സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം . അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു . എന്താണെന്നറിയാന്‍ വയ്യ . ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ് . ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും .
" പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ ... !!! "
ഞാന്‍ കേട്ട് ട്ടാ പറഞ്ഞത് .. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത് ..
സംഗതി എന്താന്നു വച്ചാ ... സിമ്പിള്‍ ...
വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ് . അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും . കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും . ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട് . പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍ അതിനു പോകും . പിന്നെ ഞാന്‍ മാത്രേ കാണുള്ളൂ .. പൈസ ഇല്ലാത്തവന്‍ ഇറച്ചിക്കടയില്‍ ചെന്ന പോലെ ഞാനങ്ങനെ മിഴുങ്ങസ്യാന്ന് നില്‍ക്കും . പാവം ഞാന്‍ ...
കോഴിയെ പുറത്തു കടയില്‍ നിന്നും വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല . വീട്ടില്‍ ഒരു ഉളുപ്പും ഇല്ലാതെ രാവിലെ മുതല്‍ ഒരു പണീം ചെയ്യാതെ തേരാപ്പാരാ നടക്കുന്ന ഏതെങ്കിലും ഒരു കോഴിയെയോ കോഴിനിയെയോ ഓടിച്ചിട്ടു പിടിക്കും .
അല്ല . നിങ്ങള് പറ . ഇതുങ്ങള്‍ക്കൊക്കെ വല്ല പണീം ചെയ്തൂടെ ?
ഞാനൊക്കെ എന്തൊക്കെ പണികള്‍ ചെയ്യുന്നുണ്ട് ?
രാവിലെ എണീക്കുന്നു . പല്ല് തേക്കുന്നു .. കുളിക്കുന്നു ( ശിവനേ ............ !!! ) ചാവാന്‍ പോകുന്ന പോലെ ഇപ്പൊ കരയും എന്ന ഭാവത്തില്‍ പൊത്തക സഞ്ചിയും ( പിന്നെയും ശിവനേ .... !!!! ഇപ്പൊ ശിവനെ വിളിക്കാന്‍ കാരണം ഉണ്ട് . മിക്കവാറും സഞ്ചിയില്‍ പുസ്തകംസ് ഒന്നും കാണൂല്ല . മാങ്ങയും കശുവണ്ടിയും അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് സാമഗ്രികളും , പിന്നെ ഉച്ചക്ക് ഭക്ഷിപ്പാന്‍ ഉള്ള സോറും ഹൂട്ടാനും മാത്രേ ഉണ്ടാവൂ . മാങ്ങ പോകുമ്പഴും വരുമ്പഴും തിന്നാന്‍ . കശുവണ്ടി സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് അണ്ടിത്തമ്പ് കളിക്കാന്‍ . മറ്റുള്ള വസ്തു വഹകള്‍ എന്തിനെന്ന് അമ്മച്ചിയാണേ എനിക്കൊരു ഊഹവും ഇല്ല ) തോളില്‍ ഇട്ട് പോകും . സ്കൂളില്‍ എന്താണ് പണിയെന്നു പിന്നെ പറയാം .
ഉച്ചക്ക് മാമുണ്ണും . പിന്നേം ഉറക്കം . സോറി പഠനം ( ഞാനിന്നു ശിവനെ വിളിച്ചു ചാവും ) . വൈന്നേരം സ്കൂളില്‍ നിന്ന് പുറത്തു ചാടിയാല്‍ ഉടനെ അടുത്തുള്ള പാടത്തേക്ക് പായും . അവിടെയാണ് ഫുട്ബാള്‍ , ക്രിക്കെറ്റ് തുടങ്ങിയ നാടന്‍ കളികളും , ഒളിച്ചേ കണ്ടേ , അണ്ടിത്തമ്പ് , കിളിമാസ് തുടങ്ങിയ വിശ്വ വിഖ്യാതമായ കളികളും അരങ്ങേറുന്നത് . എല്ലാ കളികളും എനിക്ക് നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ മിക്കവാറും കളി കണ്ടുകൊണ്ട് നില്‍ക്കും . മറ്റുള്ളോര്‍ പറയും കളി അറിഞ്ഞൂടാഞ്ഞിട്ടാണെന്നു . ചുമ്മാതാ .. വിശ്വസിച്ചു പോകരുതേ ..
