2014 ഡിസംബർ 15, തിങ്കളാഴ്‌ച

കുഞ്ഞൂഞ്ഞേ ഇത് നീയാണോ

നേരം പര പരാ വെളുത്തു . തറ തറാ വെളുക്കാന്‍ അറിയാത്തത് കൊണ്ടായിരിക്കുമെന്ന് കുഞ്ഞൂഞ്ഞു സമാധാനിക്കാന്‍ ശ്രമിച്ചു . ജനല്‍ തുറന്നു കുഞ്ഞൂഞ്ഞു പുറത്തേക്കു നോക്കി. ആഹാ .. അതാ കേള്‍ക്കുന്നു പല തരം പക്ഷികളുടെ കല പില ശബ്ദം. ഏതൊക്കെ പക്ഷികള്‍ ആണെന്ന് കണ്ടു പിടിക്കാന്‍ കുഞ്ഞൂഞ്ഞു ഒരു ശ്രമം നടത്തി.
കുഞ്ഞിന്റെ കയ്യില്‍ പിടിച്ചു കിണറ്റിന്‍ കരയിലേക്ക് വലിച്ചുകൊണ്ട് പോകുന്ന വഴി കുഞ്ഞിന്റെ തലമുറകള്‍ പലതിനെയും തെറി വിളിക്കുന്ന പക്ഷി സാവിത്രി ആണെന്ന് ഉറപ്പിക്കാം. കാരണം ഈ കോളനിയില്‍ ഈ പക്ഷിക്ക് മാത്രമേ കാക്ക കാറും പോലെ ഉള്ള സമിണ്ട് ഉള്ളൂ . എന്തൊരു ഹമ്മിംഗ് ആണപ്പാ . ഇവളുടെ കൂടെ ആ കെട്ടിയോന്‍ പക്ഷി എങ്ങനെ ആണാവോ നില്‍ക്കുന്നെ ..
കെട്ടിയോന്റെ പുറത്തു ചെണ്ട കൊട്ടുന്ന പോലെ അടിച്ചു കൊണ്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് പാടുന്ന പക്ഷി രമണി ആണോ അതോ ജാനകി ആണോ? എന്തായാലും ആ ആള്‍ക്ക് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ അയ്യായിരത്തി ഇരുനൂറ്റി മുപ്പതില്‍ പാടാന്‍ ചാന്‍സ്‌ കിട്ടും. അത്രയ്ക്ക് കേമമാണ്‌ താളവും ബോധവും.
ഉമ്മറ തിണ്ണയിലിരുന്നു മുറുക്കാന്‍ ഇടിക്കുന്ന മുതു കിളവിയെ പ്രാകുന്ന പക്ഷി ശാന്തമ്മ ആയിരിക്കും. ശാന്തമ്മ പക്ഷി ഉലക്കക്ക് പകരം ആ വല്യമ്മയെ ഉപയോഗിക്കാറുണ്ടെന്നാ പലരും പറയുന്നേ. എന്തിനു അതൊക്കെ ശ്രദ്ധിക്കണം ? നമ്മളായി നമ്മടെ പാടായി.
ആരാണ് കുഴല്‍ കിണറിന്റെ അടുത്ത് ബക്കറ്റില്‍ വെള്ളം തെറിപ്പിച്ചു സാധകം ചെയ്യുന്നത്? ഓ ആ നാട വിര പോലത്തെ ചെക്കന്‍ വിക്രമാദിത്യന്‍ ആണ്. ആരാണാവോ അവനു ഈ പേരിട്ടത്. ആ പേരും അവനെയും കണ്ടാല്‍ സാക്ഷാല്‍ വിക്രമാദിത്യ മഹാ രാജാവ് പോലും വലിച്ചു കൊണ്ടിരിക്കുന്ന ബീഡി വലിച്ചെറിഞ്ഞു ഓടിപ്പോയി തൂങ്ങി ചാകും. അയ്യോ അവന്‍ സാധകം ചെയ്യുക അല്ലായിരുന്നോ? കുളിക്കാന്‍ മടി ആയിട്ട് അവന്റെ ചേച്ചി സംഗീത അവനിട്ട് കൊട്ടുകയാണ് . കൊട്ട് കിട്ടിയ സന്തോഷത്തില്‍ വിക്രമാദിത്യ മഹാരാജാവ് എട്ടാം കട്ടക്ക് ഒമ്പതാം രാഗത്തില്‍ അളക്കുകയാണ്. എന്തൊരു കാറിച്ച. അവന്റെ ചേച്ചി സംഗീത ഒരു പോക്ക് കേസാണ് . അവളെ ഒന്ന് വളക്കാന്‍ വേണ്ടി കുറെ പാട് പെട്ടതാണ്. അവസാനം ചെരുപ്പ് മുഖത്ത് കിടക്കും എന്ന് പറഞ്ഞപ്പോള്‍ മുഖത്തിന്‌ നാട്ടുകാര്‍ കരം കെട്ടുന്നുണ്ടെന്നു പറഞ്ഞു പിന്മാറിയതാണ്. പോക്ക് കേസല്ലെങ്കില്‍ പിന്നെ അവള്‍ക്കൊന്നു വളഞ്ഞാലെന്താ? അതെങ്ങനാ കുടുംബത്തില്‍ പിറക്കണം പെണ്ണുങ്ങളായാല്‍ .
