്ചോടി നിങ്ങടെ അടുത്ത് വന്നപ്പോ നിങ്ങളും ഇല്ല അവ്ടെ ... ഹോ ... !!! പക്ഷെ അതല്ല അളിയാ .. എനിക്ക് മാത്രം എന്താ പനി പിടിക്കാതിരുന്നെ? "

" പനി ഒക്കെ മനുഷ്യര്‍ക്കെ വരൂ.. കാണ്ടാമൃഗങ്ങള്‍ക്ക് വരൂല !!!! "

"ശുഭം!!!"

തെങ്ങിന്‍റെ മണ്ടയില്‍ ഒരു വെക്കേഷന്‍

"ഡീ .. ഒരു ചായ തന്നേ .."

മുറിയിലേക്ക് കേറിക്കൊണ്ട് ഞാന്‍ അടുക്കളയില്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണുമ്പിള്ളയോടായി വിളിച്ചു പറഞ്ഞു. അവളുടെ പടവാള് കൊണ്ടുള്ള വെട്ടേറ്റ് അങ്ങാടിയില്‍ നിന്നും വാങ്ങിച്ചോണ്ട് വന്ന കോഴി തുണ്ടം തുണ്ടമായി അടുക്കളയിലെ സിങ്കിലൂടെയും വര്‍ക്കേരിയയിലൂടെയും പൂത്തിരി കത്തിച്ച പോലെ ചിതറി തെറിക്കുന്നുണ്ടായിരുന്നു.

പൂത്തിരിക്കിടയിലൂടെ അവള് ഉണ്ടക്കണ്ണ് ഉരുട്ടി ഒരു നോട്ടം നോക്കി. ഏതാണ്ട് ഒരു വല്യ താറാമൊട്ട പോലെ ഉണ്ടാര്‍ന്നു അവള്‍ടെ അപ്പഴത്തെ കണ്ണിന്‍റെ ഷെയ്പ്പ്. എങ്ങനെ ഉരുട്ടാതിരിക്കും? ഇന്ന് രാവിലെ എത്തിയ എന്നോട് ഒന്ന് മിണ്ടാന്‍ കൂടി അവള്‍ക്കു പറ്റിയിട്ടില്ല. തിക്കും പൊക്കും നോക്കി എങ്ങനേലും ഒന്ന് അടുത്ത് വരുമ്പഴേക്കും മോള് "അച്ഛാ..." എന്നും വിളിച്ച് എവിടന്നേലും ചാടി വീണിട്ടുണ്ടാകും.

പൂവന്‍ കോഴി പിടക്കോഴിയുടെ പിന്നാലെ കുറുകിക്കൊണ്ട്‌ നടക്കുന്ന പോലെ കൊറേ നടന്നു നോക്കി. ലീവിന് വന്ന ഞാന്‍ എന്ന മഹാ പ്രസ്ഥാനത്തെ വേണ്ടവിധം സന്തോഷിപ്പിക്കുന്നതിലേക്കായി അടുക്കളയില്‍ സ്റ്റാര്‍ ഹോട്ടലിലെ മെനു പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അയലോക്കത്തെ മാധവിച്ചേച്ചിയും കമലേടത്തിയും അടുക്കളയില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കുന്നത് കാരണം വല്ലാതെ അടുത്ത് ചെല്ലാനും ഒരു മടി

ഇടക്കൊക്കെ " മമ്മീ.. പൂമുഖത്തേക്ക്‌ രണ്ടു ബ്ലാക്ക് ടീയേ .." എന്നുള്ള സുരാജിന്റെ പ്രശസ്തമായ ഡയലോഗ് അതേപടി ഈണത്തില്‍ ചൊല്ലി അടുക്കളയിലൂടെ റൌണ്ട് അടിച്ചെങ്കിലും പെണ്‍പടയുടെ ഇരുത്തിയുള്ള ഒരു നോട്ടവും അമര്‍ത്തിയുള്ള മൂളലും ഇനിയും കേക്കാന്‍ വയ്യ എന്ന് കരുതി പിന്നെ അങ്ങോട്ട്‌ കേറിയില്ല. വീണ്ടും കേറിയാല്‍ അമ്മ കൊരണ്ടിപ്പലക വച്ച് വീക്കും എന്നുള്ള പേടിയും ചെറുതോതില്‍ ഉണ്ടായിരുന്നു

അതിനു കാരണം ഉണ്ട്. എന്റെ കറക്കം കണ്ട് അമ്മ ചോദിക്കേം ചെയ്ത്

" നീയെന്താടാ പൂച്ച മീന്‍ നോക്കുന്ന പോലെ നോക്കി നടക്കുന്നെ? . "

ചോദ്യത്തിന് പിന്നാലെ മാലപ്പടക്കം പൊട്ടുന്ന പോലെ ഉള്ള പെണ്‍പടയുടെ ചിരിയും കൂടെ ആയപ്പോ പൂര്‍ത്തിയായി. ആള്‍ക്കൂട്ടത്തില്‍ വച്ച് മുണ്ടില്‍ മുള്ളിയ പോലെ ആയ ഞാന്‍ പതിയെ സ്കൂട്ടായി. അല്ലെങ്കില്‍ തന്നെ ഇതുങ്ങള്‍ക്കൊക്കെ അറിയാവോ ഒരു കൊല്ലം കഴിഞ്ഞു ലീവിന് വരുന്ന ഒരു പ്രവാസിയുടെ വിരഹവേദന !!!

ഇടക്കെപ്പഴോ അവള് അടുക്കളയില്‍ നിന്നും പരോള്‍ കിട്ടി പുറത്തിറങ്ങിയ തക്കത്തിന് ഞാന്‍ കുറുക്കന്‍ കോഴിയെ പിടിക്കുന്ന പോലെ ഒരൊറ്റ പിടി പിടിച്ച് അഞ്ചാറ് ഉമ്മ അങ്ങ് വച്ചുകൊടുത്തു.

" അമ്മേ .. ദേ മാമന്‍ അമ്മായീനെ ഉമ്മ വെക്കുന്നു ..............!!!!!!!!!!!"

ന്‍റെ പെങ്ങടെ മോന്‍. ഏതൊക്കെ രീതീല്‍ മാമനിട്ട് പണി കൊടുക്കാം എന്ന് ഗവേഷണം നടത്തുവാണെന്ന് തോന്നും അവന്‍റെ ചെല നേരത്തെ കുരുത്തക്കേടുകള്‍ കണ്ടാല്‍.  അവന്റെ അലര്‍ച്ചയില്‍ വീട് കുലുങ്ങി.  അടുക്കളയില്‍ ഇരുന്ന പാത്രങ്ങള്‍ കുലുങ്ങി. അപ്പ്രത്ത്‌ മുറുക്കാന്‍ ഇടിച്ചോണ്ടിരുന്ന മുണ്ടിയമ്മ വരെ രണ്ടു കുലുക്കം കുലുങ്ങി.

അടുക്കളേലെ പെണ്ണുങ്ങള്‍ അമര്‍ത്തി ചിരിക്കുന്നു. പെണ്ണുമ്പിള്ളയുടെ മുഖം ആണേല്‍ ഉത്സവപ്പറമ്പില്‍ വീര്‍പ്പിച്ചു വച്ചിരിക്കുന്ന മത്തങ്ങാ ബലൂണ്‍ പോലെ വീര്‍ത്ത് ഇരിക്കുന്നു. ആ മോന്തക്കിട്ട്‌ ഒരൊറ്റ കുത്തു വച്ച് കൊടുക്കാനും മോന്ത പൊട്ടി കാറ്റ് ശൂ എന്ന ഒച്ചയില്‍ പോകുന്നത് കേള്‍ക്കുമ്പോ കൈകൊട്ടിച്ചിരിച്ചു അവളുടെ കയ്യീന്ന് ആറാം വാരിക്കിട്ടു കുത്തു കിട്ടി മിണ്ടാതെ കട്ടിലേല്‍ പോയി കെടക്കാനും ഒരു ആഗ്രഹം ഉണ്ടായെങ്കിലും പ്രവാസിയുടെ ഇഹ് ഇഹ് ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു.

" ഓള് പേറ് നിര്‍ത്തീട്ടൊന്നും ഇല്ലല്ലോ? " പെങ്ങളെപ്പറ്റി ഞാന്‍ പെണ്ണുമ്പിള്ളയോട് ചോയ്ച്ചു

" ഇല്ല. ന്തേ? "

"ഒന്നൂല്ല. ചെക്കന്‍റെ കണ്ണില്‍ കൊഴിയെക്കൊണ്ട് കൊത്തിച്ചു ആ മുറിവില്‍ കാ‍ന്താരി അരച്ച് പിടിപ്പിച്ച് തോട്ടില്‍ കൂടെ ഒഴുക്കി വിട്ടാലോ എന്നാ ഞാന്‍ ആലോചിക്കുന്നെ"

"വേണ്ടാതീനം ഒന്നും പറയണ്ട. ഞാനെങ്ങനെ അടുക്കളയിലേക്കു പോകും? ആലോചിക്കുമ്പോ തൊലി ഉരിയുന്നു"

"പിന്നേ.. നാട്ടീ നടക്കാത്ത സംഗതി അല്ലേ ..നീ ധൈര്യമായിട്ട് പോടീ ." എനിക്കില്ലാത്ത ധൈര്യം ഞാനവള്‍ക്ക് ആവശ്യത്തിനു മിച്ചം വാരിക്കോരി കൊടുത്തു. അവളാ ധൈര്യവും കൊണ്ട് അടുക്കളയിലേക്കു പോയി. അടുക്കളയില്‍ നിന്നും ഹമ്മിംഗ് ആയി "ഉം .... ഉം ...." എന്നുള്ള മൂളല്‍ കേള്‍ക്കുന്നുണ്ടായിരുന്നു

എന്തായാലും ഒരു കൊല്ലം കാത്തിരുന്നില്ലേ. കൊറച്ചു നേരം കൂടെ കാത്തിരിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് കൂനിന്മേല്‍ കുരു പോലെ കൃഷ്ണന്‍ നായരുടെ വരവ്

കൃഷ്ണന്‍ നായര്‍ ഈസ് എ മഹാന്‍ ഓഫ് മൈ നാട്. ഏഷണി കൂട്ടുക, കല്യാണം മുടക്കുക, നാട്ടിലെ പെണ്‍കുട്ടികളെപ്പറ്റിയും ആണ്‍കുട്ടികളെപ്പറ്റിയും ചുമ്മാ അവരാതം പറഞ്ഞുണ്ടാക്കുക എന്നിത്യാദി ഒരാള്‍ക്കും ഒരു തരത്തിലും ഉപദ്രവം ഉണ്ടാക്കാത്ത ജാതി പണികള്‍ ചെയ്യുക എന്നുള്ളതാണ് ടിയാന്‍റെ മുഖ്യ തൊഴില്‍.

മനസ്സറിഞ്ഞു പണിയെടുക്കുന്നതിനു ഇടക്കൊക്കെ നാട്ടാര് നല്ല കനത്തില്‍ തന്നെ കൂലി കൊടുക്കാറും ഉണ്ട്. ഈ അടുത്ത് എവിടന്നോ നല്ല രീതിയില്‍ കൂലി കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. മൂപ്പര് അത്യാവശ്യം ഒന്ന് ചീര്‍ത്തിട്ടുണ്ട്. നീര് വച്ചതായിരിക്കും.

പിന്നെ മൂപ്പരെപ്പറ്റി പ്രചാരത്തില്‍ ഉള്ള ഒരു ഇതിഹാസം എന്താന്നു വച്ചാല്‍; അങ്ങേരു ഒരിക്കെ ചെരുപ്പ് വാങ്ങാന്‍ വേണ്ടി കടേല്‍ കേറി. രണ്ടുമൂന്നു മണിക്കൂര്‍ നേരത്തെ തിരച്ചിലുകള്‍ക്ക് ചെഷം ഒരുജോഡി ചെരുപ്പ് അങ്ങേരു കണ്ടെടുത്തു.

"കാക്കേ.. ഇതിനെന്താ വില?"

"മുന്നൂറ് രൂപ. അല്ല ചേട്ടാ. അത് രണ്ടും രണ്ടു സൈസാ. ചേട്ടന്റെ സൈസ് എത്രയാ? "

"ഫാ നാറീ. നെനക്കെന്റെ സൈസ് അറിയണോ? ഞാനെന്‍റെ പെണ്ണുമ്പിള്ളക്ക് പോലും ... "

"ചേട്ടാ അതല്ല. ചെരിപ്പിന്റെ സൈസ്. "

ബ്ലിങ്കസ്യാ എന്നൊരു ഭാവത്തോടെ നായര് ചെരിപ്പ് കാലില്‍ ഇട്ടു നോക്കി. എട്ടിഞ്ചിന്റെ ഒരെണ്ണം കറക്റ്റ് ആയി കാലേല്‍ ഇരിക്കുന്നു. അടുത്തത് ലേശം പിന്നിലേക്ക്‌ തൂമ്പയുടെ അഗ്രം പോലെ തള്ളി നിക്കുന്നു. പത്തിഞ്ചിന്റെ ചെരുപ്പ് ആണ്.

" ഇതിനെന്നാ വില? " ചെറുത് ചൂണ്ടിക്കാണിച്ചു കൊണ്ട് നായര് ആസ്ക് ടു കടക്കാരന്‍

" രണ്ടിനും ഒരേ വെലയാ. മുന്നൂറ് രൂവ"

"എന്നാപ്പിന്നെ വലുത് തന്നേക്ക്‌. എന്തായാലും പൈസ മൊടക്കുന്നതല്ലേ. വലുതന്നെ ആയിക്കോട്ടെ "

അങ്ങനെ കടക്കാരനെ പറ്റിച്ച സന്തോഷത്തില്‍ നായര് വലിയ ചെരിപ്പും ഇട്ടോണ്ട് ഇറങ്ങിപ്പോയി.

ആ നായര് ആണ് ഇപ്പൊ മുറ്റത്ത് വയനാടന്‍ ചുരത്തില്‍ കുരങ്ങന്‍മാര്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും വല്ല പഴവും കിട്ടുവോ എന്ന് നോക്കുമ്പോലെ നോക്കി നിക്കുന്നത്. ഇനി ഇത് എന്ത് മാരണം ആണാവോ

"നായരേ .. എന്തൊക്കെ ഒണ്ട് വിശേഷം? " ഇയാളിതുവരെ ചത്തില്ലേ എന്ന് മനസ്സില്‍ കരുതി എങ്കിലും ചുമ്മാ ഇല്ലാത്ത ഒരു ചിരി എവിടന്നൊക്കെയോ കടം വാങ്ങി മുഖത്ത് വച്ചുപിടിപ്പിച്ച് ഞാന്‍ ഒരു കുശലം ചോദിച്ചു

" ഓ നെനക്ക് നമ്മളെ ഒക്കെ ഓര്‍മ്മ ഒണ്ടോ? .. നീയൊക്കെ വല്യ ഗള്‍ഫുകാരന്‍ ആയിപ്പോയി "

തന്‍റെ കുടുമ്മത്തൂന്നു സ്ത്രീധനം കിട്ടിയ പൈസ കൊണ്ടാണോഡോ പന്ന കെളവാ ഞാന്‍ ഗള്‍ഫുകാരന്‍ ആയേ? എന്ന ചോദ്യം അടിവയറ്റില്‍ നിന്നും ഹൈ സ്പീഡ് ജെറ്റില്‍ കയറി ഭൂമധ്യരേഖയില്‍ നിന്നും അക്ഷാംശം രേഖാംശം കയറി ചുണ്ട് വരെ എത്തി സഡന്‍ ബ്രേക്കിട്ടു നിന്നു. അതുവരെ പഠിച്ചതില്‍ നിന്നും സെലക്റ്റ് ചെയ്ത് അഞ്ചാറു തെറി പുറത്തേക്ക് പ്രക്ഷേപണം ചെയ്യണം എന്ന് കരുതി എങ്കിലും പ്രവാസിയുടെ ഇഹ് ഇഹ് ആലോചിച്ചപ്പോ പിന്നേം ഒരു ദീര്‍ഘ നിശ്വാസത്തില്‍ മറുപടി ഒതുക്കി.