പിന്നെ നമക്ക് ഇന്റെറസ്റ്റ് ഇല്ലാത്ത ഒരേ ഒരു കളിയെ ഉള്ളൂ . വായ്നോട്ടം .
പാട വരമ്പത്തൂടെ പോകുന്ന ചെറു കിളികള്‍ മുതല്‍ പറക്കാന്‍ പോയിട്ട് ഇഴയാന്‍ പോലും വയ്യാത്ത തൈക്കിളികളെ വരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കും . അതില്‍ നിന്ന് എന്റെ പ്രായത്തില്‍ ഉള്ള ചെറു കിളികളെ പ്രേമപുരസ്സരം നോക്കും . അവര്‍ക്ക് ഞാന്‍ പ്രേമപുരസ്സരം നോക്കുന്നത് വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട് . ഒരിക്കല്‍ ഞാന്‍ പ്രേമപുരസ്സരം ശാന്തിയെ നോക്കി . മൂന്നാം പക്കം ആണ് അവള്‍ കണ്ണ് തുറന്നത് . പെണ്‍കുട്ടികള്‍ അല്ലേ ? വളരുന്ന പ്രായം അല്ലേ ? ശരിക്ക് ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല . അതായിരിക്കും തളര്‍ന്നു വീണത് .
പക്ഷെ ശാന്തീടെ അച്ഛനും അമ്മാവനും എത്ര പറഞ്ഞിട്ടും മനസിലാവണ്ടേ . എന്റെ നോട്ടം കണ്ടു പേടിച്ച് ബോധം കെട്ടു വീണതാണത്രേ . എന്തൊരു കള്ളം . മനുഷ്യന് വിവരം ഇല്ലെന്നു വച്ച് ഇങ്ങനേം പൊട്ടത്തരം വിളിച്ചു പറയുമോ ? കഷ്ടം കഷ്ടം !!!!
എന്നെ അവര്‍ നല്ല രീതിയില്‍ ഉപദേശിച്ച് നന്നാക്കി . അതിന്റെ പരിണത ഫലമായി എന്റെ കവിള്‍ വളരെയധികം നന്നായി . ആ പോക്കങ്ങു പോയ്ക്കോളും പണ്ടാരങ്ങള്‍ എന്ന് കരുതി ആശ്വസിച്ചതാണ് . തിരിഞ്ഞു നിന്ന് അവള്‍ടെ അപ്പന്‍ ഒരു കാര്യം കൂടി വളരെ ശാന്തതയോടെ ; സ്നേഹത്തോടെ പറഞ്ഞു .
" കഴുവേര്‍ട മോനേ .. !!! "
" എന്തോ ............................. " വിളി കേട്ടത് മനസ്സില്‍ മാത്രം . പുറത്തേക്കു സൌണ്ട് വരാന്‍ സുണ്ടുകള്‍ സമ്മതിക്കണ്ടേ .
ഞാന്‍ എന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് അവരെ മാറി മാറി നോക്കി . അതിനിടെ അവര്‍ ബാക്കി കൂടി ഫില്‍ ചെയ്തു .
" ഇനിയെങ്ങാന്‍ പെമ്പിള്ളേര് പോണ വഴീല്‍ നിന്നെ കണ്ടാല്‍ .... !@#$%^&*^%$#@ ( ശക്തി തരൂ കാവിലമ്മേ ... ) നിന്റെ തവളക്കണ്ണു ഞാന്‍ അടിച്ചു പൊട്ടിക്കും !!! "
സന്തോഷം . മനസ്സില്‍ ലഡ്ഡുക്കള്‍ പൊട്ടി .
തവളേടെ കണ്ണു അടിച്ചു പൊട്ടിച്ചോ . എന്റെ കണ്ണു ഞാന്‍ തരൂല്ല . അമ്പടാ ...
