2019 മാർച്ച് 7, വ്യാഴാഴ്‌ച

കല്ലടപ്പാടത്തെ നക്ഷത്ര ആമ

കന്നംതിരിവുകളും കുരുത്തക്കേടുകളും തല്ലുകൊള്ളിത്തരങ്ങളും യഥേഷ്ടം ഒപ്പിച്ചു നടന്നിരുന്ന കാലം. അന്ന് ഏതാണ്ട് പതിനൊന്നോ പന്ത്രണ്ടോ വയസ് പ്രായം. സ്‌കൂൾ വിട്ടുവന്നതിനു ശേഷം വീടിനു താഴെ തന്നെ ഉള്ള പാടത്തേക്ക് ഒരു പോക്കുണ്ട്. ഞങ്ങള് എട്ടുപത്തു ചെക്കന്മാർ കാണും. മഴക്കാലം ആണേൽ പറയുകയും വേണ്ട. രാവിലെ അമ്മ രണ്ടു പൊളി ചകിരി ഒക്കെ ഇട്ട് കന്നിനെ കുളിപ്പിക്കുന്ന പോലെ കുളിപ്പിച്ച് ഇല്ലാത്ത നിറം ഒക്കെ വെപ്പിച്ചു സ്‌കൂളിലേക്ക് വിടുമെങ്കിലും വൈന്നേരം ആകുമ്പഴേക്കും മണ്ണിന്റെ കളറും ചേറിന്റെ മണവും ഒക്കെ ആയി കേറിവരുന്ന മകനെ കാണുമ്പോ മാതാജിക്കുണ്ടാകുന്ന രോമാഞ്ചവും സന്തോഷവും മുറ്റത്തുള്ള പുളിമരത്തിന്റെ ചെറുകമ്പുകളുടെ രൂപത്തിൽ എൻ്റെ ദേഹത്ത് പതിയാറും ഉണ്ട്. പോകെപ്പോകെ ആ പുളിമരത്തിന് താഴെ ഒന്നും ഒരു പുളിയില പോലും ഇല്ലാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ.

കളിയുടെ കാര്യം പറഞ്ഞപ്പോ പുളിയിലേക്കു കേറിപ്പോയി. സോറി. വീണ്ടും കാര്യത്തിലേക്കു വരാം. വൈന്നേരം ആകുമ്പോ പാടത്തേക്കു പോകും എന്ന് പറഞ്ഞല്ലോ. ഒരു വെള്ള തോർത്തും ആയിട്ടായിരുന്നു ആദ്യമൊക്കെ പോയിരുന്നത്. കാലക്രമേണ ആ തോർത്തിന്റെ കളർ എന്താണെന്ന് ദൈവത്തിനു പോലും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയി മാറി. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ.. പാടത്തേക്കു പോകുന്നത് തന്നെ വെള്ളത്തിൽ കളിക്കാൻ ആണ്. വെള്ളം ഞങ്ങൾ ചെല്ലുന്ന സമയത്ത് മാത്രേ കാണൂ. ഞങ്ങൾ പാടത്ത് എത്തി പത്തുമിനിറ്റ് കഴിയുമ്പോഴേക്കും വെള്ളമെല്ലാം നല്ല അസ്സൽ ചേറ് ആയി മാറിയിട്ടുണ്ടാകും. ആ ചേറിൽ കിടന്നാണ് പിന്നെ പന്തുകളിയും തൊട്ടുകളിയും ഒക്കെ.

സന്ധ്യമയങ്ങി തമ്മിൽ തമ്മിൽ കാണാൻ കൂടി പറ്റാത്ത സമയത്ത് ആയിരിക്കും പിന്നെ ആ വെള്ളത്തിൽ നിന്നും കേറിപ്പോരുന്നത്.  ആ പോരുന്ന കോലത്തിന്റെ ഒറിജിനൽ വേർഷൻ എന്താണെന്ന് അറിയണമെങ്കിൽ പിറ്റേന്ന് നേരം വെളുക്കണം. രാവിലെ അമ്മ വല്ല തവിക്കും ഇട്ടു കുത്തി എണീപ്പിച്ച് വിടുമ്പോ കാണാം എൻ്റെ ദേഹത്ത് ഒരു വീട് പണിയാനുള്ള മൺകട്ട ഉണ്ടാക്കാൻ മാത്രം ചെളി. അത് കാണുമ്പോ അമ്മ വളരെയധികം സ്നേഹം പ്രകടിപ്പിക്കും. അത്രേം സ്നേഹം എനിക്ക് ആവശ്യമില്ലാത്തതു കാരണം ഞാൻ ചെവിയും പൊത്തി ഇറങ്ങി ഓടിക്കളയും.