കുഞ്ഞൂഞ്ഞു പക്ഷി നിരീക്ഷണം മതിയാക്കി മൂരി നിവര്‍ത്തു . കണ്ടമാനം സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് ഉള്ളതില്‍ നല്ലത് നോക്കി നാല് കോട്ടുവാ വിട്ടു. യാതൊരു അഹങ്കാരവും കാണിക്കാതെ കൊട്ടുവാസ് അവരുടെ പാട്ടിനു ഇറങ്ങി പോവുകയും ചെയ്തു . പക്ഷെ കുഞ്ഞൂഞ്ഞു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ആ പോയ കൊട്ടുവാസ് ഇങ്ങനെ ഒരു കൊടും ചതി ചെയ്യുമെന്ന്. അല്ലെങ്കില്‍ അവര്‍ക്ക് ഇറങ്ങി അതുവഴി അങ്ങ് പോയാല്‍ പോരെ? ഇറയത്ത്‌ ചാരു കസേരയില്‍ മടക്കു പിച്ചാത്തി മടക്കി വച്ചിരിക്കുന്ന പോലെ കുത്തി ചാരി ഇട്ടിരിക്കുന്ന വല്യച്ഛന്റെ മൂക്കിലേക്ക് കയറി പോകണമായിരുന്നോ ?
" ഫാ ... ഉള്ള കള്ളും കഞ്ചാവും വലിച്ചു കെട്ടി കേറി വന്നോളും . മുടിയാന്‍ നേരത്ത് മുടിച്ചൂര്‍പ്പന്‍ കൊലച്ചുണ്ടായ സന്തതി. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ലെടാ. തന്ത പോയ വഴിയെ നീയും പോകും. അതെങ്ങനെയാ മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ "
ഈ തന്തപ്പിടി എന്തിനാ ഈ മത്തന്റെയും കുമ്പളത്തിന്‍റെയും പിന്നാലെ പോകുന്നെ? പഴഞ്ചൊല്ലുകള്‍ ഒക്കെ മാറിയ വിവരം മൂപ്പില്‍സ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബ്ലഡി പിത്തക്കാടീസ് . കണ്ട്രി ഫെല്ലോ . ഓള്‍ഡ്‌ ടീത്ത്‌ലെസ്സ് കിഴവന്‍ മൂക്കണാഞ്ചി . " ദേ കിഴവാ ശീമ പോര്‍ക്കെ . ചൊല്ലുകളൊക്കെ മാറി. മുരിങ്ങക്കാ നട്ടാല്‍ ചേന വിളയില്ലെന്നാ പുതിയ ചൊല്ല് " എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കിഴവന്‍ മൂപ്പില്‍സിന്റെ വിവര സാങ്കേതിക വിദ്യ ഒന്ന് പരിപോഷിപ്പിചാലോ എന്ന് വിചാരിച്ചതാണ്. പിന്നെ അടങ്ങി. എന്തിനാ വെറുതെ മൂപ്പില്‍സിനെകൊണ്ട് സ രി ഗ മ പ ദ നീ പാടിക്കുന്നെ? വേണ്ട.. ജീവിച്ചു പോയ്ക്കോട്ടെ ഓള്‍ഡ്‌ മങ്കി തന്തപ്പടി .
എന്നാലും ഒരു കൊട്ടുവായ്ക്ക് ഇത്രേം പവറോ ? ഒന്ന് പരീക്ഷിച്ചു നോക്കാം. കുഞ്ഞൂഞ്ഞു വായുടെ മുന്നില്‍ കൈ കൊണ്ട് വച്ചു . കുഞ്ഞൂഞ്ഞിന്റെ കൈക്കുള്ള പ്രത്യേകത ആയിരുന്നു അത്. കൈ വായുടെ മുന്നിലേക്ക്‌ കൊണ്ട് വരാന്‍ സാധിക്കും. അതുപോലെ തല ചൊറിയുക, മൂക്കില്‍ വിരലിട്ടു തിരിക്കുക, ചെവിയില്‍ ചെറു വിരല്‍ കടത്തി പമ്പരം പോലെ കറക്കി ആത്മ നിര്‍വൃതി അടയുക തുടങ്ങിയ മറ്റുള്ള ഒരാള്‍ക്കും പറ്റാത്ത അഭ്യാസ മുറകളും കുഞ്ഞൂഞ്ഞിന് വശമുണ്ടായിരുന്നു.
കുഞ്ഞൂഞ്ഞു കയ്യിലേക്ക് ഊതി . എന്റമ്മച്ചീ .. ലോകത്ത് ഒരാള്‍ക്കും ഇതുപോലൊരു ദുര്‍ഗതി വരുത്തരുതേ .. ചുമരില്‍ ചാരി നിന്നത് രക്ഷയായി. അല്ലെങ്കില്‍ നാറ്റം കൊണ്ട് മറിഞ്ഞു വീണേനെ . എന്തായിരിക്കും ഈ നാറ്റത്തിനു കാരണം? കുഞ്ഞൂഞ്ഞു ഗവേഷണിക്കാന്‍ തുടങ്ങി. ഗവേഷണത്തിന്റെ അവസാനം കുഞ്ഞൂഞ്ഞു കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്
1 . പല്ല് തേച്ചിട്ട് ഒരാഴ്ച ആയിരിക്കുന്നു
2 . ഇന്നലെ പട്ട ചാരായം ആണ് കുടിച്ചത്

3 . മേമ്പൊടിക്ക് താറാ മൊട്ടയും കഞ്ചാവും വലിച്ചിരുന്നു
4 . വാ കഴുകിയിരുന്നില്ല .