" വന്ന സന്തോഷത്തിന് ഒരു നൂറു രൂവ താടാ. ഇച്ചിരെ പൊകല വാങ്ങട്ടെ"

സന്തോഷം ആര്‍ക്കാണോ ആവോ. ഞാനെന്തായാലും ഭയങ്കര സന്തോഷത്തില്‍ നില്‍ക്കുവാണ്. വന്നു കേറിയപ്പോ മൊതല് അങ്ങനത്തെ കാര്യപരിപാടികള്‍ ആണല്ലോ നടക്കുന്നെ. എന്നാലും നൂറു രൂവക്കൊക്കെ വാങ്ങുന്ന പൊകല ഇയാളിത് എത്ര കൊല്ലം കൊണ്ട് ചവച്ചു തീര്‍ക്കും?

എന്തായാലും മാരണം ഒഴിയട്ടെ എന്ന് കരുതി അപ്പത്തന്നെ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്ത് കൊടുത്തു. അതുവാങ്ങി മുണ്ടിന്റെ കോന്തലക്കല്‍ എവിടെയോ പൂഴ്ത്തി വച്ച് അങ്ങേര് എന്റടുത്തേക്ക് വന്നു ഒരു സ്വകാര്യം പറഞ്ഞു

" കുന്നേക്കാവില്‍ കൊറച്ചു ചെന്തെങ്ങ് പാട്ടത്തിനു കൊടുക്കുന്നുണ്ട്. വേണേല്‍ ഒന്ന് പോയി നോക്കാം. ചുളു വെലക്ക് കിട്ടും. ലീവ് തീരുന്ന വരെ വട്ടച്ചെലവിനുള്ള പൈസ ആകും "

ആലോചിച്ചു നോക്കിയപ്പോ സംഗതി ശരിയാണ്. കൊറച്ചു ചില്ലറ കൊടുത്താല്‍ അതിങ്ങ്‌ കയ്യില്‍ ഇരിക്കും. ചെന്തെങ്ങിന്‍റെ കരിക്കിന് നല്ല വെല കിട്ടും. എന്തായാലും ഒന്ന് പോയി നോക്കാം.

അടുക്കളയിലേക്ക് ഒരു ചെറിയ പ്രതീക്ഷയോടെ ഒന്ന് പാളി നോക്കിയ ശേഷം ഇറങ്ങി. ബൈക്കിന്‍റെ പിറകില്‍ വവ്വാല് പറ്റിപ്പിടിച്ച് ഇരിക്കുന്ന പോലെ ഇരുന്ന നായരെയും കൂട്ടി കുന്നേക്കാവിലേക്ക് വിട്ടു. തോട്ടത്തിലേക്ക് കേറി. അവിടവിടെ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങുകളില്‍ തേങ്ങകള്‍, മാങ്ങകള്‍, ചക്കകള്‍ !!!

"കായഫലം കൊറവാണല്ലോ നായരേ ... ഇത്രേം പൈസക്കുള്ള സാധനം ഒന്നും ഇല്ല."

" ഇജ്ജൊന്ന് കേറി നോക്ക്. ഇവിടന്നു നോക്കുന്ന കൊണ്ടാ. നല്ല അസ്സല് കരിക്കാ."

പൈസ കൊടുത്ത് എടുക്കേണ്ടതല്ലേ. എന്തായാലും ഒന്ന് കേറി നോക്കാം.

അവിടെ കെടന്ന ഒരു ചെറിയ വാഴയുടെ ചപ്പ് ചുരുട്ടി തളപ്പ് ആക്കി കാലേല്‍ ഇട്ട് തെങ്ങില്‍ വലിഞ്ഞു കേറി. കേറി മണ്ടയില്‍ എത്താറായപ്പോ ആണ് തലക്കകത്ത് ആരോ തോണ്ടിയത്. അല്ല. ഞാനെന്തിനാ ഇപ്പൊ തെങ്ങേല്‍ കേറിയേ? അതും ആരാന്‍റെ പറമ്പിലെ തെങ്ങില്‍ ... !!! പന്നപ്പട്ടിനായര് പണി തന്നതാണോ?

എനിക്ക് ആലോചിച്ചു മുഴുവനാക്കാന്‍ സമയം കിട്ടുന്നതിനു മുന്നേ അപ്പുറത്ത് നിന്നും " ആരെടാ തെങ്ങേല്‍ കേറുന്നെ !!!! " എന്നുള്ള അലര്‍ച്ചയ്ക്ക് പിന്നാലെ ആരോ ഓടി വരുന്ന ശബ്ദവും കേട്ടു

ആ അലര്‍ച്ചയില്‍ എന്‍റെ സകല ഗ്യാസും പ്സ്സ് എന്ന ശബ്ദത്തോടെ ഔട്ട്‌ ആവുകയും ഞാന്‍ പ്രരര്ര്ര്ര്ര്ര്ര്‍ എന്നുള്ള ശബ്ദഘോഷത്തോടെ തെങ്ങില്‍ നിന്നും താഴേക്ക്‌ ഊര്‍ന്നിറങ്ങുകയും ചെയ്തു. ഓട്ടത്തിനിടയില്‍ നായരെ നോക്കി എങ്കിലും ഞാന്‍ തെങ്ങിന്റെ മണ്ടയില്‍ എത്തിയ സമയത്ത് തന്നെ അവിടന്ന് സ്കൂട്ടായി അങ്ങാടിയിലെ ചായക്കടയില്‍ ഇരുന്ന് കാലിച്ചായ കുടിച്ചു കൊണ്ടിരുന്ന നായരെ അവടെ എങ്ങനെ കാണാന്‍. ബൈക്ക് സ്റ്റാര്‍ട്ട് ആക്കി നൂറെ നൂറ്റിപ്പത്തില്‍ പാഞ്ഞു വീട്ടില്‍ എത്തി. വിയര്‍ത്തു കുളിച്ച് കിതച്ചു കേറിവന്ന എന്നെ കണ്ടപ്പഴേ സകല എണ്ണവും കോലായില്‍ ഹാജര്‍.

"നീയിതെവിടന്നാടാ ഈ കോലത്തില്‍ വരുന്നേ? "

" ഒന്ന് തെങ്ങേല്‍ കേറിയതാ .. "

"നീയെന്തിനാ ഇപ്പൊ തെങ്ങേല്‍ കേറാന്‍ പോയെ?"

" അത് .. പിന്നെ .. നായര് ... " വിശദീകരിച്ചു പറയണം എന്നുണ്ടായിരുന്നെങ്കിലും കിതപ്പ് കാരണം വാക്കുകള്‍ തൊണ്ടയില്‍ ജാമായി കിടന്നു

ഞാന്‍ അകത്തേക്ക് പോകുന്ന സമയത്ത് അമ്മ പെണ്ണുമ്പിള്ളയോട് പറയുന്നുണ്ടായിരുന്നു

" അടുക്കളയിലെ പണി ഒക്കെ ഞങ്ങള് തീര്‍ത്തോളാം. നീ അവന്‍റെ അടുത്തോട്ടു ചെല്ല്. ഇല്ലേല്‍ അവന്‍ ഇനി വല്ല പനയിലും പോയി കേറും !!!"


മംഗളം വാരികയിൽ പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു.

വേണേൽ ചുമ്മാ കേറി നോക്കിക്കോ
http://www.mangalamvarika.com/index.php/en/home/index/383/32

ബര്‍മ്മീസ് ഡയറി

കമ്പക്കെട്ടിനു തീ പിടിച്ചത് പോലെ ഉള്ള അവളുടെ സംസാരം കേട്ടപ്പോള്‍ ബെരിഗാ സഗരകിതക്ക് ഓര്‍മ്മ വന്നത് ബര്‍മ്മീസ് പഗോഡകളില്‍ തനക്കാ ലേപനം തേച്ചു മുഖകാന്തി വരുത്തി പിറ്റേ ദിവസത്തെ അന്നം മുടങ്ങാതിരിക്കാന്‍ വേണ്ടി കാമം കത്തുന്ന കണ്ണുകളെ പ്രലോഭനപരമായ അംഗവിക്ഷേപങ്ങളോടെയും നഗ്നമേനിയുടെ വര്‍ണ്ണനകളോടെയും വിളിച്ചു വരുത്തുന്ന പിയി താന്‍സറുകളെ ആണ്. പരുക്കന്‍ പ്രതലത്തില്‍ ചന്തിയിട്ടു നിരങ്ങിയതിന്റെ പരിണത ഫലമായി കണ്ണട വച്ച പോലെ ഉള്ള പിന്‍ഭാഗങ്ങളോട് കൂടിയ ചെളിപുരണ്ട ട്രൌസര്‍ ഇട്ട് അനുസ്യൂതം ഉരുകി ഒളിക്കുന്ന മൂക്കളയെ പുറം കൈകൊണ്ടു നിഷ്കരുണം തുടച്ചു മാറ്റിയും ബാക്കി വന്ന അവശിഷ്ടം പാമ്പ്‌ ചീറ്റുന്ന പോലെ ഉള്ള ശബ്ദ ശകലങ്ങളോടെ നാസാദ്വാരങ്ങളിലേക്ക് വീണ്ടും വലിച്ചു കയറ്റി പരസ്പരം കര്‍ണ്ണപടം ലജ്ജിക്കുന്ന വിധത്തില്‍ തെറി വിളിച്ചു നടക്കുന്ന സിംഹളീസ് പിറുങ്ങാണി പിള്ളേരുടെ ഇടയിലൂടെ അവള്‍ ആരെയൊക്കെയോ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് നടക്കുകയാണ്.

അംഗൂര്‍ ലാച്ച ധരിച്ച അവളുടെ നിതംബം തുള്ളിത്തുളുമ്പുന്ന കാഴ്ച കണ്ടപ്പോള്‍ അവളെ ആ ചന്തയില്‍ ഇട്ടുതന്നെ ബലമായി കടന്നുപിടിച്ച് നിഷ്കരുണം അവളുടെ അധരങ്ങള്‍ കടിച്ചു പറിക്കാനും അനന്തരം അത്രയും അഭയാര്‍ഥികളുടെ മുന്‍പില്‍ വച്ച് തന്നെ അവളെ വസ്ത്രാക്ഷേപം ചെയ്തു മൃഗീയമായി ഭോഗിക്കാനും ബെരിഗാ സഗരകിതക്ക് അദമ്യമായ ആഗ്രഹം ഉണ്ടായി. അന്തരാളങ്ങളില്‍ ഉടലെടുത്ത കാമത്തെ അണുവിടപോലും കളയാതെ തന്‍റെ കാലുകളെ അവളുടെ പിറകെ തന്നെ അയാള്‍ അമര്‍ത്തി നീക്കി.

ബര്‍മ്മയില്‍ നിന്നും ആട്ടിപ്പയിക്കപ്പെട്ട അസംഘ്യം ജനങ്ങള്‍ തമ്പടിച്ചു കൂടിയ ആന്തമാനിലെ ആ ആളും പാളും നിറഞ്ഞ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നില്‍ അയാളും ഒരു അന്തേവാസിയായിട്ട് ഇന്നേക്ക് മൂന്നുനാള്‍ പിന്നിട്ടു. റംഗൂണില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടു കൂടി പലായനം ചെയ്ത സിംഹളീസ് പെണ്ണുങ്ങളെ പിന്തുടരാൻ അയാൾ ആലോചിച്ചു എങ്കിലും ഇത്രയും കാലം ഉണ്ടാക്കിയിട്ട സ്വത്തുവഹകൾ അന്യാധീനപ്പെട്ടു പോവും എന്നുള്ള ആധി വീണ്ടും വീണ്ടും അയാളെ ആ ചെറിയ പഗോഡയിൽ നിർത്തി. സായന്തനങ്ങളില്‍ ബീഡാസുപാരിയുടെ ഗന്ധം പരത്തി പണ്ടെങ്ങോ കേട്ടുമറന്ന പഴയ മറാഠി ഗാനങ്ങള്‍ ചവച്ചു തുപ്പി വരുന്ന "മിയാത്ത് നോയ്" യോടുള്ള അടങ്ങാത്ത അഭിനിവേശവും അയാളെ അവിടെത്തന്നെ തളച്ചിട്ടു. മലയാളികളും തമിഴരും സിലോണികളും തിങ്ങിപ്പാര്‍ത്തിരുന്ന ആ തെരുവ് രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് തന്നെ ഏതാണ്ട് പൂര്‍ണമായും ശൂന്യമായത് ഒരുതരത്തില്‍ അയാള്‍ക്ക്‌ ജനിപ്പിച്ച സന്തോഷം പോപ്പ പര്‍വ്വതത്തിന്‍റെ ഉയരത്തിനും മുകളില്‍ ആയിരുന്നു.

ജാഫ്നയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ബെരിഗാ സഗരകിത എന്ന അയാള്‍ തെരുവിലെ തെരുവ് ആയി മാറിയത് അയാളില്‍ ജനനം തൊട്ടേ തൊട്ടു തീണ്ടിയിരുന്ന വെകിടന്‍ സ്വഭാവത്തിലൂടെ ആയിരുന്നു. കളവും വ്യഭിചാരവും മുഖ്യ വിനോദം ആയി കൊണ്ടുനടന്നിരുന്ന തെന്മറച്ചി എന്ന ആ ഗ്രാമത്തിലെ കുട്ടി റൌഡികളുടെ കൂടെ കൂടിയ അയാള്‍ക്ക്‌ അവര്‍ വിളിച്ചിരുന്ന ചെല്ലപ്പേരായ " ബെരിഗാ രാജ " എന്നുള്ള പേര് അയാള്‍ ഒരുപാട് ആസ്വദിക്കുകയും ആ പ്രദേശത്ത് മുഴുവന്‍ ആ പേരില്‍ അറിയപ്പെടാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. വീട്ടുകാരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന അയാളുടെ ജീവിതം കയറുപൊട്ടിയ വഞ്ചി പോലെ ഒഴുക്കിനനുസരിച്ച് നീങ്ങിക്കൊണ്ടേയിരുന്നു. സായന്തനങ്ങളില്‍ പരസ്പരം പറയാറുള്ള സാങ്കല്‍പ്പിക രതി കഥകളിലൂടെ അയാള്‍ പോലും അറിയാതെ അയാള്‍ ആ കൂട്ടത്തിലെ ഏറ്റവും വലിയ പിഴച്ചവനായി മാറി.

കൌമാരത്തിന്റെ ആരംഭദശയില്‍ തന്നെ അയാളുടെ മനസ്സിലെ അഗ്നിയായി ജ്വലിച്ചു നിന്നിരുന്ന ചാതുരി കുമാരതുംഗയെ അവളുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അയാളും സംഘവും കൂട്ടബലാല്‍സംഗം ചെയ്തതിന്‍റെ പ്രതികാരമായി ആ ഗ്രാമീണര്‍ സംഘടിക്കുകയും ആ കൂട്ടത്തിലെ അയാള്‍ ഒഴികെ ഉള്ള ആളുകളെ കല്ലെറിഞ്ഞു കൊന്നുകളയുകയും ചെയ്തു. ഗ്രാമീണര്‍ സംഘടിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞ അയാള്‍ ഒരാളോട് പോലും പറയാതെ രായ്ക്കുരാമാനം റംഗൂണിലേക്ക് കടന്നു.