അതൊക്കെ പോട്ടെ. പിന്നേം കഥയിലേക്ക് വരാം. ( ഇനിയെങ്കിലും കഥയിലേക്ക് കടക്കെടാ മരയോന്തേ .. എന്നുള്ള ഡയലോഗ് നിരോധിച്ചിരിക്കുന്നു) അങ്ങനെ ഈ സംഭവം നടക്കുന്ന ദിവസം എത്തി

വൈന്നേരം സ്‌കൂൾ ഒക്കെ വിട്ടുവന്ന് കടേലൊക്കെ പോയി വീട്ടിലേക്കുള്ള സാധനങ്ങളും അതിനേക്കാൾ ഏറെ മുട്ടായിയും വാങ്ങി വീട്ടിലേക്ക് ഓടി. സാധനങ്ങൾ ഒക്കെ കോലായിൽ എവിടെയൊക്കെയോ വച്ച് ചേറു പറ്റി വടി പോലെ ആയ തോർത്തും എടുത്ത് പാടത്തേക്ക് നൂറിൽ പിടിപ്പിച്ചു. ചങ്ങായിമാരൊക്കെ നേരത്തെ തന്നെ പാടത്ത് എത്തീട്ടുണ്ടാകും. ഓടിപ്പിടച്ച് അവിടെ എത്തിയപ്പോ .. ഡിം !!!!!!!!!!

സകല എണ്ണവും കൂടി വിജൃംഭിച്ച് തോട്ടിൽ എന്തോ നോക്കി നിക്കുന്നു. മാതാവേ.. ഇനി വല്ലോനും തോട്ടിൽ വീണ് വടിയായോ? പാടത്തേക്ക് ഓടിവന്നതിനേക്കാൾ സ്പീഡിൽ തിരിച്ചോടിയാലോ എന്ന് ചിന്തിച്ചെങ്കിലും സംഗതി എന്താണ് എന്നറിയാൻ വേണ്ടി ശ്രീനിവാസൻ ഒരു ഒലക്ക കിട്ടുവോ എന്ന് ചോദിക്കാൻ പോകുന്ന പോലെ പ്രിങ്ങിപ്പ്രിങ്ങി അവന്മാരുടെ അടുത്തേക്ക് ചെന്നു. തോട്ടിലേക്ക് വായും പൊളിച്ചു നോക്കി നിക്കുന്നതിനൊപ്പം തന്നെ വായിൽ നിന്നും തോട്ടിലെ വെള്ളത്തിന്റെ അളവ് കൂട്ടാനെന്നവണ്ണം വെള്ളവും ഒലിപ്പിച്ചു നിക്കുന്ന സജീഷിനെ പയ്യെ തോണ്ടി. കാറ്റിന്റെ ശബ്ദത്തിൽ ചോദിച്ചു

"ന്താ സംഗതി? "

അവനും കാറ്റിന്റെ ശബ്ദത്തിൽ മറുപടിച്ചു

" നച്ചത്ര ആമ !!!!!!!!!!! "

"ന്തോന്ന്? ....................... "

"തോട്ടിലോട്ടു നോക്കെടാ #$%$ !!!"

നോക്കി. അമ്പട ജിഞ്ചിന്നാക്കടീ ... വെള്ളത്തിൽ കിടക്കുന്നല്ലോ കലക്കനൊരു നക്ഷത്ര ആമ !!!!!!!!!!

വെള്ളത്തിന്റെ ഇളക്കത്തിനനുസരിച്ചു ആമയും ഇളകുന്നു. നീന്തുന്നു .. മറിയുന്നു ......!!!