അതും ഞാന്‍ പറഞ്ഞത് മനസ്സില്‍ തന്നെ . ആദ്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറയണം എന്ന് കരുതിയതാണ് . പിന്നെ കരുതി . അത് കേട്ടാല്‍ അവര് മുന്‍കരുതല്‍ എടുക്കും . കണ്ണെടുക്കാന്‍ വരുമ്പോ കൊടുക്കാതിരുന്നാല്‍ പോരേ ? അവര് ചമ്മിപ്പോട്ടെ .
ഞാനിതെവിടെക്കാ പോകുന്നത് ? ശോ ...
വിളക്ക് വെക്കാറാകുമ്പോ വീട്ടില്‍ ക്ഷീണിച്ചു ചെന്ന് കയറും . അമ്മേടേം അച്ഛന്റേം വായിലിരിക്കുന്ന സാഹിത്യ ഭാഷയിലെ നല്ല നല്ല പ്രയോഗങ്ങള്‍ കേട്ട് സായൂജ്യമടഞ്ഞു അടുക്കളയില്‍ കയറി തിന്നാന്‍ കൊള്ളാവുന്ന സകലതും എടുത്ത് തിന്നും . പിന്നെ ബാലരമയും പൂമ്പാറ്റയും വായിക്കും .
വായിച്ച് ഒരു വഴിയാകുമ്പോള്‍ കേള്‍ക്കാം സ്നേഹമസൃണമായ അമ്മയുടെ സ്വരം
" വല്ലതും നക്കീട്ട് കെടന്നൊറങ്ങെടാ തല തെറിച്ചവനേ ... !!! "
അത്താഴം കഴിക്കാനുള്ള സൈറന്‍ ആണത് . സൈറന്‍ മുഴങ്ങുമ്പോള്‍ എണീറ്റ് പോയി ഞ്ഞം .. ഞ്ഞം .. ന്ന് വെട്ടി വിഴുങ്ങി കിടന്നുറങ്ങും .
ഇത് വല്ലതും കോഴി ചെയ്യുന്നുണ്ടോ ? രാവിലെ എണീറ്റ് കൊക്കോക്കോ ... ന്ന് കൊക്കി പുറത്തിറങ്ങും . ഇടയ്ക്കിടെ കൊക്കോക്കോ മാത്രം പറഞ്ഞാല്‍ മതി . കൊക്കോക്കോക്കിടയില്‍ തീറ്റയും കുടിയും എല്ലാം നടക്കും . വേറെ ഒന്നും അറിയണ്ട . സുഖിമാന്‍ കോഴി . ഹും
അങ്ങനെ ഈ കഥ നടക്കുന്ന സുദിനം വന്നെത്തി . മേമയും കുടുംബവും വിരുന്നു വന്നു . ട്ടെന്‍ട്ടെഡെന്‍ ......
ഞാന്‍ പ്രായമായ ഒരു പൂവന്‍ കോഴിയുടെ പിറകില്‍ പോയി ഓട്ട മല്‍സരത്തിനു വിസില്‍ കാത്തു നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുകയാണ് .
" ആ പൂവനെ ഇങ്ങു പിടിച്ചേടാ .... !!! "
അമ്മയുടെ ആജ്ഞ കേട്ടതും ഞാന്‍ പൂവന്റെ പിന്നാലെ പാഞ്ഞു .
" രെച്ചിക്കണേ ..... " എന്നും പറഞ്ഞ് ഫൂവന്‍ ഓടി . പക്ഷെ മാലോകര്‍ കേട്ടതു കൊക്കോക്കോ മാത്രം . പാവം കോയി .
മാരത്തോണ്‍ ഓട്ടം കഴിയാറായി ,. അവസാന ലാപ്പില്‍ പൂവന്‍ എന്റെ കയ്യില്‍ !!!
അപ്പോഴാണ് അടുത്ത പ്രശ്നം . എപ്പോഴും കോഴിയെ അറുക്കുന്നത് അച്ഛനാണ് . അച്ഛന്‍ ഇപ്പൊ ജോലിക്ക് പോയിരിക്കുകയാണ് . എന്ത് ചെയ്യും ?