രതിവിയര്‍പ്പില്‍ പുതഞ്ഞു കിടക്കുന്ന മിയാത്ത് നോയിയുടെ മാറിടങ്ങളില്‍ പതിയെ കടിച്ചു രസിക്കുമ്പോഴാണ് വാതില്‍ ഇടിഞ്ഞു പൊളിഞ്ഞു വീണത്. "ജീവന്‍ വേണമെങ്കില്‍ ഓടിപ്പോടാ സിലോണി പട്ടീ .." എന്ന അലര്‍ച്ചയുടെ പിറകെ ചെവി തുളയുന്ന തെറിവിളി കൂടെ അകമ്പടിയായി എത്തി. കലാപകാരികളുടെ ആയുധങ്ങള്‍ക്ക് മുന്നില്‍ നിന്നും ഉടുതുണി വാരിവലിച്ചു ചുറ്റി; മുറുക്കാന്‍ തുപ്പലും അന്തരീക്ഷത്തിലെ പൊടിയും ഏറ്റു നിറം മങ്ങി ഓറഞ്ചു നിറത്തില്‍ രൂപാന്തരം പ്രാപിച്ച പണ്ടെങ്ങോ വെള്ള നിറത്തില്‍ ജ്വലിച്ചു നിന്നിരുന്ന ജനലിന്റെ പാളി ചവിട്ടിത്തെറിപ്പിച്ച് അയാള്‍ വിളറിപിടിച്ച് ഓടി. പിറകില്‍ മിയാത്ത് നോയിയുടെ ദേഹത്ത് അമരുന്ന കലാപങ്ങളുടെ സീല്‍ക്കാരങ്ങളും മിയാത്ത് നോയിയുടെ അമര്‍ത്തിയ നിലവിളികളും അയാളെ പിന്തുടര്‍ന്നെത്തി.

റംഗൂണില്‍ നിന്നും സല്‍വീനില്‍ നിന്നും പിന്നെ മറ്റനേകം സ്ഥലങ്ങളില്‍ നിന്നും ഉള്ള ജനങ്ങള്‍ പലായനം ചെയ്ത കൂട്ടത്തില്‍ അയാളും ഉണ്ടായിരുന്നു. ആന്തമാനിലെ ആ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നില്‍ അയാളുടെ വിയര്‍പ്പു പതിഞ്ഞ മുഷിഞ്ഞ പുല്ലുപായയും വിശ്രമിക്കാന്‍ തുടങ്ങി. ആയുധങ്ങള്‍ക്ക് മുന്നില്‍ നിന്നും ഭോഗാസക്തി മാറുന്നതിനു മുന്നേ പിടഞ്ഞു മാറേണ്ടി വന്ന വ്യഥ കുറച്ചു നാളുകള്‍ക്കു ശേഷം അയാളില്‍ വീണ്ടും ആ സിംഹള പെണ്‍കൊടിയെ കണ്ടപാടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു.

അവളുടെ കാല്‍പാദങ്ങള്‍ക്ക് മീതെ ആസക്തിയോടെ തന്റെ കാലടികള്‍ വേഗത്തില്‍ വച്ച് നടന്ന അയാളുടെ കണ്ണിനു മുന്നില്‍ നിന്നും അവള്‍ ഒരു ഇടവഴിയിലേക്ക് തെന്നിമാറി. ആ പ്രദേശങ്ങളില്‍ ഉള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും അത്ര വേഗം നോട്ടം എത്താത്ത നിലയില്‍ ആയിരുന്നു ആ ഇടവഴി. ആ ഇടവഴിയിലൂടെ ഏതോ വിരഹഗാനം പാടി ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ പിന്നിയിട്ട തലമുടിയില്‍ തെരുപ്പിടിച്ചുകൊണ്ട് നടന്നിരുന്ന അവളെ കണ്ടപാടെ അയാളുടെ കാലുകള്‍ക്ക് സിംഹവീര്യം കൈവന്നു. ആ പേടമാനിനെ സിംഹം തുരത്തുകയും ഇടവഴിയുടെ ഒരു ഇരുണ്ട കോണില്‍ വച്ച് കീഴ്പ്പെടുത്തുകയും ചെയ്തു.

അവളിലെ സിംഹള വീര്യത്തിനു മുന്നില്‍ അയാളുടെ ഭോഗാസക്തി കൂടിക്കൂടി വന്നു. കുചദ്വയങ്ങളെ മര്‍ദ്ദിച്ചു അവളിലേക്ക്‌ ആഴ്ന്നിറങ്ങാന്‍ ഉള്ള അയാളുടെ ത്വരയുടെ മൂര്ദ്ധന്യാവസ്തയില്‍ തലയ്ക്കു പിറകില്‍ ഉള്ള അതിശക്തമായ ഒരടിയേറ്റ് അയാള്‍ നിലംപരിശായി.

" അമ്മേ .. " എന്നുള്ള ഒരു നിലവിളിയോടെ അവള്‍ ആ സ്ത്രീരൂപത്തിനു പിറകിലേക്ക് മാറി. കയ്യില്‍ എവിടെനിന്നോ കയ്യിലെടുത്ത അലകുകഷണവുമായി രൌദ്രഭാവത്തില്‍ നില്‍ക്കുന്ന ആ സ്ത്രീരൂപത്തിലേക്ക് അയാള്‍ അവിശ്വസനീയതയോടെ നോക്കി. പിളര്‍ന്ന തലയോട്ടിയുടെ വേദനയിലും അധികമായി അയാളുടെ വായില്‍ മുലപ്പാലിന്റെ മാധുര്യം കിനിഞ്ഞു.

" അമ്മ " എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അയാളുടെ ബോധമനസ്സ് ഇരുളുകയും കണ്‍പോളകള്‍ മിഴിഞ്ഞുപോവുകയും ചെയ്തു. അബോധമനസ്സില്‍ എവിടെയോ ഒരു താരാട്ടുപാട്ടിന്റെ ഈണവും "അമ്മേ .. " എന്നുള്ള കൊഞ്ചലിന്റെ ശീലുകളും അയാള്‍ കേട്ടു. മകളെയും ചേര്‍ത്തുപിടിച്ച് തിരിഞ്ഞു നടക്കുന്ന അയാളുടെയും കൂടി അമ്മ ആയ ആ സ്ത്രീയുടെ പദവിന്യാസം അകന്നുപോകുന്ന ശബ്ദത്തിനു കാതോര്‍ത്ത് അയാളുടെ ആത്മാവ് അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു.

കല്ലടപ്പാടത്തെ നക്ഷത്ര ആമ

കന്നംതിരിവുകളും കുരുത്തക്കേടുകളും തല്ലുകൊള്ളിത്തരങ്ങളും യഥേഷ്ടം ഒപ്പിച്ചു നടന്നിരുന്ന കാലം. അന്ന് ഏതാണ്ട് പതിനൊന്നോ പന്ത്രണ്ടോ വയസ് പ്രായം. സ്‌കൂൾ വിട്ടുവന്നതിനു ശേഷം വീടിനു താഴെ തന്നെ ഉള്ള പാടത്തേക്ക് ഒരു പോക്കുണ്ട്. ഞങ്ങള് എട്ടുപത്തു ചെക്കന്മാർ കാണും. മഴക്കാലം ആണേൽ പറയുകയും വേണ്ട. രാവിലെ അമ്മ രണ്ടു പൊളി ചകിരി ഒക്കെ ഇട്ട് കന്നിനെ കുളിപ്പിക്കുന്ന പോലെ കുളിപ്പിച്ച് ഇല്ലാത്ത നിറം ഒക്കെ വെപ്പിച്ചു സ്‌കൂളിലേക്ക് വിടുമെങ്കിലും വൈന്നേരം ആകുമ്പഴേക്കും മണ്ണിന്റെ കളറും ചേറിന്റെ മണവും ഒക്കെ ആയി കേറിവരുന്ന മകനെ കാണുമ്പോ മാതാജിക്കുണ്ടാകുന്ന രോമാഞ്ചവും സന്തോഷവും മുറ്റത്തുള്ള പുളിമരത്തിന്റെ ചെറുകമ്പുകളുടെ രൂപത്തിൽ എൻ്റെ ദേഹത്ത് പതിയാറും ഉണ്ട്. പോകെപ്പോകെ ആ പുളിമരത്തിന് താഴെ ഒന്നും ഒരു പുളിയില പോലും ഇല്ലാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ.

കളിയുടെ കാര്യം പറഞ്ഞപ്പോ പുളിയിലേക്കു കേറിപ്പോയി. സോറി. വീണ്ടും കാര്യത്തിലേക്കു വരാം. വൈന്നേരം ആകുമ്പോ പാടത്തേക്കു പോകും എന്ന് പറഞ്ഞല്ലോ. ഒരു വെള്ള തോർത്തും ആയിട്ടായിരുന്നു ആദ്യമൊക്കെ പോയിരുന്നത്. കാലക്രമേണ ആ തോർത്തിന്റെ കളർ എന്താണെന്ന് ദൈവത്തിനു പോലും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി മാറി. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ.. പാടത്തേക്കു പോകുന്നത് തന്നെ വെള്ളത്തിൽ കളിക്കാൻ ആണ്. വെള്ളം ഞങ്ങൾ ചെല്ലുന്ന സമയത്ത് മാത്രേ കാണൂ. ഞങ്ങൾ പാടത്ത് എത്തി പത്തുമിനിറ്റ് കഴിയുമ്പോഴേക്കും വെള്ളമെല്ലാം നല്ല അസ്സൽ ചേറ് ആയി മാറിയിട്ടുണ്ടാകും. ആ ചേറിൽ കിടന്നാണ് പിന്നെ പന്തുകളിയും തൊട്ടുകളിയും ഒക്കെ.

സന്ധ്യമയങ്ങി തമ്മിൽ തമ്മിൽ കാണാൻ കൂടി പറ്റാത്ത സമയത്ത് ആയിരിക്കും പിന്നെ ആ വെള്ളത്തിൽ നിന്നും കേറിപ്പോരുന്നത്.  ആ പോരുന്ന കോലത്തിന്റെ ഒറിജിനൽ വേർഷൻ എന്താണെന്ന് അറിയണമെങ്കിൽ പിറ്റേന്ന് നേരം വെളുക്കണം. രാവിലെ അമ്മ വല്ല തവിക്കും ഇട്ടു കുത്തി എണീപ്പിച്ച് വിടുമ്പോ കാണാം എൻ്റെ ദേഹത്ത് ഒരു വീട് പണിയാനുള്ള മൺകട്ട ഉണ്ടാക്കാൻ മാത്രം ചെളി. അത് കാണുമ്പോ അമ്മ വളരെയധികം സ്നേഹം പ്രകടിപ്പിക്കും. അത്രേം സ്നേഹം എനിക്ക് ആവശ്യമില്ലാത്തതു കാരണം ഞാൻ ചെവിയും പൊത്തി ഇറങ്ങി ഓടിക്കളയും.

അതൊക്കെ പോട്ടെ. പിന്നേം കഥയിലേക്ക് വരാം. ( ഇനിയെങ്കിലും കഥയിലേക്ക് കടക്കെടാ മരയോന്തേ .. എന്നുള്ള ഡയലോഗ് നിരോധിച്ചിരിക്കുന്നു) അങ്ങനെ ഈ സംഭവം നടക്കുന്ന ദിവസം എത്തി

വൈന്നേരം സ്‌കൂൾ ഒക്കെ വിട്ടുവന്ന് കടേലൊക്കെ പോയി വീട്ടിലേക്കുള്ള സാധനങ്ങളും അതിനേക്കാൾ ഏറെ മുട്ടായിയും വാങ്ങി വീട്ടിലേക്ക് ഓടി. സാധനങ്ങൾ ഒക്കെ കോലായിൽ എവിടെയൊക്കെയോ വച്ച് ചേറു പറ്റി വടി പോലെ ആയ തോർത്തും എടുത്ത് പാടത്തേക്ക് നൂറിൽ പിടിപ്പിച്ചു. ചങ്ങായിമാരൊക്കെ നേരത്തെ തന്നെ പാടത്ത് എത്തീട്ടുണ്ടാകും. ഓടിപ്പിടച്ച് അവിടെ എത്തിയപ്പോ .. ഡിം !!!!!!!!!!

സകല എണ്ണവും കൂടി വിജൃംഭിച്ച് തോട്ടിൽ എന്തോ നോക്കി നിക്കുന്നു. മാതാവേ.. ഇനി വല്ലോനും തോട്ടിൽ വീണ് വടിയായോ? പാടത്തേക്ക് ഓടിവന്നതിനേക്കാൾ സ്പീഡിൽ തിരിച്ചോടിയാലോ എന്ന് ചിന്തിച്ചെങ്കിലും സംഗതി എന്താണ് എന്നറിയാൻ വേണ്ടി ശ്രീനിവാസൻ ഒരു ഒലക്ക കിട്ടുവോ എന്ന് ചോദിക്കാൻ പോകുന്ന പോലെ പ്രിങ്ങിപ്പ്രിങ്ങി അവന്മാരുടെ അടുത്തേക്ക് ചെന്നു. തോട്ടിലേക്ക് വായും പൊളിച്ചു നോക്കി നിക്കുന്നതിനൊപ്പം തന്നെ വായിൽ നിന്നും തോട്ടിലെ വെള്ളത്തിന്റെ അളവ് കൂട്ടാനെന്നവണ്ണം വെള്ളവും ഒലിപ്പിച്ചു നിക്കുന്ന സജീഷിനെ പയ്യെ തോണ്ടി. കാറ്റിന്റെ ശബ്ദത്തിൽ ചോദിച്ചു

"ന്താ സംഗതി? "

അവനും കാറ്റിന്റെ ശബ്ദത്തിൽ മറുപടിച്ചു

" നച്ചത്ര ആമ !!!!!!!!!!! "

"ന്തോന്ന്? ....................... "

"തോട്ടിലോട്ടു നോക്കെടാ #$%$ !!!"

നോക്കി. അമ്പട ജിഞ്ചിന്നാക്കടീ ... വെള്ളത്തിൽ കിടക്കുന്നല്ലോ കലക്കനൊരു നക്ഷത്ര ആമ !!!!!!!!!!

വെള്ളത്തിന്റെ ഇളക്കത്തിനനുസരിച്ചു ആമയും ഇളകുന്നു. നീന്തുന്നു .. മറിയുന്നു ......!!!

"അയിനിപ്പോ ന്താ? ആമയെ നമ്മള് കാണാത്തതാണോ? ബാടാ കുളിക്കാം "

നക്ഷത്ര ആമ അല്ല സൂര്യാമയോ ചന്ദ്രാമയോ ഇനി സാറാമ്മയോ വന്നാലും ഞമ്മക്ക് പുല്ല് .. പുല്ലുവില

" നീ ഈ ആമയെ കണ്ടിട്ടുണ്ടാവൂല. ഇത് വേറെ സാധനവാ " സജീഷ് വീണ്ടും വീണ്ടും വായിൽ നിന്നും വെള്ളം ഉൽപ്പാദിപ്പിച്ച് തോട്ടിലേക്ക് വിട്ടുകൊണ്ടിരുന്നു.

" ഏതാമ ആയാലും ശരി.. അവ്ടെ കെടക്കട്ടെ. ബാ കുളിക്കാം "

"എടാ ക്ളിമ്പിടുസാന്ഡിരീ .. ഈ ആമയെ പിടിച്ചു വിറ്റാൽ ഒരുപാട് പൈസ കിട്ടും !!!!!!!!!!! "

" പിന്നേ .. ഏറിപ്പോയാ ഇരുപത് രൂവാ കിട്ടും. അയിന് വേണ്ടി ഈ അടിയൊഴുക്കുള്ള തോട്ടിൽ ചാടണോ ? ബാ കുളിക്കാം !!! "

"ഇരുപതോ? പോടാ പോടാ .. ഇതിന് ചെലപ്പോ ഇരുപതിനായിരം വരെ കിട്ടും!!!! "

ഇരുപതിനായിരമോ?... സജീഷിന് കമ്പനി കൊടുത്തുകൊണ്ട് ഞാനും വാപൊളിച്ചു. അവന്റെ വായിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വെള്ളം ഉൽപ്പാദിപ്പിച്ചു ഞാനും തോട്ടിലേക്ക് വിട്ടു.