"അയിനിപ്പോ ന്താ? ആമയെ നമ്മള് കാണാത്തതാണോ? ബാടാ കുളിക്കാം "

നക്ഷത്ര ആമ അല്ല സൂര്യാമയോ ചന്ദ്രാമയോ ഇനി സാറാമ്മയോ വന്നാലും ഞമ്മക്ക് പുല്ല് .. പുല്ലുവില

" നീ ഈ ആമയെ കണ്ടിട്ടുണ്ടാവൂല. ഇത് വേറെ സാധനവാ " സജീഷ് വീണ്ടും വീണ്ടും വായിൽ നിന്നും വെള്ളം ഉൽപ്പാദിപ്പിച്ച് തോട്ടിലേക്ക് വിട്ടുകൊണ്ടിരുന്നു.

" ഏതാമ ആയാലും ശരി.. അവ്ടെ കെടക്കട്ടെ. ബാ കുളിക്കാം "

"എടാ ക്ളിമ്പിടുസാന്ഡിരീ .. ഈ ആമയെ പിടിച്ചു വിറ്റാൽ ഒരുപാട് പൈസ കിട്ടും !!!!!!!!!!! "

" പിന്നേ .. ഏറിപ്പോയാ ഇരുപത് രൂവാ കിട്ടും. അയിന് വേണ്ടി ഈ അടിയൊഴുക്കുള്ള തോട്ടിൽ ചാടണോ ? ബാ കുളിക്കാം !!! "

"ഇരുപതോ? പോടാ പോടാ .. ഇതിന് ചെലപ്പോ ഇരുപതിനായിരം വരെ കിട്ടും!!!! "

ഇരുപതിനായിരമോ?... സജീഷിന് കമ്പനി കൊടുത്തുകൊണ്ട് ഞാനും വാപൊളിച്ചു. അവന്റെ വായിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ വെള്ളം ഉൽപ്പാദിപ്പിച്ചു ഞാനും തോട്ടിലേക്ക് വിട്ടു.

" ഇരുപതിനായിരം ഒന്നുവല്ല. ചെലപ്പോ അതിനേക്കാൾ കിട്ടും .." അപ്പ്രത്ത് നിന്ന് സജുവിന്റെ സൗണ്ട്

അമ്പടാ .. എന്നാപ്പിന്നെ ആ പൈസ കളയാൻ പാടില്ലല്ലോ. ഒന്നും നോക്കീല. ഉടുത്ത നിക്കർ അഴിച്ചുവെച്ച് സ്പ്രിങ് പോലെ കിടന്നിരുന്ന തോർത്ത് ഉടുത്ത് ആമയുടെ മുകളിലേക്ക് ഞാൻ ഒരൊറ്റ ചാട്ടം അങ്ങ് വച്ചുകൊടുത്തു. പക്ഷെ അതിനിടയിൽ ഒരു ചെറിയ ട്വിസ്റ്റ് ഉണ്ടായി. തോട്ടിന്റെ കൈവരിയിൽ നിന്നും ഞാൻ ചാടുന്ന സമയത്ത് "ചാടല്ലേടാ ..... " എന്നും പറഞ്ഞ് പ്രബൽ എന്റെ തോർത്ത് എന്ന് പേരുള്ള സാധനത്തിൽ ഒരു പിടിത്തം. പിടിത്തം മാത്രമല്ല ഒരു വലിയും. തോർത്ത് ഞാനിതാ പോണേയ് .... എന്നും പറഞ്ഞോണ്ട് ഒരൊറ്റ പോക്ക്. തോർത്ത് അരയിൽ നിന്നും പോകുന്നതിനനുസരിച്ചു ഞാൻ ശക്തിമാൻ കറങ്ങുന്ന പോലെ കറങ്ങി ആമയുടെ അടുത്തുനിന്നും ഏതാണ്ട് മൂന്നുമീറ്റർ അപ്പുറത്ത് "പട്ട്ടോ.... !!! " എന്ന ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഒരൊറ്റ വീഴ്ച!!!. ഞാൻ  പാണ്ടിലോറി കേറിയ തവള കിടക്കുന്ന പോലെ രണ്ടു സെക്കന്റ് വെള്ളത്തിനു മീതെ കിട്ടുന്നതിന് ശേഷം പ്‌ളീശ്ശ്ശ്ശ് .... എന്ന സൗണ്ടോടു കൂടി തോട്ടിലേക്ക് താണുപോയി.