എന്തായാലും ഇന്നൊന്നു പല്ല് തേക്കണം. കുളിക്കണോ? വേണ്ട. അത് അടുത്ത ആഴ്ച മതി. കുഞ്ഞൂഞ്ഞു പല്ല് തേക്കാനുള്ള യന്ത്ര സാമഗ്രികള്‍ തപ്പാന്‍ തുടങ്ങി . കുറെ നേരത്തെ പരിശ്രമത്തിനു ശേഷം പഴയ പുസ്തകങ്ങളും തകര പാട്ടകളും കൂട്ടി ഇട്ടിരിക്കുന്ന മൂലയില്‍ നിന്നും ഒരു ബ്രഷ് കണ്ടെടുത്തു. വല്ല എലിയും വലിച്ചുകൊണ്ട് പോയതായിരിക്കും. ബ്രഷിന്റെ പല്ലുകള്‍ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വെച്ച് നോക്കേണ്ടി വരും. അത്രയ്ക്ക് ഫിനിഷിംഗ്. എന്തായാലും വേണ്ടില്ല. ഇനി പേസ്റ്റ് വേണമല്ലോ. ഇനി അതൊക്കെ തപ്പി നേരം കളയാന്‍ നേരമില്ല . തല്‍ക്കാലം സോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം . അതിനു സോപ്പ് എവിടെ?
സോപ്പിനു വേണ്ടി ഉള്ള അന്വേഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കുഞ്ഞൂഞ്ഞു തുടങ്ങി വച്ചു. ഇനി വല്ല സി ബി ഐ യെകൊണ്ടും അന്വേഷിപ്പിക്കേണ്ടി വരുമോ എന്ന് ചിന്തിച്ചു അതെക്കുറിച്ച് ഗവേഷണിക്കാന്‍ വേണ്ടി തയ്യാറെടുക്കുമ്പോഴാണ് സോപ്പ് കണ്ടത്. കഴുക്കോലിന്റെ മുകളില്‍ കൊണ്ട് വച്ചിരിക്കുന്നു പരട്ട എലി . അവനെ എങ്ങാന്‍ ഇപ്പൊ കയ്യില്‍ കിട്ടിയാല്‍ .. ഹാ ..
ബ്രുഷും സോപ്പും എടുത്തു കുളിമുറിയിലേക്ക് കയറി. ബ്രഷ് കൊണ്ട് സോപ്പിനു നോവാത്ത രീതിയില്‍ രണ്ടു തൊണ്ട് തോണ്ടി. എന്നിട്ട് പല്ല് തേക്കാന്‍ ആരംഭിച്ചു . മുഖം കഴുകി വീണ്ടും മുറിയിലെത്തി.
പുറത്തു കാക്കകള്‍ കാറുന്നു. കുയിലുകള്‍ കൂകുന്നു. മൂങ്ങകള്‍ മൂങ്ങുന്നു. കുഞ്ഞൂഞ്ഞിന് അതിലേക്കൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനാണ് കുഞ്ഞൂഞ്ഞ് . ഭാവിയെക്കുറിച്ച് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ചായക്ക്‌ പലഹാരം ഇഡ്ഡലി ആണോ അതോ ദോശ ആണോ. ഇനി അതിനു ചമ്മന്തി ആണോ സാമ്പാര്‍ ആണോ? ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ഇല്ല . അന്തവും കുന്തവും പിന്നെ പണ്ടേ ഇല്ലാത്തത് കൊണ്ട് അതെക്കുറിച്ച് ഗവേഷണിക്കാന്‍ തല്‍ക്കാലം കുഞ്ഞൂഞ്ഞ് താല്പര്യം എടുത്തില്ല . അടുക്കളയില്‍ കയറി സൌമ്യമായി അമ്മയെ വിളിച്ചു
" അമ്മേ ....................... "
മാതാജി തിരിഞ്ഞു നോക്കി . നില്‍ക്കുന്നല്ലോ തന്റെ സീമണ്ട ഫുത്രന്‍ . കടിഞ്ഞൂല്‍ സന്തതി. അവസാന കാലത്ത് തനിക്കു വായ്ക്കരിയിടാനും കൊള്ളി വെക്കാനും ദൈവം തന്ന അരുമ സന്താനം . സദ്‌ ഗുണ സമ്പന്നന്‍ , വായില്‍ വിരലിട്ടാല്‍ കടിക്കാത്തവന്‍ ... മകനെ നോക്കും തോറും മാതാജിക്ക് രോമാഞ്ചം . ആഹ്ലാദം ആമോദം .... സന്തോഷം കൊണ്ട് അമ്മച്ചിക്ക് പള്ളിയില്‍ പോയി ഒരു പാട്ട് കുര്‍ബാനയോ പള്ളിപ്പെരുന്നാളോ വരെ നടത്തിയാലോ എന്ന് ആശ തോന്നി.