" ഇരുപതിനായിരം ഒന്നുവല്ല. ചെലപ്പോ അതിനേക്കാൾ കിട്ടും .." അപ്പ്രത്ത് നിന്ന് സജുവിന്റെ സൗണ്ട്

അമ്പടാ .. എന്നാപ്പിന്നെ ആ പൈസ കളയാൻ പാടില്ലല്ലോ. ഒന്നും നോക്കീല. ഉടുത്ത നിക്കർ അഴിച്ചുവെച്ച് സ്പ്രിങ് പോലെ കിടന്നിരുന്ന തോർത്ത് ഉടുത്ത് ആമയുടെ മുകളിലേക്ക് ഞാൻ ഒരൊറ്റ ചാട്ടം അങ്ങ് വച്ചുകൊടുത്തു. പക്ഷെ അതിനിടയിൽ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടായി. തോട്ടിന്റെ കൈവരിയിൽ നിന്നും ഞാൻ ചാടുന്ന സമയത്ത് "ചാടല്ലേടാ ..... " എന്നും പറഞ്ഞ് പ്രബൽ എന്റെ തോർത്ത് എന്ന് പേരുള്ള സാധനത്തിൽ ഒരു പിടിത്തം. പിടിത്തം മാത്രമല്ല ഒരു വലിയും. തോർത്ത് ഞാനിതാ പോണേയ് .... എന്നും പറഞ്ഞോണ്ട് ഒരൊറ്റ പോക്ക്. തോർത്ത് അരയിൽ നിന്നും പോകുന്നതിനനുസരിച്ചു ഞാൻ ശക്തിമാൻ കറങ്ങുന്ന പോലെ കറങ്ങി ആമയുടെ അടുത്തുനിന്നും ഏതാണ്ട് മൂന്നുമീറ്റർ അപ്പുറത്ത് "പട്ട്ടോ.... !!! " എന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഒരൊറ്റ വീഴ്ച!!!. ഞാൻ  പാണ്ടിലോറി കേറിയ തവള കിടക്കുന്ന പോലെ രണ്ടു സെക്കന്റ് വെള്ളത്തിനു മീതെ കിട്ടുന്നതിന് ശേഷം പ്‌ളീശ്ശ്ശ്ശ് .... എന്ന സൗണ്ടോടു കൂടി തോട്ടിലേക്ക് താണുപോയി.

നല്ല അടിയൊഴുക്കും ചുഴിയും ഉള്ളത് കാരണം പതഞ്ഞു പൊങ്ങാനും പറ്റുന്നില്ല. ഇടയ്ക്കിടെ തല പൊക്കി രക്ഷിക്കണേ ... എന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും പുറത്തേക്ക് വരുന്നത് "രക്ഷിൾൾൾൾൾൾൾള് ... " എന്നാണ്.

ഒരുപ്രാവശ്യം തലപൊക്കി രക്ഷിൾൾൾൾൾൾൾള് പറയുന്നതിനിടക്ക് കരയ്ക്കു നിന്ന് ഒരു മഹാപാപി കരയിൽ നിന്നും അടുത്തവനോട് പറയുന്നത് ഞാൻ കേട്ടു.  " എടാ നീ കൂടി ചാട്. തോട്ടിൽ വീണപ്പോ അവൻ ശാസ്ത്രീയ സംഗീതം ഒക്കെ പാടുന്നുണ്ട് !!! "

സംഗതി കംപ്ലീറ്റ് കയ്യീന്ന് പോയി എന്ന് എനിക്കുറപ്പായി. ഞാൻ ചുമ്മാ കളിപ്പിക്കുകയാണെന്ന് കരുതി അവന്മാരെല്ലാം കൂടി നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുവാണ്. അവന്മാര്  നോക്കുന്നില്ലെന്നു കരുതി എല്ലാകാലവും വെള്ളത്തിൽ മുങ്ങിക്കിടക്കാനൊന്നും പറ്റില്ലല്ലോ. ഞാൻ ചുമ്മാ തെക്കോട്ടും വടക്കോട്ടും നീന്താൻ തുടങ്ങി. എവിടെയും പിടിത്തം കിട്ടുന്നില്ല. തല്ലിപ്പതഞ്ഞ് അവസാനം എവിടെയോ ചെന്ന് പിടിച്ചു. നോക്കിയപ്പോ പിടിച്ചേക്കുന്നത് നക്ഷത്ര ആമയെ !!!!!. കിട്ടിയത് വിടേണ്ട എന്ന് കരുതി ആമയെ ഉറുമ്പടക്കം കെട്ടിപ്പിടിച്ച് കരയിലേക്ക് നീന്തി. നീന്തിയത് കരയിലേക്കാണെങ്കിലും ചെന്ന് കേറിയത് കൈതമുൾക്കാട്ടിലേക്കായിരുന്നു. ആമയെയും പിടിച്ച് കൈതമൂർഖൻ കിടക്കുന്ന പോലെ നൂൽ ബന്ധമില്ലാതെ ഞാൻ കൈതക്കൂട്ടിൽ ചുറ്റിപ്പിണഞ്ഞു കിടന്നു. ഇക്കാലത്തെങ്ങാൻ ആയിരുന്നേൽ കാണുന്നവർ " കൈതയുമായി ഇണചേരാതെ എഴിച്ചു പോടാ .. " എന്ന് പറഞ്ഞേനെ.

അപ്പഴേക്കും ചങ്ങായിമാർക്ക് വെളിവുണ്ടായി. വെളിപാടുണ്ടായി. വെളിവുകേടും പള്ളിപ്പെരുന്നാളും ഒരുമിച്ചുണ്ടായി. ലവൻ കളിപ്പിക്കുന്നതല്ല. ശരിക്കും മുങ്ങിപ്പോയതാകുന്നു. വെളിപാടുണ്ടായ സമയത്ത് തന്നെ ഓടിവാടാ എന്ന പാട്ടും പാടി എല്ലാരും കൂടി ആഘോഷമായി എൻ്റെ അടുത്തേക്ക് ഓടിവന്ന് കൈതക്കൂട്ടിൽ നിന്നും എന്നെ പുറത്തെടുത്തു കരക്കിട്ടു. എന്റെ ആവതനുസരിച്ചും അതിനും കൊറച്ചു കൂടുതലും വെള്ളം കുടിച്ചു വീർപ്പിച്ച വയറും തള്ളി ദിഗംബരൻ ആയി ഞാൻ തോട്ടുവക്കത്ത് കിടന്നു.

വെള്ളം കുടിച്ചു വീർത്ത വയറും തള്ളി മയങ്ങി കിടക്കുമ്പോഴും നക്ഷത്ര ആമയെ വിറ്റുകിട്ടുന്ന പൈസകൊണ്ട് വല്യ വീടും കാറും ഒക്കെ വാങ്ങി സുജായി ആയി നടക്കുന്നതാണ് മനസ് നിറയെ. "പക്കത്തില് വാ ചെമ്പകം ... വന്ന് എനക്കൊരു കിസ് കൊട് .. " എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഫ്രണ്ട്‌സ് സിനിമ റിലീസ് ആയിട്ടില്ലാത്തതു കാരണം ഞാൻ പറഞ്ഞില്ല. പകരം പൈസക്കാരനായ സന്തോഷത്തിന്റെ പ്രതിഫലനം ആയി ചുമ്മാ കിടന്നു പുഞ്ചിരിച്ചു

പക്ഷെ അതിനേക്കാൾ വലിയ ചിരി കേട്ട് ഞാൻ ഞെട്ടിച്ചാടി എണീറ്റു. ചങ്ങായിമാർ ചുറ്റും കൂടി നിന്ന് ആർത്തു ചിരിക്കുകയാണ്. എന്താ സംഗതി എന്നറിയാൻ വേണ്ടി ഞാൻ എന്റെ കയ്യിലേക്ക് നോക്കി. നോക്കിയതോടെ എൻ്റെ സകല ഗ്യാസും പോയി. ആകാശവും ഭൂമിയും ഒരുമിച്ചു നിന്ന് കറങ്ങി. തോട്ടിലേക്ക് ഒന്നും കൂടി ചാടി ചത്താലോ എന്നുപോലും വിചാരിച്ചു. പണക്കാരൻ, കാറ്, വീട് .. എന്നിത്യാദി ഉപകരണങ്ങൾ എല്ലാം എന്നെനോക്കി കൊഞ്ഞനം കുത്തി അവരുടെ പാട്ടിനു പോകുന്നത് ഞാൻ ഉൾപ്പുളകത്തോടെ നോക്കിനിന്നു.

കയ്യിലിരിക്കുന്നത് നക്ഷത്ര ആമയല്ല!!!!. എന്തിന്.. ഒരു ബൾബ് ആമ പോലുമല്ല.!!!!! കയ്യിൽ ഞെളിഞ്ഞിരിക്കുന്നത്  ഉണക്കത്തേങ്ങയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഫുട്‌ബോളിന്റെ ഒരു പാതി. ഏതോ മെനകെട്ടവൻ തേങ്ങക്ക് നിക്കർ ഇടീപ്പിച്ചു കൊടുത്തതിനു ശേഷം കുളിപ്പിക്കാൻ വേണ്ടി ഇറക്കിവിട്ടതാവാനും സാധ്യത ഉണ്ട്.

ഇതിനു വേണ്ടി ആയിരുന്നോ മാതാവേ ഞാൻ തുണിപോലും ഇല്ലാണ്ടെ ഈ നിലയില്ലാ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്? രണ്ടു ബക്കറ്റ് വെള്ളം കുടിച്ചത്? കൈതക്കാട്ടിൽ പോയി ആസ്ഥാനത്തോക്കെ മുള്ളുകൊണ്ട് മുൾക്കിരീടം പിടിപ്പിച്ചത്? .....

മനസ്സിൽ അതുവരെ പഠിച്ചതിൽ നിന്നും നല്ലയിനം തെറികൾ മാത്രം സെലക്റ്റ് ചെയ്ത് മുഴുവൻ നിർത്താതെ വിളിച്ചുകൊണ്ടു ഞാൻ ആ നക്ഷത്ര ആമയെ തോട്ടിലേക്ക് തന്നെ ഒരൊറ്റ ഏറു വച്ചുകൊടുത്തു.

ശുഭം

2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ ഭാഗം 2

റോഡില്‍ ഇറങ്ങി നിന്ന് കുഞ്ഞൂഞ്ഞ് ഇടത്തേക്ക് നോക്കി. വലത്തേക്ക് നോക്കി. മേലേക്കും താഴേക്കും നോക്കി. വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഒന്ന് തിരിഞ്ഞും നോക്കി. എങ്ങോട്ട് പോകണം? അതെപ്പറ്റി ഒന്ന് ഗവേഷണിച്ചാലോ എന്ന് കുഞ്ഞൂഞ്ഞിലെ ഗവേഷകന്‍ ആലോശിച്ചു . പിന്നൊന്നും ചിന്തിച്ചില്ല. അങ്ങ് ഗവേഷണിച്ചു .

1 . ഇടത്തേക്ക് പോയാല്‍ പാരലല്‍ കോളേജ് . അവിടേക്ക് പോയാല്‍ ഇന്നലെ സൂസന്നയെ കമ്മെന്ടടിച്ചതിന്റെ പേരില്‍ അവളുടെ ജിം ചെട്ടനെങ്ങാന്‍ ചോദിയ്ക്കാന്‍ വന്നിട്ടുണ്ടെങ്കില്‍ കട്ടേം പടോം മടങ്ങും. ദൈവം സഹായിച്ചു കട്ടയും ഇല്ല പടവും ഇല്ല. അത് പക്ഷെ ആ അഹങ്കാരി ചേട്ടന് അറിയില്ലല്ലോ. എന്തിനാ വെറുതെ അടി ഇരിക്കുന്നിടത്ത് മോന്ത കൊണ്ട് വക്കുന്നെ? വേണ്ട

2 . വലത്തേക്ക് പോയാല്‍ നേഴ്സറി . അങ്ങോട്ട്‌ പോയിട്ടെന്തിനാ? കൊച്ചു പിള്ളേര്‍ക്ക് വാവാവോ പാടി കൊടുക്കാനോ? എന്‍റെ ഫട്ടി ഫോകും

3 . കിഴക്കോട്ടു പോയാല്‍ കള്ള് ഷാപ്പിലെത്തും . ഇന്നലത്തെ കെട്ടു വിടാന്‍ മൂന്നാലെണ്ണം അങ്ങ് താങ്ങാം. കുഞ്ഞൂഞ്ഞു കീശയില്‍ തപ്പി നോക്കി . ന പൈസ ന ചില്ലറ . പോക്കെറ്റിലേക്ക് നോക്കിയ കുഞ്ഞൂഞ്ഞു അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടു . കണ്ടമാനം ദീര്‍ഘ നിശ്വാസംസ് സ്റ്റോക്ക്‌ ഉണ്ടായത് കൊണ്ട് വിടുന്നതില്‍ കുഞ്ഞൂഞ്ഞ് പിശുക്ക് കാണിച്ചില്ല. അതുകൊണ്ട് തന്നെ നിശ്വാസംസ് നല്ല അന്തസ്സായി ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചുകൊണ്ട് ഇറങ്ങിപ്പോയി . ഉത്സവം കഴിഞ്ഞ പറമ്പ് പോലെ വിജനമായി കിടക്കുന്ന കീശ . ഷാപ്പ്‌ തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കുഞ്ഞൂഞ്ഞിന് തോന്നി . ഒട്ടും അമാന്തിച്ചില്ല. ഷാപ്പിന്റെ നേരെ നോക്കി കൊടുത്തു നല്ല നാല് കൊഞ്ഞനം .

4 . പടിഞ്ഞാറോട്ട് പോയാല്‍ ക്ലബ്‌ . അവിടെ ഉണ്ടാകും തന്റെ സല്സ്വഭാവികളായ സങ്ങാതിമാര്‍ . മാര്‍കളുടെ മെയിന്‍ പണി കള്ളടിയും ചീട്ടു കളിയും . പിന്നെ അല്ലറ ചില്ലറ വായ്‌ നോട്ടവും. പലരുടെയും വായില്‍ വിരലില്‍ എണ്ണാവുന്ന പല്ലുകള്‍ മാത്രേ ഉള്ളൂ . നാട്ടുകാരുടെ സ്നേഹപ്രകടനം അതിര് കവിയുമ്പോള്‍ പല്ലുകളുടെ എണ്ണം കുറയും എല്ലുകളുടെ എണ്ണം കൂടും . ഇപ്പൊ തന്നെ വായില്‍ പല്ലുകള്‍ കൊറഞ്ഞു വരികയാണ്. ഇനീം കുറക്കണോ?

വേണ്ട . ആദ്യം ക്ലബ്ബിലേക്ക് പോകാം . തീരുമാനം പെട്ടെന്നായിരുന്നതുകൊണ്ട് പിന്നെ കുഞ്ഞൂഞ്ഞ് മറ്റൊന്നും ചിന്തിച്ചില്ല. നേരെ അങ്ങ് നടന്നു . നടക്കുന്നതിനിടയിലാണ് കുഞ്ഞൂഞ്ഞ് ഒരു കാര്യം ശ്രദ്ധിച്ചത് . ചെരിപ്പിന്റെ വള്ളി പോട്ടാറായിരിക്കുന്നു . വള്ളിയെ നോക്കും തോറും കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു വന്നു . നാട്ടിലെ ഏറ്റവും പുരാതന വസ്തുവായ വള്ളിയമ്മ . വള്ളിയമ്മ ഈസ്‌ നല്ലൊരു അമ്മ . ഒരു സ്ത്രീ രത്നം . വള്ളി രത്നത്തിന്റെ ഫര്താവിന്റെ പേര് വേലുക്കുട്ടി . വേലുക്കുട്ടിയും ഒരു രത്നമായിരുന്നു . വേലു രത്നത്തിന് ഒരൊറ്റ കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . വൈകുന്നേരം കള്ളടിച്ചു പാമ്പായി വട്ടവും ചതുരവുമായി വന്നു വള്ളി രത്നതിനെ കുനിച്ചു നിര്‍ത്തി ടമാര്‍ പടാര്‍ എന്ന് ഭീകര ശബ്ദത്തില്‍ നടുപ്പുറത്ത് അലക്കും. ആദ്യമൊക്കെ വള്ളിയമ്മക്ക് ഈ പരിപാടി അല്പം പ്രയാസം ഉണ്ടാക്കിയെങ്കിലും പിന്നീട് ഇതൊരു ശീലമായി മാറിയതോടെ ഇടി കിട്ടാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥയായി . വേലു രത്നം കുടിച്ചു വന്നു ഇടിക്കാന്‍ മറന്നുപോയാലും ഫാര്യാ രത്നം ഉറക്കത്തീന്ന് വിളിചെണീപ്പിച്ചു ഇടിപ്പിക്കുമായിരുന്നു .