നല്ല അടിയൊഴുക്കും ചുഴിയും ഉള്ളത് കാരണം പതഞ്ഞു പൊങ്ങാനും പറ്റുന്നില്ല. ഇടയ്ക്കിടെ തല പൊക്കി രക്ഷിക്കണേ ... എന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും പുറത്തേക്ക് വരുന്നത് "രക്ഷിൾൾൾൾൾൾൾള് ... " എന്നാണ്.

ഒരുപ്രാവശ്യം തലപൊക്കി രക്ഷിൾൾൾൾൾൾൾള് പറയുന്നതിനിടക്ക് കരയ്ക്കു നിന്ന് ഒരു മഹാപാപി കരയിൽ നിന്നും അടുത്തവനോട് പറയുന്നത് ഞാൻ കേട്ടു.  " എടാ നീ കൂടി ചാട്. തോട്ടിൽ വീണപ്പോ അവൻ ശാസ്ത്രീയ സംഗീതം ഒക്കെ പാടുന്നുണ്ട് !!! "

സംഗതി കംപ്ലീറ്റ് കയ്യീന്ന് പോയി എന്ന് എനിക്കുറപ്പായി. ഞാൻ ചുമ്മാ കളിപ്പിക്കുകയാണെന്ന് കരുതി അവന്മാരെല്ലാം കൂടി നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുവാണ്. അവന്മാര്  നോക്കുന്നില്ലെന്നു കരുതി എല്ലാകാലവും വെള്ളത്തിൽ മുങ്ങിക്കിടക്കാനൊന്നും പറ്റില്ലല്ലോ. ഞാൻ ചുമ്മാ തെക്കോട്ടും വടക്കോട്ടും നീന്താൻ തുടങ്ങി. എവിടെയും പിടിത്തം കിട്ടുന്നില്ല. തല്ലിപ്പതഞ്ഞ് അവസാനം എവിടെയോ ചെന്ന് പിടിച്ചു. നോക്കിയപ്പോ പിടിച്ചേക്കുന്നത് നക്ഷത്ര ആമയെ !!!!!. കിട്ടിയത് വിടേണ്ട എന്ന് കരുതി ആമയെ ഉറുമ്പടക്കം കെട്ടിപ്പിടിച്ച് കരയിലേക്ക് നീന്തി. നീന്തിയത് കരയിലേക്കാണെങ്കിലും ചെന്ന് കേറിയത് കൈതമുൾക്കാട്ടിലേക്കായിരുന്നു. ആമയെയും പിടിച്ച് കൈതമൂർഖൻ കിടക്കുന്ന പോലെ നൂൽ ബന്ധമില്ലാതെ ഞാൻ കൈതക്കൂട്ടിൽ ചുറ്റിപ്പിണഞ്ഞു കിടന്നു. ഇക്കാലത്തെങ്ങാൻ ആയിരുന്നേൽ കാണുന്നവർ " കൈതയുമായി ഇണചേരാതെ എഴിച്ചു പോടാ .. " എന്ന് പറഞ്ഞേനെ.

അപ്പഴേക്കും ചങ്ങായിമാർക്ക് വെളിവുണ്ടായി. വെളിപാടുണ്ടായി. വെളിവുകേടും പള്ളിപ്പെരുന്നാളും ഒരുമിച്ചുണ്ടായി. ലവൻ കളിപ്പിക്കുന്നതല്ല. ശരിക്കും മുങ്ങിപ്പോയതാകുന്നു. വെളിപാടുണ്ടായ സമയത്ത് തന്നെ ഓടിവാടാ എന്ന പാട്ടും പാടി എല്ലാരും കൂടി ആഘോഷമായി എൻ്റെ അടുത്തേക്ക് ഓടിവന്ന് കൈതക്കൂട്ടിൽ നിന്നും എന്നെ പുറത്തെടുത്തു കരക്കിട്ടു. എന്റെ ആവതനുസരിച്ചും അതിനും കൊറച്ചു കൂടുതലും വെള്ളം കുടിച്ചു വീർപ്പിച്ച വയറും തള്ളി ദിഗംബരൻ ആയി ഞാൻ തോട്ടുവക്കത്ത് കിടന്നു.