" തള്ളേ .... എന്ത് കാഴ്ച കണ്ടോണ്ടു നിക്കുവാ ? വെശന്നിട്ടു പാടില്ല. വല്ലതും തിന്നാന്‍ ഇരിപ്പുണ്ടെങ്കില്‍ താ "
മകന്റെ തിരു വചനങ്ങള്‍ കേട്ട് മാതാജിയുടെ മനസ് നിറഞ്ഞു . പള്ളിപ്പെരുന്നാളും പാട്ട് കുര്‍ബാനയും എന്ന ആശകള്‍ ശൂ .... എന്ന് കൈകൊട്ടി പാടിക്കൊണ്ട് ഇറങ്ങി പോകുന്നത് മാതാജി വിഷമത്തോടെ നോക്കി നിന്നു.
മകന് മുണുങ്ങാന്‍ ദോശയും ചമ്മന്തിയും വിളമ്പി. മാതാജി ഇന്റര്‍ നാഷണല്‍ കാര്യമായ പശുവിനു കാടി കൊടുക്കുക എന്ന അതി ഭീകരമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി ഇറങ്ങിപ്പോയി. വയറു നിറച്ചു മുണുങ്ങി നാലഞ്ചു സുന്ദരന്‍ ഏമ്പക്കങ്ങളും വിട്ടു കുഞ്ഞൂഞ്ഞ് ഇറങ്ങി നടന്നു .
അതെ കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഒരു ദിവസം തുടങ്ങുകയാണ് .

ചലോ ചലോ ഷോപ്പിംഗ്‌ മാള്‍

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാല്‍ ഒരു പൊറുതികേടാണ് . എവിടെക്കെങ്കിലും കറങ്ങാന്‍ പോണം . അല്ലേല്‍ എന്തോ പോലെയാണ് .
ഈ കറങ്ങാന്‍ പോക്ക് എന്ന് പറഞ്ഞാല്‍ വല്യ കാര്യം ഒന്നും ഇല്ല . പുറമേന്ന് ഭക്ഷണം , അല്പം കിളി ദര്‍ശനം . വായ്നോട്ടം . തീര്‍ന്നു . ഇവിടെയൊക്കെ നാല് കിളികളെ മുഖത്ത് കര്‍ട്ടന്‍ ഇല്ലാതെ കാണാന്‍ കഴിയുന്ന ദിവസങ്ങളാണ് വ്യാഴവും വെള്ളിയും . മറ്റു ദിവസങ്ങളിലും കാണാന്‍ കഴിയുമായിരിക്കും . പക്ഷെ കാണാന്‍ പോകാന്‍ നമുക്കും കൂടി പറ്റണ്ടേ ? ആപ്പീസിലെ പണി ഞാന്‍ റൂമില്‍ വച്ച് ചെയ്തോളാം എന്ന് പറയാന്‍ കൊറേ പ്രാവശ്യം തുനിഞ്ഞതാണ് . റൂമില്‍ വച്ച് തന്നെ പണി ചെയ്തോ ശമ്പളവും റൂമീന്നു തന്നെ വാങ്ങിക്കോ എന്ന് ബോസ് പറഞ്ഞാല്‍ തീര്‍ന്നില്ലേ കത്തിക്കല്‍ ?
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ പണി . പണിയെന്ന് വച്ചാല്‍ നിന്ന് തിരിയാന്‍ കൂടി സമയം ഇല്ല ( എന്റെ കാര്യം അല്ല. പണി എടുക്കുന്നോര്‍ക്ക് ) . പിന്നെ ഉള്ളത് വെള്ളിയാഴ്ചയാണ് . അറമാദിക്കണ്ടേ ? നിങ്ങള് പറ ...
ശനി മുതല്‍ അടുത്ത വെള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് . ദിവസങ്ങള്‍ നീങ്ങണ്ടേ ? ശ്ശോ ...
ഡും
വെള്ളിയാഴ്ചയായി . അതിരാവിലെ ഉച്ചക്ക് രണ്ടു മണിക്ക് എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് ( സത്യമായിട്ടും ഒള്ളതാ ) കുട്ടപ്പനായിട്ട് ഇരുന്നു . സഹമുറിയന്മാര്‍ സുധിയും അയ്യൂബും . ബുദ്ധി , വിവരം എന്നിവ തൊട്ടു തീണ്ടാത്ത കണ്ട്രി ഫെല്ലോസ്‌ . ഞാനും എന്റെ ബുദ്ധിയും ശക്തിയും കഴിവും ( ശിവനേ ................................ !!!!!! ) ഉള്ളത് കൊണ്ട് അവരും ജീവിച്ചു പോവുന്നു . പാവങ്ങള്‍ !!!
എല്ലാരും കുളിച്ചു വന്നു ആര്‍ഭാടത്തോടെ ഭക്ഷണം കഴിച്ചു . ഫ്രൈഡ്‌ റൈസ്‌ , ചില്ലി ചിക്കെന്‍ , സിക്സ്റ്റി ഫൈവ്‌ , ഐസ്ക്രീം എന്നീ വിഭവങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് ചോറും സരഡേയ്ന്‍ ഫ്രൈയും ( തെറ്റിദ്ധരിക്കണ്ട . മത്തി പൊരിച്ചത്‌ തന്നെ ) കുഴച്ചു കുഴച്ച് മുണ്‌ങ്ങി ഏമ്പക്കവും വിട്ട് എണീറ്റു . കൈ കഴുകിയപ്പോ വയറിന്റെ ക്രമസമാധാന നില തകര്‍ന്ന പോലെ . ഒരു സിഗരറ്റ്‌ എടുത്തു വലിച്ച് പൊഹ വിട്ടു . ഇപ്പൊ വയറിനു കണ്ടമാനം ക്രമസമാധാനം .