അങ്ങനെ ഒരുനാള്‍ വേലുക്കുട്ടി രത്നം മര്‍ഗയാ . ഇടി കൊള്ളാതെ വള്ളി മാതാവിനുണ്ടോ ഉറക്കം വരുന്നു ? തിരിഞ്ഞും മറിഞ്ഞും കിടന്നു . ഉരുണ്ടും പിരണ്ടും നോക്കി. നോ രക്ഷ . വള്ളി രത്നം പുറത്തിറങ്ങി മുറ്റത്ത്‌ കൂടെ തേരാപ്പാരാ നടന്നു . അപ്പോഴാണ്‌ ഒരു ഞെട്ടിക്കുന്ന സത്യം വള്ളി മാതാജി കണ്ടത് . ചെരിപ്പിട്ടിട്ടില്ല . ചെരിപ്പും തപ്പി വീടിനു ചുറ്റും നടന്നപ്പോള്‍ വള്ളി മാതാജി രോമാഞ്ച കഞ്ചുകമണിയിക്കുന്ന കോരിത്തരിപ്പിക്കുന്ന ഒരു വസ്തു കണ്ടത് . അമ്മിയും അമ്മിക്കുഴയും . ഒട്ടും മടിച്ചില്ല . അമിക്കുഴയും എടുത്തു കൊണ്ട് തിരിച്ചു നടന്നു. ഓല മേഞ്ഞ മേല്‍ക്കൂരയിലേക്ക് അമ്മിക്കുഴ എറിഞ്ഞു . എന്നിട്ട് കുനിഞ്ഞു നിന്നു . അമ്മിക്കുഴ " ഭും " എന്ന ശബ്ദ വാദ്യ മേള ഘോഷത്തോടെ വള്ളിയമ്മയുടെ നടുപ്പുറത്ത് വന്നു വീണു .

ആഹഹഹ ... ചെറിയാന്‍ ജി ഇടിക്കുന്ന അതേ പോലെ തന്നെ . വള്ളി മാതാജിക്ക് ഹരം കയറി . പിന്നേം പിന്നേം അമ്മിക്കുഴ എറിഞ്ഞു . ഭും ഭും ശബ്ദം പിന്നേം പിന്നേം ... പത്തു പതിനഞ്ചു പ്രാവശ്യം എറിഞ്ഞതോടെ വള്ളിയമ്മക്ക് ഉറക്കം വന്നു തുടങ്ങി . അമ്മിക്കുഴ എടുത്തു വച്ചു പോയി സുഖമായി ഉറങ്ങുകയും ചെയ്തു .

മരിക്കുന്നത് വരെ വള്ളി മാതാജി ഈ കര്‍മ്മം ക്രിയ ചെയ്തിരുന്നു . മരിച്ചതിനു ശേഷം ചെയ്യാറുണ്ടോ എന്ന് അമ്മച്ചിയാണേ കുഞ്ഞൂഞ്ഞിന് ഒരു അറിവും ഇല്ല .

വള്ളി ചരിതം ആട്ടക്കഥ ഓര്‍ത്ത് നടക്കുന്നതിനിടയില്‍ കുഞ്ഞൂഞ്ഞ് മനസ്സില്‍ അഞ്ചാറു ലഡ്ഡു പൊട്ടുന്ന ഒരു കാഴ്ച കണ്ടു . കുറച്ചു മുമ്പിലായി നില്‍ക്കുന്നല്ലോ തന്‍റെ ഫ്രേമ ഫാജനം ... ഫ്രാണ ഫ്രേയസി ... ഞണ്ടുങ്കല്‍ ഓമന ... ഓമനയെ കണ്ട കുഞ്ഞൂഞ്ഞിന് വണ്ടര്‍ . കുഞ്ഞൂഞ്ഞിനെ കണ്ട ഓമനക്കു വണ്ടറോട് വണ്ടര്‍ . രണ്ടാളുടെം വണ്ടര്‍ കണ്ടു വണ്ടറടിച്ച കുഞ്ഞൂഞ്ഞിന്റെ മീശ രോമാങ്ങള്‍ക്ക് വരെ രണ്ടു ണ്ട ഉള്ള വണ്ടര്‍ ..

കുഞ്ഞൂഞ്ഞ് ഓമനയുടെ അടുത്തേക്ക് പതിയെ ചുവടു വച്ചു . ഓമനയുടെ ഞണ്ടിന്റെ കണ്ണു പോലെ തെങ്കോട്ടും വടങ്കോട്ടും ഉള്ള കണ്ണിലേക്കു നോക്കും തോറും കുഞ്ഞൂഞ്ഞിന് നാണകം . ഷോക്കടിച്ച കാക്ക പോലെ ഇരിക്കുന്ന കുഞ്ഞൂഞ്ഞ് നാനകത്തോടെ നിലത്തു കാലു കൊണ്ട് ചേനയും ചക്കയും മാങ്ങയും ഇന്ത്യയുടെ ഫൂഫടവും വരച്ചു .

" ഓമന എന്താ ഇവിടെ നിക്കുന്നെ ? "

" ഞാന്‍ ചേട്ടനെ കാത്തു നിന്നതാ ... " ഓമനയുടെ കിളി മൊഴി .. കാക്കയും ഒരു കിളി തന്നെ എന്ന് കുഞ്ഞൂഞ്ഞ് മനസ്സില്‍ ഓര്‍ത്തു. തന്നെ പ്രോട്യൂസ് ചെയ്തവരോട്‌ അന്നാദ്യമായി കുഞ്ഞൂഞ്ഞിന് വെറുപ്പ്‌ തോന്നി . രോമാന്ജിക്കാന്‍ മരുന്നിനു പോലും ഒരു രോമമില്ലാത്ത ഒരു മഹനെ എന്തിനു ജനിപ്പിച്ചു എന്റെ നിന്തിരുവടിയായ ധന്യ പിതാവേ .... മുകളിലേക്ക് നോക്കി കുഞ്ഞൂഞ്ഞ് തന്‍റെ ഡാഡി യെ മനസ്സില്‍ പ്രാകി .

" എന്തിനാ എന്നെ കാത്തു നില്‍ക്കുന്നെ ? " കുഞ്ഞൂഞ്ഞിന് വള്ളി പൊട്ടാറായ ചെരുപ്പ് മുതല്‍ ആകാംക്ഷ പെരുത്ത്‌ കയറി തലയില്‍ വന്നു "ട്ടോ" എന്ന് പൊട്ടി .

ഓമന കുഞ്ഞൂഞ്ഞിന് ഒരു കമ്പനി കൊടുത്തു കൊണ്ട് നിലത്തു ചേന വരക്കാന്‍ ആരംഭിച്ചു .

"എനിക്ക് ..... എനിക്ക് ..... "

" എന്താ ? ഓമനയുടെയും ചെരിപ്പിന്റെ വള്ളി പൊട്ടാറായോ ? " കുഞ്ഞൂഞ്ഞിന്റെ കണ്ണുകള്‍ ഓമനയുടെ കാലുകളിലേക്ക് പോയി .

" അതല്ല .. എനിക്ക് ചേട്ടനെ ഇഷ്ടമാണ് ... "

ഹല്ലെല്ലൂയ്യ .. സ്തോത്രം ... കുഞ്ഞൂഞ്ഞിന്റെ മനസ്സില്‍ പത്തിരുപത്തഞ്ചു ലഡ്ഡു ഒരുമിച്ചു പൊട്ടി . വീട്ടിലേക്കു ഓടിപ്പോയി തന്റെ മാതാജിയെ ചുമ്മാ ഒരു രസത്തിനു ഉന്തി മറിച്ചിടാനും വീടിനു ചുറ്റും കൈകൊട്ടിപ്പാടി നടക്കാനും കുഞ്ഞൂഞ്ഞിന് അദമ്യമായ ആശ ഉണ്ടായി . സന്തോഷം പ്രകടിപ്പിക്കാന്‍ വേണ്ടി ഓമനയുടെ കാലു വാരി നാല് അലക്ക് അലക്കിയാലോ എന്നും കുഞ്ഞൂഞ്ഞ് ചിന്തിച്ചു . എന്തിനാ വെറുതെ നാട്ടുകരെകൊന്ദ് പ്രാന്താ എന്ന് വിളിപ്പിക്കുന്നെ ? വേണ്ട .. തല്‍ക്കാലം തന്റെ ഫ്രേമ ഫാജനത്തെ ഫ്രേമിച്ചു ഫ്രേമിച്ചു പ്രേം കുമാറോ പ്രേം നസീറോ ആകാം .

കുഞ്ഞൂഞ്ഞ് പ്രേമപുരസ്സരം ഓമനയുടെ മുഖത്തേക്ക് നോക്കി . ആ നോട്ടം കണ്ട ഓമന പന്തം കണ്ട പെരുച്ചാഴിയെപ്പോലെ മിഴിച്ചു നിന്നു

ഇനീപ്പ നാളെയാട്രാ ... !!!!

ഇതുവരെ പറഞ്ഞ കഥകളില്‍ നിന്നും ചെറിയൊരു ടേണിംഗ് പോയിന്‍റ്. ഈ കഥ എന്നെ ഉദ്ദേശിച്ചല്ല . എന്റെ റൂം മേറ്റ്‌ അയ്യൂബ് എന്ന മഹാ പ്രസ്ഥാനത്തെ വാഴ്ത്തിക്കൊണ്ടാകുന്നു . ആഹ്ലാദിപ്പിന്‍ .. ആഹ്ലാദിപ്പിന്‍ ...


അയ്യൂബ് ഈസ്‌ എ നല്ലൊരു മനിതന്‍ . കായംകുളത്തുള്ള ഒരു പാവം കുഞ്ഞാട് . ഈ ആടിന്‍റെ പ്രധാന പണി ഭക്ഷിക്കുക എന്നുള്ളത് മാത്രം . വിശപ്പിന്‍റെ അസ്കിത ഉള്ള ആളാണേയ്. അതോണ്ട് തന്നെ അദ്ദ്യേം ഉറക്കത്തില്‍ വരെ തീറ്റ തുടരും .

അയ്യൂബിനെപ്പറ്റി കൂടുതലായി പറയുകയാണെങ്കില്‍ അത് ഇപ്രകാരമായിരിക്കും

രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കും . പര്‍വ്വതം പോലെ ഉള്ള ദേഹത്ത് നിന്നും പുതപ്പ് വലിച്ചു മാറ്റി മൂരി നിവര്‍ത്തു ആന ചിന്നം വിളിക്കുന്നത്‌ പോലെ അഞ്ചാറു കോട്ടുവാ അങ്ങോട്ട്‌ വിടും . എന്നിട്ട് ഡോര്‍ തുറന്നു പുറത്തിറങ്ങി പല്ല് തേപ്പ് . പല്ല് തേച്ചു മുഖം കഴുകിയതിനു ശേഷം അടുക്കളയിലേക്കു വന്ന് തലേന്ന് രാത്രി ശേഖരിച്ചു വച്ചിരിക്കുന്ന കുബ്ബൂസ് നാലെണ്ണം എടുത്ത് ചറപറ തിന്നും . അതിനു ശേഷം ചായ തിളപ്പിച്ച്‌ മൂന്നു ഗ്ലാസ്‌ ചായയും കൂടി കുടിച്ചു കഴിഞ്ഞാല്‍ ഏതാണ്ട് ആശ്വാസമായി . ചെറിയ തോതില്‍ ഏമ്പക്കം വിടുമ്പഴേക്കും അദ്ദേഹത്തിന് ദൈവവിളി വരും . ദൈവ വിളി വന്ന് തുടങ്ങുന്ന സമയത്ത് അദ്ദേഹം ബാത്ത് റൂമിലേക്ക്‌ ഓടിക്കയറും . പിന്നീട് ബാത്ത്റൂമില്‍ നിന്നും ഇറങ്ങുന്നത് 8.15 ന് . അതുവരെ എന്താണ് അദ്ദേഹത്തിന് അതിനുള്ളില്‍ പരിപാടി എന്ന് അദ്ദേഹത്തിന് മാത്രം അറിയാവുന്ന അന്താരാഷ്‌ട്ര രഹസ്യങ്ങള്‍ !!!

ബാത്രൂമീന്നു ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ മേയ്ക്കപ്പാണ് . ടാര്‍ വീപ്പക്ക് പൌഡര്‍ ഇട്ട പോലെ ആയിരിക്കും മിക്ക ദിവസങ്ങളിലും മേയ്ക്കപ്പ് കഴിയുമ്പോള്‍ . അതിനു ശേഷം കണ്ണാടിയില്‍ നോക്കി മുഖത്ത് നിഷ്കളങ്ക ഭാവം വരുത്താന്‍ ശ്രമിക്കും . പക്ഷെ കാണുന്ന നമുക്ക് ഫീല്‍ ചെയ്യുന്നത് കാട്ടെരുമ കോട്ടുവായിടുന്നതായിട്ടാണ് . കമ്പനിയിലെ കൂതറ സ്റ്റാഫിനെ ബോധ്യപ്പെടുത്താനാണ് ഈ നിഷ്കളങ്കത പ്രാക്റ്റീസ് ചെയ്യുന്നത് . കമ്പനീലെ ബംഗാളികള്‍ക്ക് എന്ത് നിഷ്കളങ്കത , എന്ത് സൌന്ദര്യ ബോധം !!!

ഒരു ദെവസം അയ്യൂബിന് ഒരാഗ്രഹം. ഷുഗറും പ്രഷറും ഒക്കെ ഒന്ന് ചെക്ക് ചെയ്യണം. ഈ സന്തോഷ വാര്‍ത്ത ആഘോഷപൂര്‍വ്വം എന്നെയും മറ്റൊരു സഹമുറിയനായ സുധിയെയും അയ്യൂബ് ചെണ്ട കൊട്ടി അറിയിച്ചു. അയ്യൂബിന്റെ സ്വഭാവോം കയ്യിലിരിപ്പും അറിയാവുന്ന ഞാനും സുധീം കണ്ണില്‍ കണ്ണില്‍ നോക്കി കഥയും കവിതയും കഥാപ്രസംഗവും ഒരു പൊടിക്ക് കുച്ചിപ്പുടിയും പറഞ്ഞു. സുധി ഇപ്രകാരം ആന്‍ഡ് ഇപ്പടി ഉവാച ടു അയ്യൂബ്

" അല്ല അളിയാ .. ഡോക്റ്റര്‍ ഡയറ്റിന്ഗ് എങ്ങാനും പറഞ്ഞാലോ? കവി എന്ത് ചെയ്യും? "

" ആ അതൊന്നും പറയത്തില്ലെടാ സുധിയേ .... നമുക്കൊന്നങ്ങു പോയി നോക്കാം "

അയ്യൂബിന് എല്ലാം മാഫീ മുഷ്കില്‍ ഹേ !!!