" എന്ത് ചെയ്യും ? " അമ്മയും ഇരുന്നു തിങ്കി .
അമ്മയ്ക്ക് കോഴിയെ കൊല്ലുന്നത് പേടിയാണ് . വിരുന്നുകാരോട് കൊല്ലാന്‍ പറയുന്നത് ശരിയല്ലല്ലോ . പിന്നെ ഉള്ളത് ഞാനാണ് .
ഞാന്‍ .... ധീരന്‍ !!! വീരന്‍ !!! വില്ലാളി വീരന്‍ ... വീരമണികണ്ഠന്‍ !!! സ്വാമിയെ ശരണമയ്യപ്പാ ....
അമ്മയുടെ അറിവിലേക്കായി ഞാന്‍ പതിയെ ഉണര്‍ത്തിച്ചു " കൊയീനെ ഞാന്‍ കൊന്നോളാം !!! "
പറഞ്ഞ ശേഷം അമ്മയുടെ കൈ എത്തുന്ന രീതിയില്‍ ഞാനെന്റെ കവിള്‍ സെറ്റ് ചെയ്തു . അടി മിസ്സാവരുതല്ലോ .
പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മ പറഞ്ഞു .
" ശരി ... സുബീനെക്കൂടി വിളിച്ചോ !!!! "
സുബി . അമ്മായീന്റെ മോന്‍ . എന്റെ ഹളിഹൂട്ടുഹാരന്‍ . വായ്നോട്ടത്തിലും തല്ലുകൊള്ളിത്തരം കാണിക്കുന്നതിലും എനിക്ക് ശിഷ്യപ്പെട്ടവന്‍ !!!
ഞാന്‍ സുബിയെ വിളിച്ചു കൂവി
" ഡാ സുവീ .... ബാടാ ... കൊയീനെ കൊല്ലാം .. !!! "
എന്റെ ആജ്ഞ ശിരസ്സാ വഹിച്ച് സുബി ഓടിയെത്തി .
കോഴിയെ കൊല്ലുന്നതിനു മുമ്പ് കോഴിക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുണ്ട് . ആ ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിലെക്കായി ഒരു വലിയ കപ്പ് വെള്ളം കൊണ്ട് വച്ചു . സുബി കപ്പ് പിടിച്ചു . ഞാന്‍ കോഴിയെ ഉദാര മനസ്കതയോടെ കപ്പിലേക്ക് അടുപ്പിച്ചു
" കുടിച്ചോടാ കോയീ ... "
കപ്പും വെള്ളവും കണ്ട കോഴി തല തിരിച്ചു . ഞാനും സുബിയും കോഴിയുടെ മുഖത്തേക്ക് നോക്കി . കോഴിയുടെ മുഖത്ത് പുച്ഛം !!! പരമ പുച്ഛം !!! പുച്ഛത്തോട് പുച്ഛം !!!
കൊല്ലാന്‍ നേരത്തെങ്കിലും ഒരു നല്ല പാത്രത്തില്‍ കുറച്ച് നല്ല വെള്ളം തന്നൂടെടാ പട്ടികളെ .... എന്ന ഭാവം കോഴിച്ചേട്ടന്റെ മുഖത്ത് . നോക്കണേ അഹങ്കാരം !!!
എന്തൊക്കെ ചെയ്തിട്ടും കോഴി വെള്ളം കുടിക്കുന്നില്ല . എന്ത് ചെയ്യും ? തിങ്കാന്‍ സുബിയും എനിക്ക് കമ്പനി തന്നു .
തിങ്കല്‍ മഹോത്സവത്തിന്റെ അവസാനം സുബിയുടെ തലയില്‍ ഒരു യമണ്ടന്‍ ഐഡിയ ഉദിച്ചു .
" കോയി കുടിക്കുന്നില്ലെങ്കില്‍ നമക്ക് കുടിപ്പിക്കാം !!! "
" എടാ ഭയങ്കരാ .... നീ ആളു കൊള്ളാല്ലോ !!! " മനസ്സില്‍ മാത്രേ പറഞ്ഞുള്ളൂ . പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിക്കും . നമ്മളായിട്ട് എന്തിനാ ഒരാളെ അഹങ്കാരി ആക്കുന്നത് ?