കട്ടിലില്‍ പോയി ഇരുന്നു ഞാന്‍ രണ്ടാളെയും മാറി മാറി നോക്കി . അവശര്‍ ആലംബഹീനര്‍ . രണ്ടാളും ലാപ്പില്‍ നിധി ഉണ്ടെന്ന ഭാവത്തില്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് .
" എടാ .... " ഞാന്‍ അവരെ രണ്ടാളെയും നോക്കി പതിയെ വിളിച്ചു .
ഏഹെ ... അവര്‍ക്ക് പുല്ല് .. പുല്ലുവില .
" ഡാ .. ഇന്ന് വെള്ളിയാഴ്ചയാ .. " ഞാന്‍ പുതിയ എന്തോ കണ്ടുപിടിച്ച പോലെ അവരോടു പറഞ്ഞു .
എന്റെ കണ്ടുപിടിത്തം അംഗീകരിച്ച മട്ടില്‍ അവര്‍ എന്നെ നോക്കി . അയ്യൂബിന്റെ മുഖത്ത് പുച്ഛം . സുധിയുടെ മുഖത്ത് പരമപുച്ഛം .
" വെള്ളിയാഴ്ച ആണേല്‍ നാളെ ശനിയാഴ്ച ആയിക്കോളും . നീ ഇനി പുതിയ ദിവസം ഉണ്ടാക്കാനൊന്നും പോണ്ട !!
ദരിദ്രവാസികള്‍ . കോമണ്‍സെന്സില്ലാത്ത പരിഷകള്‍ . ഇവരോടൊക്കെ എന്ത് പറയാന്‍ ?
" ഡാ നമുക്കൊന്ന് കറങ്ങാന്‍ പോവാം ? ചിലവ് മുഴുവന്‍ എന്റെ വക !!! "
ട്ടപ്പേ ............. !!! രണ്ടാളേം കട്ടിലില്‍ കാണാനില്ല !!! എന്തൊരത്ഭുതം . എവിടെപ്പോയി ?
ഞാന്‍ ചുറ്റും നോക്കി . അപ്പോഴതാ എന്റെ കാല്‍ക്കീഴില്‍ നിന്നൊരു ശബ്ദം .
" അളിയാ .. നമക്ക് പോണ്ടേ ? "
രണ്ടെണ്ണവും അതാ പുതു പുത്തന്‍ പാന്റും ഷര്‍ട്ടും ടൈയും ഒക്കെ കെട്ടി കുട്ടപ്പനും രാജപ്പനും ആയി നില്‍ക്കുന്നു . !!!
ഇതുങ്ങള്‍ എന്നെ മുടിപ്പിച്ചിട്ടെ അടങ്ങൂ . എന്റെ ചിലവെന്നു പറയണ്ടാരുന്നു . അതെങ്ങനാ ? പോയ ബുദ്ധി ജെസിബി കൊണ്ട് പിടിച്ചാലും കിട്ടില്ലല്ലോ . ഇമ്മാതിരി ഓരോ കാര്യങ്ങള്‍ എനിക്ക് ഇടയ്ക്കിടെ പറ്റാറുള്ളത് കൊണ്ട് ഈ അബദ്ധവും എന്നും ചെയ്യുന്നപോലെ ഒരു ദീര്‍ഘനിശ്വാസത്തില്‍ ഒതുക്കി .
"ഹേയ്ശ് .... " സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ ഞാനൊരു ദീര്‍ഘ നിശ്വാസം വിട്ടു .
അവരൊക്കെ ഒരുങ്ങിയ പോലെ നമ്മളും ഒരുങ്ങിയില്ലെങ്കില്‍ മോശമല്ലേ? നമ്മള്‍ അങ്ങനെ കൊച്ചാവാന്‍ പാടില്ലല്ലോ . എടുത്തുടുത്തു പാന്റൊരെണ്ണം . എടുത്തണിഞ്ഞു ഷര്‍ട്ട് ഒരെണ്ണം . ടൈ പണ്ടേ ഇല്ലാത്തതുകൊണ്ട് അത് നോക്കാന്‍ പോയില്ല . പക്ഷെ അവരെപ്പോലെ .......
ഒരു കാര്യം ചെയ്താലോ ? തോര്‍ത്ത് ചുരുട്ടി ടൈ ആയി കെട്ടിയാലോ ? വേണ്ട . വെള്ള ടൈ ഒരു രസമുണ്ടാകില്ല .
ടൈ ഒഴിവാക്കി അണിഞ്ഞൊരുങ്ങി . കണ്ണാടിയില്‍ നോക്കി . ആഹഹ .. എന്തൊരു ഭംഗി !!! എന്റെ സൌന്ദര്യത്തില്‍ എനിക്ക് തന്നെ അസൂയ തോന്നിയ നിമിഷം .