ശരി മ്പ്രാ !!! അവശര്‍ .. ആലംബ ഹീനര്‍. ഞാനും സുധീം അണിഞ്ഞൊരുങ്ങി. അയ്യൂബ് പൌഡര്‍ ടിന്നുമായി ഒരു ചെറിയ മല്പ്പിടിത്തം നടത്തുകയാണ്. ടിന്നില്‍ ഇല്ലാത്ത പൌടറിനു വേണ്ടി ഉള്ള അതി ഘോരമായ യുദ്ധം. ആ ടിന്നിനെങ്ങാന്‍ ജീവന്‍ ഉണ്ടാര്‍ന്നേല്‍ പീഡനത്തിന് പത്തു പ്രാവശ്യം കേസ് കൊടുത്തേനെ. അയ്യൂബ് ജയിലില്‍ കിടന്നു പണ്ടാരടങ്ങിയേനെ. ഡോക്റ്ററുടെ അടുത്ത് ചെക്കിങ്ങിനു പോകാന്‍ പറ്റാതെ ചമ്മിപ്പോയേനെ ....

അയ്യൂബ് മുന്നില്‍. ഞാനും സുധിയും തൊട്ടു പിന്നില്‍. അമ്പലത്തിലേക്ക് എഴുന്നള്ളത്തിനു ആനയെ കൊണ്ടോകുന്ന ഒരു പ്രതീതി. അത് സത്യം ആണെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന രീതിയില്‍ ആന ചിന്നം വിളിക്കുന്ന അതെ പവറില്‍ ; അതേ ഈണത്തില്‍ ; അതേ താളത്തില്‍ ... ഇടയ്ക്കിടെ അയ്യൂബ് കോട്ടുവായിട്ടുകൊണ്ടിരുന്നു.

നടക്കുന്ന വഴി സുധി പയ്യെ എന്നെ തോണ്ടി. ബദലായി ഞാന്‍ അവനെ കണ്ണുരുട്ടി നോക്കി. അത് പറഞ്ഞപ്പഴാ ഓര്‍ത്തത്. എനിക്ക് മാത്രം സാധ്യമാകുന്ന ചില പ്രത്യേക അഭ്യാസങ്ങള്‍ എനിക്കറിയാം. അവയില്‍ ചിലതാണ്  കണ്ണുരുട്ടുക, ചെവിയില്‍ വിരലിട്ട് പമ്പരം പോലെ കറക്കുക, മൂക്കില്‍ വിരലിട്ടു തിരിക്കുക തുടങ്ങിയ മറ്റൊരാള്‍ക്കും സാധിക്കാത്ത കാര്യങ്ങള്‍ . ഉരുട്ടിയതിന്റെ ഫലമായി സുധി എന്റെ ചെവീല്‍ പറഞ്ഞു

" അളിയാ .. ഈ ആനയെ ഒറ്റയ്ക്ക് മേയാന്‍ വിട്ട് നമുക്കങ്ങു മുങ്ങിയാലോ? "

" വേണ്ട്രാ ... നമ്മള് മുങ്ങിയാ ആ കാരണം പറഞ്ഞു സങ്കടം തീര്‍ക്കാന്‍ വേണ്ടി അഞ്ചു പ്ലേറ്റ് ബിരിയാണി തിന്നുകളേം ആ പന്നി ..!!! "

" എന്നാപ്പിന്നെ വേണ്ടല്ലേ ... ആ പോട്ട് "

അങ്ങനെ എഴുന്നള്ളത്ത് ആശുപത്രീല്‍ എത്തി. ആശുപത്രിയില്‍ കണ്ടമാനം ജനം. ആള്‍ക്കാരെ കണ്ടതേ അയ്യൂബിനു വന്നത് സങ്കടം. അത്രേം ആള്‍ക്കാര് പോണ വരെ കാത്തു നികക്ണ്ടേ... അതുവരെ ഒന്നും തിന്നാതിരിക്കണ്ടേ .... !! പാവം അയ്യൂബ് !!!

കൊറേ നേരം കാത്തിരുന്നു അവസാനം ഡോക്റ്ററുടെ ക്യാബിനില്‍ കയറി. ആദ്യം ഡോര്‍ തുറന്ന് അകത്തു കയറിയത് അയ്യൂബ്. തൊട്ടു പിന്നിലായി അയ്യൂബിന് ഐക്യദാര്ട്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും സുധിയും. ഡോക്റ്ററുടെ അടുത്ത് ഒരു നൈസ് നേഴ്സ് . നേഴ്സിനെ കണ്ടപ്പോള്‍ അയ്യൂബിനു എന്നും ചെക്ക് ചെയ്യാന്‍ തോന്നണേ എന്ന് വരെ തോന്നിപ്പോയി.

അയ്യൂബ് ഡോക്റ്ററുടെ അടുത്ത് കസേരയില്‍ ഇരുന്നു. കസേര ഒരൊറ്റ കരച്ചില്‍. മലയാളത്തില്‍ കണ്‍വര്‍ട്ട് ചെയ്‌താല്‍ അത് ഏതാണ്ട് ഈ രീതിയില്‍ വരും

" ന്റമ്മച്ച്ചിയേ..............യ് ... ഞാന്‍ ചത്തേ ...................... !!!!!!! "

പാവം കസേര.

ഡോക്റ്റര്‍ അയ്യൂബിനോട് ചോദിച്ചു " എന്താ അസുഖം? "

" ശരീരം വല്ലാതങ്ങ് തടിക്കുവാ ഡോക്റ്ററെ .. ഒന്ന് ചെക്ക് ചെയ്യണം. ഷുഗര്‍ ഒണ്ടോ കൊളസ്ട്രോള്‍ ഒണ്ടോ .. ഷുഗര്‍ ഒണ്ടോ .... എല്ലാം ഒന്ന് ചെക്ക് ചെയ്യണം !!! " ഇത്രയും ഒറ്റയടിക്ക് പറഞ്ഞു തീര്ന്നപ്പഴേക്കും അയ്യൂബിനു വിശക്കാന്‍ ആരംഭിച്ചു. അയ്യൂബ് കൊതിയോടെ ചുറ്റും നോക്കി. തിന്നാന്‍ പറ്റിയ ഒന്നും ഇല്ല. നോട്ടം നേഴ്സിന്റെ നേരെ തിരിഞ്ഞതും സുധി അയ്യൂബിന്റെ കയ്യില്‍ പിടിച്ചു ഞെക്കി.

" അത് നെയ്യലുവ ഒന്നും അല്ല. നേഴ്സാ ... " സുധി പയ്യെ അയ്യൂബിന്റെ ചെവിയില്‍ പറഞ്ഞു

" വായൊന്നു പൊളിച്ചേ .... " ഡോക്റ്റര്‍ അയ്യൂബിനോട് ആജ്ഞാപിച്ചു

കേട്ടപാടെ വല്ലതും തിന്നാന്‍ കൊടുക്കാനാണെന്ന് കരുതി അയ്യൂബ് തന്റെ വലിയ വാ മാക്സിമം തുറന്നു.

" എന്തുവാടേ ഇത് ? കൊങ്കണ്‍ തുരങ്കമോ? അത്രയൊന്നും തുറക്കണ്ട. ശകലം അടച്ചു പിടി "

ഡോക്റ്റര്‍ ടോര്‍ച്ചടിച്ചു അയ്യൂബിന്റെ വായില്‍ ചില ഗവേഷണ പരീക്ഷണങ്ങള്‍ നടത്തി.

പരീക്ഷണത്തിന്റെ ഫലം ഏതാണ്ട് ഇങ്ങനെ ആയിരുന്നു.

1. അയ്യൂബ് പല്ല് തേച്ചിട്ട് കുറച്ചു ദിവസം ആയിരിക്കുന്നു
2. ഇന്ന് രാവിലെ തിന്ന കുബ്ബൂസ് അതേപടി പല്ലില്‍ ഇരിപ്പുണ്ട്
3. നാറ്റം പെറ്റ തള്ള സഹിക്കൂല.
4. പരീക്ഷണത്തിനിടയില്‍ അയ്യൂബ് ടോര്‍ച്ച് കടിച്ചു തിന്നാന്‍ നോക്കി.

" സാധാരണ എന്തൊക്കെയാ കഴിക്കാറ്? " പരീക്ഷണത്തിന്റെ അവശത വകവെക്കാതെ ഡോക്റ്റര്‍ ചോദിച്ചു.

" എട്ടു പൊറോട്ട, രണ്ടു പാക്കറ്റ് കുബ്ബൂസ്, പഴംകഞ്ഞി, ആറു കോഴിമൊട്ട. പിന്നെ ഓട്സ് കുറുക്കിയതും " അയ്യൂബ് തന്റെ മെനു വിവരിച്ചു

ഡോക്റ്ററുടെ വാ അയ്യൂബിന്റെ വായെക്കാള്‍ വലിപ്പത്തില്‍ തുറന്നു. അമ്പടാ ... എന്തോരം വലിയ വായ .. അയ്യൂബ് ചമ്മിപ്പോയി.

" ഒരു ദെവസം ഇത്രയൊക്കെ കഴിക്കുവോ? ... ഡോക്റ്റര്‍ തന്റെ വാ അടയ്ക്കാന്‍ കൂട്ടാക്കാതെ ഞെട്ടിക്കൊണ്ടിരുന്നു

" ഒരു ദേവസം അല്ല ഡോക്റ്ററെ .. ഒരു നേരം .. !!! " അയ്യൂബ് ദയനീയമായി ഡോക്റ്ററെ നോക്കി.

ഡോക്റ്ററുടെ വാ ട്ടപ്പേ എന്ന ഒരു സൌണ്ട് ഉണ്ടാക്കി അടഞ്ഞു. അയ്യൂബ് നോക്കിയതിനേക്കാള്‍ ദയനീയമായി ഡോക്റ്റര്‍ അയ്യൂബിനെ നോക്കി. നേഴ്സ് ആണെങ്കില്‍ ഇപ്പൊ കരയും എന്ന ഭാവത്തില്‍ നില്‍ക്കുകയാണ്.

ഡോക്റ്റര്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു " ഹേയ്ശ്ശ്ശ് ...... " നിശ്വാസം അതിന്റെ പാട്ടിനു പോയി

ഡോക്റ്റര്‍ സാവധാനം എഴുന്നേറ്റു. കഴുത്തില്‍ നിന്നും സ്റ്റെതസ്ക്കൊപ്പ് ഊരി മേശപ്പുറത്തു വച്ചു. ദയനീയമായി അയ്യൂബിനെ ഒന്നൂടെ നോക്കി. ശേഷം ആഞ്ഞങ്ങു തൊഴുതു.

" സാറ് മാപ്പാക്കണം. ഇവിടെ ആനകളെ ചികില്സിക്കാറില്ല "

" സാറേ .. ഇത് ആനയല്ല. മനുഷ്യന്‍ തന്നാ .. കണ്ടില്ലേ രണ്ടു ചെവി ഒണ്ട്. ഒരു മൂക്കൊണ്ട്. പോരാത്തതിന് ഷര്‍ട്ടും പാന്റും ഇട്ടിട്ടൊണ്ട്. മനുഷ്യന്‍ തന്നാ ... " സുധി ഡോക്റ്റര്‍ക്ക്‌ വിജ്ഞാനം പകര്‍ന്നു കൊടുത്തു.

വിജ്ഞാനം പകര്‍ന്നു കിട്ടിയ ഡോക്റ്റര്‍ വിജ്ഞാനി ആയി, വിജ്ഞാനി അയ്യൂബിനെ ഉപദേശിച്ചു,

" തീറ്റ കുറയ്ക്കണം. രാവിലെ ഒരു കുബ്ബൂസ് തിന്നാം. ഉച്ചക്ക് ഒരു പ്ലേറ്റ് ചോറ്. രാത്രി രണ്ടു ചപ്പാത്തി. ഇത്രേ കഴിക്കാന്‍ പാടുള്ളൂ "

അയ്യൂബിന്റെ സകല ഗ്യാസും പോയി. കണ്ണ് നിറഞ്ഞു. ശബ്ദം താഴ്ത്തി അയ്യൂബ് ഡോക്റ്റരോട് ചോദിച്ചു

" ചോറിന്റെ പ്ലേറ്റ് കുറച്ചു വലിപ്പം കൂടിയാല്‍ പ്രശ്നോണ്ടോ ? ??? "

" എറങ്ങിപ്പോടാ ................................. !!!!!!!!!!!!!! "

ഡോക്റ്ററുടെ അലര്‍ച്ചയില്‍ ആശുപത്രി കുലുങ്ങി.

അയ്യൂബിനേം വലിച്ചു ഞാനും സുധിയും പുറത്തു ചാടി. ആശുപത്രിയുടെ പുറത്ത് എത്തിയ പാടെ അയ്യൂബ് ചോദിച്ചു

" അളിയാ .... നമുക്ക് വല്ലോം കഴിക്കാം? ?? "

" അപ്പൊ ഡയറ്റിംഗ് ?? " സുധിയും വാ പൊളിച്ചു
.
" ഓ .... ഇനീപ്പം നാളെയാട്ട്രാ ................ "

ഞങ്ങളുടെ മനസ്സില്‍ ഉരുണ്ടു കൂടിയ തെറി വിളിയുടെ ഗാംഭീര്യം ഒട്ടും ചോര്‍ന്നു പോകാതെ അടുത്ത് നിന്ന ഒരു ലൈന്‍ ബസ്സ് നീട്ടി ഒരു ഹോണടിച്ചു