" ശരി .. ഞാന്‍ കോയീന്റെ വാ പൊളിച്ചു തരാം. നീ ഒഴിച്ച് കൊടുത്തോ "
സന്നദ്ധ സേനാംഗം സുബി അറ്റെന്‍ഷനില്‍ നിന്ന് സല്യൂട്ട് ചെയ്തു . ശരി മ്ബ്രാ ....
ഞാന്‍ കോഴിയെ ഒരു കാലു കൊണ്ട് ചവിട്ടിപ്പിടിച്ചു. കൈകള്‍ കൊണ്ട് കോഴിയുടെ കൊക്ക് പിളര്‍ത്തി .
"ഒഴിച്ചോടാ ... !!! "
പറഞ്ഞു തീരുന്നതിനു മുന്നേ സുബി വെള്ളമൊഴിക്കല്‍ മഹാമഹം തുടങ്ങി . കോഴിയുടെ അണ്ണാക്കിലേക്ക് വെള്ളം മടുമടാ ഇറങ്ങി . കോഴി തന്റെ മുഖത്ത് മാക്സിമം ദയനീയ ഭാവം വരുത്തി ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട് . അങ്ങനെ വേണം . മര്യാദക്ക് തന്നപ്പോ കുടിക്കാഞ്ഞിട്ടല്ലേ ?
ഒരു വലിയ കപ്പ് വെള്ളം തീര്‍ന്നു . ഇത് മുഴുവന്‍ കോഴി കുടിച്ചോ ? അമ്പട കോഴിയേ .... !!!
ദയനീയമായി സുബി എന്നെ നോക്കി ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു
"വെള്ളം തീര്‍ന്നു !! ഇനീം വേണോ ? "
" വേണ്ട . ഇനി അറുക്കാം !! "
ഞാന്‍ കോഴിയുടെ കൊക്ക് വിട്ടു . അത്ഭുതം !!! കോഴിയുടെ കൊക്ക് പിളര്‍ന്നു തന്നെ ഇരിക്കുന്നു . ഞാന്‍ എന്റെ കൈ കൊണ്ട് ഒന്ന് അടച്ചു നോക്കി . അടയുന്നുണ്ട് . പക്ഷെ വിടുമ്പോള്‍ വീണ്ടും തുറന്നു തന്നെ വരുന്നു . ഞാന്‍ ദയനീയമായി സുബിയെ നോക്കി .
അവന്റെ മുഖത്ത് എന്റെ മുഖത്തുള്ളതിനേക്കാള്‍ ദയനീയത . അത് കണ്ടപ്പോള്‍ എനിക്ക് ദയനീയപ്പെടണ്ടായിരുന്നെന്നു വരെ തോന്നിപ്പോയി .
" അടയുന്നില്ലെന്കില്‍ അടയണ്ട ,. നമുക്ക് കൊല്ലാം .. " സുബി പറഞ്ഞു .
" ശരി സര്‍ .. നീ കത്തിയെടുക്ക് . എന്നിട്ട് കഴുത്തറുക്ക് ... !!! " ഞാന്‍ ആജ്ഞാപിച്ചു .
സുബി കത്തിയെടുത്ത് കോഴിയുടെ കഴുത്ത് കണ്ടിച്ചു .
അത്ഭുതമേ അത്ഭുതം ... !!! കോഴിയേ കൊന്നപ്പോള്‍ ചോരക്കു പകരം വെള്ളം !!!!
വെള്ളം ചീറ്റി ഒഴുകുകയാണ് . ഈ അത്ഭുത കൃത്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ് . പിന്നെ വേണ്ടെന്നു വച്ചു . ദൈവം ഞങ്ങള്‍ക്ക് വേണ്ടി മാത്രം കാണിച്ച ഈ അത്ഭുതം എന്തിനു മറ്റുള്ളവരെക്കൂടി കാണിക്കണം ?
അല്ല .. നിങ്ങള് പറ .. അറിയിക്കാന്‍ പാടുണ്ടോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