" ബ്രൂസ്‌ലിയെപ്പോലെ ഇരുന്നിട്ടും അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ? റസ്സല്‍ ക്രോ ആണെന്നാ വിചാരം . കഴുത ,... "
ങേ .. ആരാ അത് ? സുധിയാണോ ? അല്ല . അവന്‍ അടുക്കളയില്‍ കറിച്ചട്ടിയില്‍ തലയിടുകയാണ് . ഇനി അയ്യൂബാണോ ? ഹേയ് അവനും അല്ല . അവന്‍ വയറിലേക്ക് നോക്കി നെടുവീര്‍പ്പിടുകയാണ് . വീര്‍പ്പിടാതിരിക്കുവോ ? രണ്ടാളുടെ വയര്‍ അവനു സ്വന്തമായി ഉണ്ട് .
മാതാവേ .. ഇനി കണ്ണാടി എങ്ങാന്‍ ആണോ ? ഞാന്‍ കണ്ണാടിയെ ദേഷ്യത്തോടെ നോക്കി . അപ്പോഴതാ കണ്ണാടിയും എന്നെ ദേഷ്യത്തോടെ നോക്കുന്നു . പാവം ഞാന്‍ !!!
ഇറങ്ങി . ലുലു വിലേക്ക്‌ ടാക്സി പിടിക്കാം . ബസ്സില്‍ പോയാല്‍ വിയര്‍ത്തു കുളിച്ചു ഒരു പരുവമാകും . ഗ്ലാമര്‍ ഒക്കെ പോവും . ടാക്സി തന്നെ ശരണം .
വരുന്ന ടാക്സിക്കൊക്കെ കൈ കാണിച്ചു . ഒരുത്തനും നിര്‍ത്തുന്നില്ല . വ്യാഴവും വെള്ളിയും ഇവന്മാര്‍ക്കൊക്കെ ഭയങ്കര ജാഡയാണ് . അബ്ദുള്ള രാജാവ് ഇവരുടെ അമ്മാവനാണ് എന്ന മട്ടിലാ ടാക്സിക്കാരൊക്കെ നടക്കുന്നത് . ഹും . ശരിയാക്കി തരാമെടാ ....
ഭാഗ്യം . ഒരുത്തന്‍ നിര്‍ത്തി .
" ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ "
ഞാന്‍ എന്റെ തിരുവാ തുറന്നു .
" ബീസ് റിയാല്‍ " ഡ്രൈവര്‍ പുച്ഛത്തോടെ എന്നെ നോക്കി . ഇരുപത് റിയാലെ ... എന്റെ പട്ടി കൊടുക്കും .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " ( എനിക്ക് നിന്റെ വണ്ടി വേണ്ട ) ഹും . എന്റടുത്താ അവന്റെ കളി . അവനല്ലെങ്കില്‍ വേറെ ആളു വരും . അമ്പടാ .
" ക്യാ ? "
അവനു മനസിലായില്ലെന്ന് തോന്നുന്നു . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബുദ്ധൂസ് .
" ഐ നോ യുവര്‍ വെഹിക്കിള്‍ !! " എട്ടാം കട്ടക്ക് ഞാന്‍ വച്ച് കീറി .
"ബ്ലേ ................................. " ടാക്സിക്കാരന്റെ വാ തുറന്ന പടി ഇരുന്നു . അയാള്‍ ദയനീയമായി എന്നെ നോക്കി . ശേഷം കാറില്‍ തൂക്കിയിട്ട മക്കയുടെ ചിത്രത്തിലേക്ക് നോക്കി .
" ദൈവമേ ... ഈ മോതലിനെയും സൃഷ്ടിച്ചത് നീ തന്നെ ആണോ " എന്ന ഭാവത്തില്‍ .
ഇനിയും ഇവനെ ഞാന്‍ ഏതു ഇംഗ്ലീഷില്‍ മനസിലാക്കി കൊടുക്കും എന്റെ കര്‍ത്താവേ ...
ഞാന്‍ സുധിയെയും അയ്യൂബിനെയും നോക്കി . അവര്‍ ദയനീയമായി എന്നെ നോക്കുകയാണ് . ഇതിനും മാത്രം ദയനീയപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്? എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ കാര്യം പറഞ്ഞു . അയാള്‍ക്ക്‌ മനസിലാവുന്നില്ലെങ്കില്‍ ഇവര് വേണ്ടേ പറഞ്ഞു മനസിലാക്കികൊടുക്കാന്‍ ?
" പറഞ്ഞു കൊടെടാ ... " ഞാന്‍ എന്റെ ചങ്ങായിമാരോട് പറഞ്ഞു ,
നീ എന്തൊരു ജന്മമെടാ ... എന്ന മട്ടില്‍ എന്നെ ഒന്ന് ഇരുത്തി നോക്കിയാ ശേഷം അയ്യൂബ് ടാക്സിക്കാരനോട് കാര്യം പറഞ്ഞു . അവസാനം പതിനഞ്ചിന് പോകാമെന്ന് ടാക്സിക്കാരന്‍ സമ്മതിച്ചു .
കാറില്‍ ഇരിക്കുമ്പോള്‍ സുധി പതിയെ എന്നെ തോണ്ടി .