2014, ഡിസംബർ 15, തിങ്കളാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ

നേരം പര പരാ വെളുത്തു . തറ തറാ വെളുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കുഞ്ഞൂഞ്ഞു സമാധാനിക്കാന്‍ ശ്രമിച്ചു . ജനല്‍ തുറന്നു കുഞ്ഞൂഞ്ഞു പുറത്തേക്കു നോക്കി. ആഹാ .. അതാ കേള്‍ക്കുന്നു പല തരം പക്ഷികളുടെ കല പില ശബ്ദം. ഏതൊക്കെ പക്ഷികള്‍ ആണെന്ന് കണ്ടു പിടിക്കാന്‍ കുഞ്ഞൂഞ്ഞു ഒരു ശ്രമം നടത്തി.
കുഞ്ഞിന്റെ കയ്യില്‍ പിടിച്ചു കിണറ്റിന്‍ കരയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വഴി കുഞ്ഞിന്റെ തലമുറകള്‍ പലതിനെയും തെറി വിളിക്കുന്ന പക്ഷി സാവിത്രി ആണെന്ന് ഉറപ്പിക്കാം. കാരണം ഈ കോളനിയില്‍ ഈ പക്ഷിക്ക് മാത്രമേ കാക്ക കാറും പോലെ ഉള്ള സമിണ്ട് ഉള്ളൂ . എന്തൊരു ഹമ്മിംഗ് ആണപ്പാ . ഇവളുടെ കൂടെ ആ കെട്ടിയോന്‍ പക്ഷി എങ്ങനെ ആണാവോ നില്‍ക്കുന്നെ ..
കെട്ടിയോന്റെ പുറത്തു ചെണ്ട കൊട്ടുന്ന പോലെ അടിച്ചു കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന പക്ഷി രമണി ആണോ അതോ ജാനകി ആണോ? എന്തായാലും ആ ആള്‍ക്ക് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അയ്യായിരത്തി ഇരുനൂറ്റി മുപ്പതില്‍ പാടാന്‍ ചാന്‍സ്‌ കിട്ടും. അത്രയ്ക്ക് കേമമാണ്‌ താളവും ബോധവും.
ഉമ്മറ തിണ്ണയിലിരുന്നു മുറുക്കാന്‍ ഇടിക്കുന്ന മുതു കിളവിയെ പ്രാകുന്ന പക്ഷി ശാന്തമ്മ ആയിരിക്കും. ശാന്തമ്മ പക്ഷി ഉലക്കക്ക് പകരം ആ വല്യമ്മയെ ഉപയോഗിക്കാറുണ്ടെന്നാ പലരും പറയുന്നേ. എന്തിനു അതൊക്കെ ശ്രദ്ധിക്കണം ? നമ്മളായി നമ്മടെ പാടായി.
ആരാണ് കുഴല്‍ കിണറിന്റെ അടുത്ത് ബക്കറ്റില്‍ വെള്ളം തെറിപ്പിച്ചു സാധകം ചെയ്യുന്നത്? ഓ ആ നാട വിര പോലത്തെ ചെക്കന്‍ വിക്രമാദിത്യന്‍ ആണ്. ആരാണാവോ അവനു ഈ പേരിട്ടത്. ആ പേരും അവനെയും കണ്ടാല്‍ സാക്ഷാല്‍ വിക്രമാദിത്യ മഹാ രാജാവ് പോലും വലിച്ചു കൊണ്ടിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു ഓടിപ്പോയി തൂങ്ങി ചാകും. അയ്യോ അവന്‍ സാധകം ചെയ്യുക അല്ലായിരുന്നോ? കുളിക്കാന്‍ മടി ആയിട്ട് അവന്റെ ചേച്ചി സംഗീത അവനിട്ട് കൊട്ടുകയാണ് . കൊട്ട് കിട്ടിയ സന്തോഷത്തില്‍ വിക്രമാദിത്യ മഹാരാജാവ് എട്ടാം കട്ടക്ക് ഒമ്പതാം രാഗത്തില്‍ അളക്കുകയാണ്. എന്തൊരു കാറിച്ച. അവന്റെ ചേച്ചി സംഗീത ഒരു പോക്ക് കേസാണ് . അവളെ ഒന്ന് വളക്കാന്‍ വേണ്ടി കുറെ പാട് പെട്ടതാണ്. അവസാനം ചെരുപ്പ് മുഖത്ത് കിടക്കും എന്ന് പറഞ്ഞപ്പോള്‍ മുഖത്തിന്‌ നാട്ടുകാര്‍ കരം കെട്ടുന്നുണ്ടെന്നു പറഞ്ഞു പിന്മാറിയതാണ്. പോക്ക് കേസല്ലെങ്കില്‍ പിന്നെ അവള്‍ക്കൊന്നു വളഞ്ഞാലെന്താ? അതെങ്ങനാ കുടുംബത്തില്‍ പിറക്കണം പെണ്ണുങ്ങളായാല്‍ .
കുഞ്ഞൂഞ്ഞു പക്ഷി നിരീക്ഷണം മതിയാക്കി മൂരി നിവര്‍ത്തു . കണ്ടമാനം സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് ഉള്ളതില്‍ നല്ലത് നോക്കി നാല് കോട്ടുവാ വിട്ടു. യാതൊരു അഹങ്കാരവും കാണിക്കാതെ കൊട്ടുവാസ് അവരുടെ പാട്ടിനു ഇറങ്ങി പോവുകയും ചെയ്തു . പക്ഷെ കുഞ്ഞൂഞ്ഞു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പോയ കൊട്ടുവാസ് ഇങ്ങനെ ഒരു കൊടും ചതി ചെയ്യുമെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് ഇറങ്ങി അതുവഴി അങ്ങ് പോയാല്‍ പോരെ? ഇറയത്ത്‌ ചാരു കസേരയില്‍ മടക്കു പിച്ചാത്തി മടക്കി വച്ചിരിക്കുന്ന പോലെ കുത്തി ചാരി ഇട്ടിരിക്കുന്ന വല്യച്ഛന്റെ മൂക്കിലേക്ക് കയറി പോകണമായിരുന്നോ ?
" ഫാ ... ഉള്ള കള്ളും കഞ്ചാവും വലിച്ചു കെട്ടി കേറി വന്നോളും . മുടിയാന്‍ നേരത്ത് മുടിച്ചൂര്‍പ്പന്‍ കൊലച്ചുണ്ടായ സന്തതി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ. തന്ത പോയ വഴിയെ നീയും പോകും. അതെങ്ങനെയാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "
ഈ തന്തപ്പിടി എന്തിനാ ഈ മത്തന്റെയും കുമ്പളത്തിന്‍റെയും പിന്നാലെ പോകുന്നെ? പഴഞ്ചൊല്ലുകള്‍ ഒക്കെ മാറിയ വിവരം മൂപ്പില്‍സ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബ്ലഡി പിത്തക്കാടീസ് . കണ്ട്രി ഫെല്ലോ . ഓള്‍ഡ്‌ ടീത്ത്‌ലെസ്സ് കിഴവന്‍ മൂക്കണാഞ്ചി . " ദേ കിഴവാ ശീമ പോര്‍ക്കെ . ചൊല്ലുകളൊക്കെ മാറി. മുരിങ്ങക്കാ നട്ടാല്‍ ചേന വിളയില്ലെന്നാ പുതിയ ചൊല്ല് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കിഴവന്‍ മൂപ്പില്‍സിന്റെ വിവര സാങ്കേതിക വിദ്യ ഒന്ന് പരിപോഷിപ്പിചാലോ എന്ന് വിചാരിച്ചതാണ്. പിന്നെ അടങ്ങി. എന്തിനാ വെറുതെ മൂപ്പില്‍സിനെകൊണ്ട് സ രി ഗ മ പ ദ നീ പാടിക്കുന്നെ? വേണ്ട.. ജീവിച്ചു പോയ്ക്കോട്ടെ ഓള്‍ഡ്‌ മങ്കി തന്തപ്പടി .
എന്നാലും ഒരു കൊട്ടുവായ്ക്ക് ഇത്രേം പവറോ ? ഒന്ന് പരീക്ഷിച്ചു നോക്കാം. കുഞ്ഞൂഞ്ഞു വായുടെ മുന്നില്‍ കൈ കൊണ്ട് വച്ചു . കുഞ്ഞൂഞ്ഞിന്റെ കൈക്കുള്ള പ്രത്യേകത ആയിരുന്നു അത്. കൈ വായുടെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ സാധിക്കും. അതുപോലെ തല ചൊറിയുക, മൂക്കില്‍ വിരലിട്ടു തിരിക്കുക, ചെവിയില്‍ ചെറു വിരല്‍ കടത്തി പമ്പരം പോലെ കറക്കി ആത്മ നിര്‍വൃതി അടയുക തുടങ്ങിയ മറ്റുള്ള ഒരാള്‍ക്കും പറ്റാത്ത അഭ്യാസ മുറകളും കുഞ്ഞൂഞ്ഞിന് വശമുണ്ടായിരുന്നു.
കുഞ്ഞൂഞ്ഞു കയ്യിലേക്ക് ഊതി . എന്റമ്മച്ചീ .. ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു ദുര്‍ഗതി വരുത്തരുതേ .. ചുമരില്‍ ചാരി നിന്നത് രക്ഷയായി. അല്ലെങ്കില്‍ നാറ്റം കൊണ്ട് മറിഞ്ഞു വീണേനെ . എന്തായിരിക്കും ഈ നാറ്റത്തിനു കാരണം? കുഞ്ഞൂഞ്ഞു ഗവേഷണിക്കാന്‍ തുടങ്ങി. ഗവേഷണത്തിന്റെ അവസാനം കുഞ്ഞൂഞ്ഞു കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്
1 . പല്ല് തേച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു
2 . ഇന്നലെ പട്ട ചാരായം ആണ് കുടിച്ചത്

3 . മേമ്പൊടിക്ക് താറാ മൊട്ടയും കഞ്ചാവും വലിച്ചിരുന്നു
4 . വാ കഴുകിയിരുന്നില്ല .
എന്തായാലും ഇന്നൊന്നു പല്ല് തേക്കണം. കുളിക്കണോ? വേണ്ട. അത് അടുത്ത ആഴ്ച മതി. കുഞ്ഞൂഞ്ഞു പല്ല് തേക്കാനുള്ള യന്ത്ര സാമഗ്രികള്‍ തപ്പാന്‍ തുടങ്ങി . കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പഴയ പുസ്തകങ്ങളും തകര പാട്ടകളും കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ നിന്നും ഒരു ബ്രഷ് കണ്ടെടുത്തു. വല്ല എലിയും വലിച്ചുകൊണ്ട് പോയതായിരിക്കും. ബ്രഷിന്റെ പല്ലുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. അത്രയ്ക്ക് ഫിനിഷിംഗ്. എന്തായാലും വേണ്ടില്ല. ഇനി പേസ്റ്റ് വേണമല്ലോ. ഇനി അതൊക്കെ തപ്പി നേരം കളയാന്‍ നേരമില്ല . തല്‍ക്കാലം സോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം . അതിനു സോപ്പ് എവിടെ?
സോപ്പിനു വേണ്ടി ഉള്ള അന്വേഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കുഞ്ഞൂഞ്ഞു തുടങ്ങി വച്ചു. ഇനി വല്ല സി ബി ഐ യെകൊണ്ടും അന്വേഷിപ്പിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചു അതെക്കുറിച്ച് ഗവേഷണിക്കാന്‍ വേണ്ടി തയ്യാറെടുക്കുമ്പോഴാണ് സോപ്പ് കണ്ടത്. കഴുക്കോലിന്റെ മുകളില്‍ കൊണ്ട് വച്ചിരിക്കുന്നു പരട്ട എലി . അവനെ എങ്ങാന്‍ ഇപ്പൊ കയ്യില്‍ കിട്ടിയാല്‍ .. ഹാ ..
ബ്രുഷും സോപ്പും എടുത്തു കുളിമുറിയിലേക്ക് കയറി. ബ്രഷ് കൊണ്ട് സോപ്പിനു നോവാത്ത രീതിയില്‍ രണ്ടു തൊണ്ട് തോണ്ടി. എന്നിട്ട് പല്ല് തേക്കാന്‍ ആരംഭിച്ചു . മുഖം കഴുകി വീണ്ടും മുറിയിലെത്തി.
പുറത്തു കാക്കകള്‍ കാറുന്നു. കുയിലുകള്‍ കൂകുന്നു. മൂങ്ങകള്‍ മൂങ്ങുന്നു. കുഞ്ഞൂഞ്ഞിന് അതിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനാണ് കുഞ്ഞൂഞ്ഞ് . ഭാവിയെക്കുറിച്ച് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ചായക്ക്‌ പലഹാരം ഇഡ്ഡലി ആണോ അതോ ദോശ ആണോ. ഇനി അതിനു ചമ്മന്തി ആണോ സാമ്പാര്‍ ആണോ? ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ഇല്ല . അന്തവും കുന്തവും പിന്നെ പണ്ടേ ഇല്ലാത്തത് കൊണ്ട് അതെക്കുറിച്ച് ഗവേഷണിക്കാന്‍ തല്‍ക്കാലം കുഞ്ഞൂഞ്ഞ് താല്പര്യം എടുത്തില്ല . അടുക്കളയില്‍ കയറി സൌമ്യമായി അമ്മയെ വിളിച്ചു
" അമ്മേ ....................... "
മാതാജി തിരിഞ്ഞു നോക്കി . നില്‍ക്കുന്നല്ലോ തന്റെ സീമണ്ട ഫുത്രന്‍ . കടിഞ്ഞൂല്‍ സന്തതി. അവസാന കാലത്ത് തനിക്കു വായ്ക്കരിയിടാനും കൊള്ളി വെക്കാനും ദൈവം തന്ന അരുമ സന്താനം . സദ്‌ ഗുണ സമ്പന്നന്‍ , വായില്‍ വിരലിട്ടാല്‍ കടിക്കാത്തവന്‍ ... മകനെ നോക്കും തോറും മാതാജിക്ക് രോമാഞ്ചം . ആഹ്ലാദം ആമോദം .... സന്തോഷം കൊണ്ട് അമ്മച്ചിക്ക് പള്ളിയില്‍ പോയി ഒരു പാട്ട് കുര്‍ബാനയോ പള്ളിപ്പെരുന്നാളോ വരെ നടത്തിയാലോ എന്ന് ആശ തോന്നി.
" തള്ളേ .... എന്ത് കാഴ്ച കണ്ടോണ്ടു നിക്കുവാ ? വെശന്നിട്ടു പാടില്ല. വല്ലതും തിന്നാന്‍ ഇരിപ്പുണ്ടെങ്കില്‍ താ "
മകന്റെ തിരു വചനങ്ങള്‍ കേട്ട് മാതാജിയുടെ മനസ് നിറഞ്ഞു . പള്ളിപ്പെരുന്നാളും പാട്ട് കുര്‍ബാനയും എന്ന ആശകള്‍ ശൂ .... എന്ന് കൈകൊട്ടി പാടിക്കൊണ്ട് ഇറങ്ങി പോകുന്നത് മാതാജി വിഷമത്തോടെ നോക്കി നിന്നു.
മകന് മുണുങ്ങാന്‍ ദോശയും ചമ്മന്തിയും വിളമ്പി. മാതാജി ഇന്റര്‍ നാഷണല്‍ കാര്യമായ പശുവിനു കാടി കൊടുക്കുക എന്ന അതി ഭീകരമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പോയി. വയറു നിറച്ചു മുണുങ്ങി നാലഞ്ചു സുന്ദരന്‍ ഏമ്പക്കങ്ങളും വിട്ടു കുഞ്ഞൂഞ്ഞ് ഇറങ്ങി നടന്നു .
അതെ കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഒരു ദിവസം തുടങ്ങുകയാണ് .