വെള്ളം കുടിച്ചു വീർത്ത വയറും തള്ളി മയങ്ങി കിടക്കുമ്പോഴും നക്ഷത്ര ആമയെ വിറ്റുകിട്ടുന്ന പൈസകൊണ്ട് വല്യ വീടും കാറും ഒക്കെ വാങ്ങി സുജായി ആയി നടക്കുന്നതാണ് മനസ് നിറയെ. "പക്കത്തില് വാ ചെമ്പകം ... വന്ന് എനക്കൊരു കിസ് കൊട് .. " എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഫ്രണ്ട്‌സ് സിനിമ റിലീസ് ആയിട്ടില്ലാത്തതു കാരണം ഞാൻ പറഞ്ഞില്ല. പകരം പൈസക്കാരനായ സന്തോഷത്തിന്റെ പ്രതിഫലനം ആയി ചുമ്മാ കിടന്നു പുഞ്ചിരിച്ചു

പക്ഷെ അതിനേക്കാൾ വലിയ ചിരി കേട്ട് ഞാൻ ഞെട്ടിച്ചാടി എണീറ്റു. ചങ്ങായിമാർ ചുറ്റും കൂടി നിന്ന് ആർത്തു ചിരിക്കുകയാണ്. എന്താ സംഗതി എന്നറിയാൻ വേണ്ടി ഞാൻ എന്റെ കയ്യിലേക്ക് നോക്കി. നോക്കിയതോടെ എൻ്റെ സകല ഗ്യാസും പോയി. ആകാശവും ഭൂമിയും ഒരുമിച്ചു നിന്ന് കറങ്ങി. തോട്ടിലേക്ക് ഒന്നും കൂടി ചാടി ചത്താലോ എന്നുപോലും വിചാരിച്ചു. പണക്കാരൻ, കാറ്, വീട് .. എന്നിത്യാദി ഉപകരണങ്ങൾ എല്ലാം എന്നെനോക്കി കൊഞ്ഞനം കുത്തി അവരുടെ പാട്ടിനു പോകുന്നത് ഞാൻ ഉൾപ്പുളകത്തോടെ നോക്കിനിന്നു.

കയ്യിലിരിക്കുന്നത് നക്ഷത്ര ആമയല്ല!!!!. എന്തിന്.. ഒരു ബൾബ് ആമ പോലുമല്ല.!!!!! കയ്യിൽ ഞെളിഞ്ഞിരിക്കുന്നത്  ഉണക്കത്തേങ്ങയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഫുട്‌ബോളിന്റെ ഒരു പാതി. ഏതോ മെനകെട്ടവൻ തേങ്ങക്ക് നിക്കർ ഇടീപ്പിച്ചു കൊടുത്തതിനു ശേഷം കുളിപ്പിക്കാൻ വേണ്ടി ഇറക്കിവിട്ടതാവാനും സാധ്യത ഉണ്ട്.

ഇതിനു വേണ്ടി ആയിരുന്നോ മാതാവേ ഞാൻ തുണിപോലും ഇല്ലാണ്ടെ ഈ നിലയില്ലാ വെള്ളത്തിലേക്ക് എടുത്ത് ചാടിയത്? രണ്ടു ബക്കറ്റ് വെള്ളം കുടിച്ചത്? കൈതക്കാട്ടിൽ പോയി ആസ്ഥാനത്തോക്കെ മുള്ളുകൊണ്ട് മുൾക്കിരീടം പിടിപ്പിച്ചത്? .....

മനസ്സിൽ അതുവരെ പഠിച്ചതിൽ നിന്നും നല്ലയിനം തെറികൾ മാത്രം സെലക്റ്റ് ചെയ്ത് മുഴുവൻ നിർത്താതെ വിളിച്ചുകൊണ്ടു ഞാൻ ആ നക്ഷത്ര ആമയെ തോട്ടിലേക്ക് തന്നെ ഒരൊറ്റ ഏറു വച്ചുകൊടുത്തു.

ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