" ഡാ ... നീ എന്താ ഡ്രൈവറോഡു പറഞ്ഞത് ? "
" എനിക്ക് നിന്റെ വണ്ടി വേണ്ടെന്നു "
"പൊന്നളിയാ ..... " അവന്‍ എന്നെ ആഞ്ഞു തൊഴുതു . ശേഷം പറഞ്ഞു . " നീ എന്തിനാ ഇതൊക്കെ പറയാന്‍ പോവുന്നത് ? ഒന്നും മിണ്ടാതിരുന്നാല്‍ പോരെ? "
ആണല്ലേ ?
അവനു അസൂയ . നാലാം ക്ലാസ്സ്‌ വരെയേ പോയിട്ടുള്ളെങ്കിലും എനിക്കും ഇംഗ്ലീഷ് പറയണ്ടേ ? ലോകത്തിന്റെ ഒരു അവസ്ഥ . ഒരുത്തന്‍ നന്നാകുന്നത് മറ്റൊരുത്തന് കണ്ടൂട !!!
ലുലുവില്‍ എത്തി . കിളികള്‍ .... നാനാതരം കിളികള്‍ ....
കണ്ണും മനസ്സും കുളിര്‍പ്പിച്ചു തെക്കോട്ടും വടക്കോട്ടും കറങ്ങി നടന്നു .
" ഡാ ഒരു അന്യഗ്രഹജീവി !!! വാങ്ങിച്ചാലോ ?" ഞാന്‍ ആഹ്ലാദത്തോടെ ചോദിച്ചു .
" കണ്ണാടിയുടെ മുന്നീന്ന് മാറി നിക്കെടാ !!! "
തീര്‍ന്നു . ഇവന്മാര്‍ ഇതെന്തിനുള്ള പുറപ്പാടാ ? ഞാന്‍ എന്ത് മിണ്ടിയാലും അപ്പൊ കേറും എന്റെ നെഞ്ചത്ത്‌ . ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ?
ഇനി മിണ്ടില്ല . ഹും .
ഹായ്‌ ... ഒരു കറുത്ത ടെഡ്ഢിബിയര്‍ .. !!! ചുമ്മാ അതിലൊന്ന് പിതുക്കി നോക്കി .
" ഛീ ... ഹറാമി ............ " പെട്ടെന്നൊരു ചീറ്റല്‍ . ടെഡ്ഢിബിയര്‍ അതാ ഉയര്‍ന്നു വരുന്നു ,.
മാതാവേ ... ഒരു അറബി പെണ്കൊടി കുനിഞ്ഞു നിന്നതാണ് , ആ കൊടിയുടെ പിന്‍ഭാഗം ആണ് ഞാന്‍ ടെഡ്ഢിബിയര്‍ ആണെന്ന് കരുതി പിതുക്കിയത് . പെണ്‍കൊടിയുടെ അലര്‍ച്ച കേട്ട് കൊടിയുടെ ഭര്‍ത്താവ് ഓടിവന്നു . കൂടെ ഒരു ഡസന്‍ പിള്ളേരും . തന്റെ ഭാര്യയുടെ പിന്നാമ്പുറം ഒരുത്തന്‍ പിടിച്ചു എന്ന സന്തോഷ വാര്‍ത്ത അറിഞ്ഞു അറബി സന്തോഷം കൊണ്ട് തുള്ളിച്ചാടി .
" @%^&*(*$@#$%^&*(*$#@#$^&*&#@#$%^&*##$%^&*( "
ശിവനേ ................. ഞാനും ഒരു മനുഷ്യനല്ലേ ? ഇങ്ങനെ തെറി വിളിക്കാമോ ? അടി വീഴുന്നതിനു മുമ്പ്‌ സുധിയും അയ്യൂബും കൂടി എന്നെ പിടിച്ചു വലിച്ച് പുറത്തേക്കോടി .
" എടാ ... നമ്മള് തിന്നാന്‍ ഒന്നും വാങ്ങിച്ചില്ല !!! " ഓട്ടത്തിനിടയില്‍ ഞാന്‍ അവരെ ഓര്‍മ്മപ്പെടുത്തി .
" ഫാ ചൂലേ ... അവര് വയറു നിറയെ തന്നേനെ .. "
പിന്നേ ... എന്നെ എങ്ങാന്‍ തല്ലിയിരുന്നേല്‍ അവര് വിവരമറിഞ്ഞെനെ . നാട്ടിലേക്കു ഒരു ബോഡി പാര്‍സല്‍ ചെയ്യാന്‍ എന്താ ചാര്‍ജ്‌ !!!! അറബി ചമ്മിപ്പോയേനെ .
അതോടെ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു ,. ഇനി ഷോപ്പിംഗ്‌ എന്ന ഒരു പരിപാടി ഇല്ല . ഇനി പോയാല്‍ തന്നെ ടെഡ്ഢിബിയര്‍ നെ നോക്കില്ല . നോക്കിയാല്‍ തന്നെ പിതുക്കില്ല . സര്‍വ്വോപരി മരമണ്ടന്മാരായ എന്റെ രണ്ടു ചങ്ങാതിമാരേം കൊണ്ടോകില്ല . പഠിക്കട്ടെ അവന്മാര്‍ !!!
അല്ല പിന്നെ . ദേഷ്യം വരൂല്ലേ !!!