ചലോ ചലോ ഷോപ്പിംഗ്‌ മാള്‍

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാല്‍ ഒരു പൊറുതികേടാണ് . എവിടെക്കെങ്കിലും കറങ്ങാന്‍ പോണം . അല്ലേല്‍ എന്തോ പോലെയാണ് .
ഈ കറങ്ങാന്‍ പോക്ക് എന്ന് പറഞ്ഞാല്‍ വല്യ കാര്യം ഒന്നും ഇല്ല . പുറമേന്ന് ഭക്ഷണം , അല്പം കിളി ദര്‍ശനം . വായ്നോട്ടം . തീര്‍ന്നു . ഇവിടെയൊക്കെ നാല് കിളികളെ മുഖത്ത് കര്‍ട്ടന്‍ ഇല്ലാതെ കാണാന്‍ കഴിയുന്ന ദിവസങ്ങളാണ് വ്യാഴവും വെള്ളിയും . മറ്റു ദിവസങ്ങളിലും കാണാന്‍ കഴിയുമായിരിക്കും . പക്ഷെ കാണാന്‍ പോകാന്‍ നമുക്കും കൂടി പറ്റണ്ടേ ? ആപ്പീസിലെ പണി ഞാന്‍ റൂമില്‍ വച്ച് ചെയ്തോളാം എന്ന് പറയാന്‍ കൊറേ പ്രാവശ്യം തുനിഞ്ഞതാണ് . റൂമില്‍ വച്ച് തന്നെ പണി ചെയ്തോ ശമ്പളവും റൂമീന്നു തന്നെ വാങ്ങിക്കോ എന്ന് ബോസ് പറഞ്ഞാല്‍ തീര്‍ന്നില്ലേ കത്തിക്കല്‍ ?
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പണി . പണിയെന്ന് വച്ചാല്‍ നിന്ന് തിരിയാന്‍ കൂടി സമയം ഇല്ല ( എന്റെ കാര്യം അല്ല. പണി എടുക്കുന്നോര്‍ക്ക് ) . പിന്നെ ഉള്ളത് വെള്ളിയാഴ്ചയാണ് . അറമാദിക്കണ്ടേ ? നിങ്ങള് പറ ...
ശനി മുതല്‍ അടുത്ത വെള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് . ദിവസങ്ങള്‍ നീങ്ങണ്ടേ ? ശ്ശോ ...
ഡും
വെള്ളിയാഴ്ചയായി . അതിരാവിലെ ഉച്ചക്ക് രണ്ടു മണിക്ക് എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ( സത്യമായിട്ടും ഒള്ളതാ ) കുട്ടപ്പനായിട്ട് ഇരുന്നു . സഹമുറിയന്മാര്‍ സുധിയും അയ്യൂബും . ബുദ്ധി , വിവരം എന്നിവ തൊട്ടു തീണ്ടാത്ത കണ്ട്രി ഫെല്ലോസ്‌ . ഞാനും എന്റെ ബുദ്ധിയും ശക്തിയും കഴിവും ( ശിവനേ ................................ !!!!!! ) ഉള്ളത് കൊണ്ട് അവരും ജീവിച്ചു പോവുന്നു . പാവങ്ങള്‍ !!!
എല്ലാരും കുളിച്ചു വന്നു ആര്‍ഭാടത്തോടെ ഭക്ഷണം കഴിച്ചു . ഫ്രൈഡ്‌ റൈസ്‌ , ചില്ലി ചിക്കെന്‍ , സിക്സ്റ്റി ഫൈവ്‌ , ഐസ്ക്രീം എന്നീ വിഭവങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് ചോറും സരഡേയ്ന്‍ ഫ്രൈയും ( തെറ്റിദ്ധരിക്കണ്ട . മത്തി പൊരിച്ചത്‌ തന്നെ ) കുഴച്ചു കുഴച്ച് മുണ്‌ങ്ങി ഏമ്പക്കവും വിട്ട് എണീറ്റു . കൈ കഴുകിയപ്പോ വയറിന്റെ ക്രമസമാധാന നില തകര്‍ന്ന പോലെ . ഒരു സിഗരറ്റ്‌ എടുത്തു വലിച്ച് പൊഹ വിട്ടു . ഇപ്പൊ വയറിനു കണ്ടമാനം ക്രമസമാധാനം .
കട്ടിലില്‍ പോയി ഇരുന്നു ഞാന്‍ രണ്ടാളെയും മാറി മാറി നോക്കി . അവശര്‍ ആലംബഹീനര്‍ . രണ്ടാളും ലാപ്പില്‍ നിധി ഉണ്ടെന്ന ഭാവത്തില്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് .
" എടാ .... " ഞാന്‍ അവരെ രണ്ടാളെയും നോക്കി പതിയെ വിളിച്ചു .
ഏഹെ ... അവര്‍ക്ക് പുല്ല് .. പുല്ലുവില .
" ഡാ .. ഇന്ന് വെള്ളിയാഴ്ചയാ .. " ഞാന്‍ പുതിയ എന്തോ കണ്ടുപിടിച്ച പോലെ അവരോടു പറഞ്ഞു .
എന്റെ കണ്ടുപിടിത്തം അംഗീകരിച്ച മട്ടില്‍ അവര്‍ എന്നെ നോക്കി . അയ്യൂബിന്റെ മുഖത്ത് പുച്ഛം . സുധിയുടെ മുഖത്ത് പരമപുച്ഛം .
" വെള്ളിയാഴ്ച ആണേല്‍ നാളെ ശനിയാഴ്ച ആയിക്കോളും . നീ ഇനി പുതിയ ദിവസം ഉണ്ടാക്കാനൊന്നും പോണ്ട !!
ദരിദ്രവാസികള്‍ . കോമണ്‍സെന്സില്ലാത്ത പരിഷകള്‍ . ഇവരോടൊക്കെ എന്ത് പറയാന്‍ ?
" ഡാ നമുക്കൊന്ന് കറങ്ങാന്‍ പോവാം ? ചിലവ് മുഴുവന്‍ എന്റെ വക !!! "
ട്ടപ്പേ ............. !!! രണ്ടാളേം കട്ടിലില്‍ കാണാനില്ല !!! എന്തൊരത്ഭുതം . എവിടെപ്പോയി ?
ഞാന്‍ ചുറ്റും നോക്കി . അപ്പോഴതാ എന്റെ കാല്‍ക്കീഴില്‍ നിന്നൊരു ശബ്ദം .
" അളിയാ .. നമക്ക് പോണ്ടേ ? "
രണ്ടെണ്ണവും അതാ പുതു പുത്തന്‍ പാന്റും ഷര്‍ട്ടും ടൈയും ഒക്കെ കെട്ടി കുട്ടപ്പനും രാജപ്പനും ആയി നില്‍ക്കുന്നു . !!!
ഇതുങ്ങള്‍ എന്നെ മുടിപ്പിച്ചിട്ടെ അടങ്ങൂ . എന്റെ ചിലവെന്നു പറയണ്ടാരുന്നു . അതെങ്ങനാ ? പോയ ബുദ്ധി ജെസിബി കൊണ്ട് പിടിച്ചാലും കിട്ടില്ലല്ലോ . ഇമ്മാതിരി ഓരോ കാര്യങ്ങള്‍ എനിക്ക് ഇടയ്ക്കിടെ പറ്റാറുള്ളത് കൊണ്ട് ഈ അബദ്ധവും എന്നും ചെയ്യുന്നപോലെ ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കി .
"ഹേയ്ശ് .... " സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ ഞാനൊരു ദീര്‍ഘ നിശ്വാസം വിട്ടു .
അവരൊക്കെ ഒരുങ്ങിയ പോലെ നമ്മളും ഒരുങ്ങിയില്ലെങ്കില്‍ മോശമല്ലേ? നമ്മള്‍ അങ്ങനെ കൊച്ചാവാന്‍ പാടില്ലല്ലോ . എടുത്തുടുത്തു പാന്റൊരെണ്ണം . എടുത്തണിഞ്ഞു ഷര്‍ട്ട് ഒരെണ്ണം . ടൈ പണ്ടേ ഇല്ലാത്തതുകൊണ്ട് അത് നോക്കാന്‍ പോയില്ല . പക്ഷെ അവരെപ്പോലെ .......
ഒരു കാര്യം ചെയ്താലോ ? തോര്‍ത്ത് ചുരുട്ടി ടൈ ആയി കെട്ടിയാലോ ? വേണ്ട . വെള്ള ടൈ ഒരു രസമുണ്ടാകില്ല .
ടൈ ഒഴിവാക്കി അണിഞ്ഞൊരുങ്ങി . കണ്ണാടിയില്‍ നോക്കി . ആഹഹ .. എന്തൊരു ഭംഗി !!! എന്റെ സൌന്ദര്യത്തില്‍ എനിക്ക് തന്നെ അസൂയ തോന്നിയ നിമിഷം .
" ബ്രൂസ്‌ലിയെപ്പോലെ ഇരുന്നിട്ടും അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ? റസ്സല്‍ ക്രോ ആണെന്നാ വിചാരം . കഴുത ,... "
ങേ .. ആരാ അത് ? സുധിയാണോ ? അല്ല . അവന്‍ അടുക്കളയില്‍ കറിച്ചട്ടിയില്‍ തലയിടുകയാണ് . ഇനി അയ്യൂബാണോ ? ഹേയ് അവനും അല്ല . അവന്‍ വയറിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് . വീര്‍പ്പിടാതിരിക്കുവോ ? രണ്ടാളുടെ വയര്‍ അവനു സ്വന്തമായി ഉണ്ട് .
മാതാവേ .. ഇനി കണ്ണാടി എങ്ങാന്‍ ആണോ ? ഞാന്‍ കണ്ണാടിയെ ദേഷ്യത്തോടെ നോക്കി . അപ്പോഴതാ കണ്ണാടിയും എന്നെ ദേഷ്യത്തോടെ നോക്കുന്നു . പാവം ഞാന്‍ !!!
ഇറങ്ങി . ലുലു വിലേക്ക്‌ ടാക്സി പിടിക്കാം . ബസ്സില്‍ പോയാല്‍ വിയര്‍ത്തു കുളിച്ചു ഒരു പരുവമാകും . ഗ്ലാമര്‍ ഒക്കെ പോവും . ടാക്സി തന്നെ ശരണം .
വരുന്ന ടാക്സിക്കൊക്കെ കൈ കാണിച്ചു . ഒരുത്തനും നിര്‍ത്തുന്നില്ല . വ്യാഴവും വെള്ളിയും ഇവന്മാര്‍ക്കൊക്കെ ഭയങ്കര ജാഡയാണ് . അബ്ദുള്ള രാജാവ് ഇവരുടെ അമ്മാവനാണ് എന്ന മട്ടിലാ ടാക്സിക്കാരൊക്കെ നടക്കുന്നത് . ഹും . ശരിയാക്കി തരാമെടാ ....
ഭാഗ്യം . ഒരുത്തന്‍ നിര്‍ത്തി .
" ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ "
ഞാന്‍ എന്റെ തിരുവാ തുറന്നു .
" ബീസ് റിയാല്‍ " ഡ്രൈവര്‍ പുച്ഛത്തോടെ എന്നെ നോക്കി . ഇരുപത് റിയാലെ ... എന്റെ പട്ടി കൊടുക്കും .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " ( എനിക്ക് നിന്റെ വണ്ടി വേണ്ട ) ഹും . എന്റടുത്താ അവന്റെ കളി . അവനല്ലെങ്കില്‍ വേറെ ആളു വരും . അമ്പടാ .
" ക്യാ ? "
അവനു മനസിലായില്ലെന്ന് തോന്നുന്നു . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബുദ്ധൂസ് .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " എട്ടാം കട്ടക്ക് ഞാന്‍ വച്ച് കീറി .
"ബ്ലേ ................................. " ടാക്സിക്കാരന്റെ വാ തുറന്ന പടി ഇരുന്നു . അയാള്‍ ദയനീയമായി എന്നെ നോക്കി . ശേഷം കാറില്‍ തൂക്കിയിട്ട മക്കയുടെ ചിത്രത്തിലേക്ക് നോക്കി .
" ദൈവമേ ... ഈ മോതലിനെയും സൃഷ്ടിച്ചത് നീ തന്നെ ആണോ " എന്ന ഭാവത്തില്‍ .
ഇനിയും ഇവനെ ഞാന്‍ ഏതു ഇംഗ്ലീഷില്‍ മനസിലാക്കി കൊടുക്കും എന്റെ കര്‍ത്താവേ ...
ഞാന്‍ സുധിയെയും അയ്യൂബിനെയും നോക്കി . അവര്‍ ദയനീയമായി എന്നെ നോക്കുകയാണ് . ഇതിനും മാത്രം ദയനീയപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ കാര്യം പറഞ്ഞു . അയാള്‍ക്ക്‌ മനസിലാവുന്നില്ലെങ്കില്‍ ഇവര് വേണ്ടേ പറഞ്ഞു മനസിലാക്കികൊടുക്കാന്‍ ?
" പറഞ്ഞു കൊടെടാ ... " ഞാന്‍ എന്റെ ചങ്ങായിമാരോട് പറഞ്ഞു ,
നീ എന്തൊരു ജന്മമെടാ ... എന്ന മട്ടില്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയാ ശേഷം അയ്യൂബ് ടാക്സിക്കാരനോട് കാര്യം പറഞ്ഞു . അവസാനം പതിനഞ്ചിന് പോകാമെന്ന് ടാക്സിക്കാരന്‍ സമ്മതിച്ചു .
കാറില്‍ ഇരിക്കുമ്പോള്‍ സുധി പതിയെ എന്നെ തോണ്ടി .
" ഡാ ... നീ എന്താ ഡ്രൈവറോഡു പറഞ്ഞത് ? "
" എനിക്ക് നിന്റെ വണ്ടി വേണ്ടെന്നു "
"പൊന്നളിയാ ..... " അവന്‍ എന്നെ ആഞ്ഞു തൊഴുതു . ശേഷം പറഞ്ഞു . " നീ എന്തിനാ ഇതൊക്കെ പറയാന്‍ പോവുന്നത് ? ഒന്നും മിണ്ടാതിരുന്നാല്‍ പോരെ? "
ആണല്ലേ ?
അവനു അസൂയ . നാലാം ക്ലാസ്സ്‌ വരെയേ പോയിട്ടുള്ളെങ്കിലും എനിക്കും ഇംഗ്ലീഷ് പറയണ്ടേ ? ലോകത്തിന്റെ ഒരു അവസ്ഥ . ഒരുത്തന്‍ നന്നാകുന്നത് മറ്റൊരുത്തന് കണ്ടൂട !!!
ലുലുവില്‍ എത്തി . കിളികള്‍ .... നാനാതരം കിളികള്‍ ....
കണ്ണും മനസ്സും കുളിര്‍പ്പിച്ചു തെക്കോട്ടും വടക്കോട്ടും കറങ്ങി നടന്നു .
" ഡാ ഒരു അന്യഗ്രഹജീവി !!! വാങ്ങിച്ചാലോ ?" ഞാന്‍ ആഹ്ലാദത്തോടെ ചോദിച്ചു .
" കണ്ണാടിയുടെ മുന്നീന്ന് മാറി നിക്കെടാ !!! "
തീര്‍ന്നു . ഇവന്മാര്‍ ഇതെന്തിനുള്ള പുറപ്പാടാ ? ഞാന്‍ എന്ത് മിണ്ടിയാലും അപ്പൊ കേറും എന്റെ നെഞ്ചത്ത്‌ . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ?
ഇനി മിണ്ടില്ല . ഹും .
ഹായ്‌ ... ഒരു കറുത്ത ടെഡ്ഢിബിയര്‍ .. !!! ചുമ്മാ അതിലൊന്ന് പിതുക്കി നോക്കി .
" ഛീ ... ഹറാമി ............ " പെട്ടെന്നൊരു ചീറ്റല്‍ . ടെഡ്ഢിബിയര്‍ അതാ ഉയര്‍ന്നു വരുന്നു ,.
മാതാവേ ... ഒരു അറബി പെണ്കൊടി കുനിഞ്ഞു നിന്നതാണ് , ആ കൊടിയുടെ പിന്‍ഭാഗം ആണ് ഞാന്‍ ടെഡ്ഢിബിയര്‍ ആണെന്ന് കരുതി പിതുക്കിയത് . പെണ്‍കൊടിയുടെ അലര്‍ച്ച കേട്ട് കൊടിയുടെ ഭര്‍ത്താവ് ഓടിവന്നു . കൂടെ ഒരു ഡസന്‍ പിള്ളേരും . തന്റെ ഭാര്യയുടെ പിന്നാമ്പുറം ഒരുത്തന്‍ പിടിച്ചു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞു അറബി സന്തോഷം കൊണ്ട് തുള്ളിച്ചാടി .
" @%^&*(*$@#$%^&*(*$#@#$^&*&#@#$%^&*##$%^&*( "
ശിവനേ ................. ഞാനും ഒരു മനുഷ്യനല്ലേ ? ഇങ്ങനെ തെറി വിളിക്കാമോ ? അടി വീഴുന്നതിനു മുമ്പ്‌ സുധിയും അയ്യൂബും കൂടി എന്നെ പിടിച്ചു വലിച്ച് പുറത്തേക്കോടി .
" എടാ ... നമ്മള് തിന്നാന്‍ ഒന്നും വാങ്ങിച്ചില്ല !!! " ഓട്ടത്തിനിടയില്‍ ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തി .
" ഫാ ചൂലേ ... അവര് വയറു നിറയെ തന്നേനെ .. "
പിന്നേ ... എന്നെ എങ്ങാന്‍ തല്ലിയിരുന്നേല്‍ അവര് വിവരമറിഞ്ഞെനെ . നാട്ടിലേക്കു ഒരു ബോഡി പാര്‍സല്‍ ചെയ്യാന്‍ എന്താ ചാര്‍ജ്‌ !!!! അറബി ചമ്മിപ്പോയേനെ .
അതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ,. ഇനി ഷോപ്പിംഗ്‌ എന്ന ഒരു പരിപാടി ഇല്ല . ഇനി പോയാല്‍ തന്നെ ടെഡ്ഢിബിയര്‍ നെ നോക്കില്ല . നോക്കിയാല്‍ തന്നെ പിതുക്കില്ല . സര്‍വ്വോപരി മരമണ്ടന്മാരായ എന്റെ രണ്ടു ചങ്ങാതിമാരേം കൊണ്ടോകില്ല . പഠിക്കട്ടെ അവന്മാര്‍ !!!
അല്ല പിന്നെ . ദേഷ്യം വരൂല്ലേ !!!