ഞാനേരി മാണിക്യം - ഒരു കോഴിക്കൊലപാതകത്തിന്റെ കഥ

സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം . അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു . എന്താണെന്നറിയാന്‍ വയ്യ . ദൈവാനുഗ്രഹത്താല്‍ അന്നും ഇന്നും എനിക്കൊരേ പേര് തന്നെ ആണ് . ദൈവത്തിന് സ്തുതിയും പുകഴ്ച്ചയും .
" പറയാന്‍ പോകുന്നത് എന്താന്നു വച്ചാ പറഞ്ഞിട്ട് പോടാ പുല്ലേ ... !!! "
ഞാന്‍ കേട്ട് ട്ടാ പറഞ്ഞത്‌ .. അതല്ലേ ഇഷ്ടാ പറയാന്‍ പോകുന്നത് ..
സംഗതി എന്താന്നു വച്ചാ ... സിമ്പിള്‍ ...
വീട്ടില്‍ വിരുന്നുകാര്‍ വരുക എന്ന് വച്ചാല്‍ അതൊരു വലിയ സംഭവം ആണ് . അന്ന് കോഴിക്കറിയും ചോറും ചിലപ്പോ പുറമേന്ന് വാങ്ങിച്ച പൊറോട്ടയും ബ്രെഡും ഉണ്ടാകും . കോഴിക്കറീടെ ഗുമു ഗുമാ ഉള്ള മണവും ആസ്വദിച്ച് വായില്‍ കപ്പലോടിക്കാന്‍ വെള്ളവും നിറച്ച് ഞങ്ങളങ്ങനെ നില്‍ക്കും . ഞങ്ങളെന്നു വച്ചാല്‍ ഒരുപാട് പേരുണ്ട് . പക്ഷെ അതില്‍ ഒരു പൊരുത്തക്കേട് എന്താന്നു വച്ചാല്‍ മറ്റുള്ളവര്‍ക്ക് വേറെ പണികള്‍ ഉള്ളതിനാല്‍ അവര്‍ അതിനു പോകും . പിന്നെ ഞാന്‍ മാത്രേ കാണുള്ളൂ .. പൈസ ഇല്ലാത്തവന്‍ ഇറച്ചിക്കടയില്‍ ചെന്ന പോലെ ഞാനങ്ങനെ മിഴുങ്ങസ്യാന്ന് നില്‍ക്കും . പാവം ഞാന്‍ ...
കോഴിയെ പുറത്തു കടയില്‍ നിന്നും വാങ്ങിക്കുന്ന പരിപാടി ഒന്നും ഇല്ല . വീട്ടില്‍ ഒരു ഉളുപ്പും ഇല്ലാതെ രാവിലെ മുതല്‍ ഒരു പണീം ചെയ്യാതെ തേരാപ്പാരാ നടക്കുന്ന ഏതെങ്കിലും ഒരു കോഴിയെയോ കോഴിനിയെയോ ഓടിച്ചിട്ടു പിടിക്കും .
അല്ല . നിങ്ങള് പറ . ഇതുങ്ങള്‍ക്കൊക്കെ വല്ല പണീം ചെയ്തൂടെ ?
ഞാനൊക്കെ എന്തൊക്കെ പണികള്‍ ചെയ്യുന്നുണ്ട് ?
രാവിലെ എണീക്കുന്നു . പല്ല് തേക്കുന്നു .. കുളിക്കുന്നു ( ശിവനേ ............ !!! ) ചാവാന്‍ പോകുന്ന പോലെ ഇപ്പൊ കരയും എന്ന ഭാവത്തില്‍ പൊത്തക സഞ്ചിയും ( പിന്നെയും ശിവനേ .... !!!! ഇപ്പൊ ശിവനെ വിളിക്കാന്‍ കാരണം ഉണ്ട് . മിക്കവാറും സഞ്ചിയില്‍ പുസ്തകംസ് ഒന്നും കാണൂല്ല . മാങ്ങയും കശുവണ്ടിയും അല്ലറ ചില്ലറ ലൊട്ടുലൊടുക്ക് സാമഗ്രികളും , പിന്നെ ഉച്ചക്ക് ഭക്ഷിപ്പാന്‍ ഉള്ള സോറും ഹൂട്ടാനും മാത്രേ ഉണ്ടാവൂ . മാങ്ങ പോകുമ്പഴും വരുമ്പഴും തിന്നാന്‍ . കശുവണ്ടി സ്കൂളില്‍ ഇന്റര്‍വെല്‍ സമയത്ത് അണ്ടിത്തമ്പ് കളിക്കാന്‍ . മറ്റുള്ള വസ്തു വഹകള്‍ എന്തിനെന്ന് അമ്മച്ചിയാണേ എനിക്കൊരു ഊഹവും ഇല്ല ) തോളില്‍ ഇട്ട് പോകും . സ്കൂളില്‍ എന്താണ് പണിയെന്നു പിന്നെ പറയാം .
ഉച്ചക്ക് മാമുണ്ണും . പിന്നേം ഉറക്കം . സോറി പഠനം ( ഞാനിന്നു ശിവനെ വിളിച്ചു ചാവും ) . വൈന്നേരം സ്കൂളില്‍ നിന്ന് പുറത്തു ചാടിയാല്‍ ഉടനെ അടുത്തുള്ള പാടത്തേക്ക് പായും . അവിടെയാണ് ഫുട്ബാള്‍ , ക്രിക്കെറ്റ് തുടങ്ങിയ നാടന്‍ കളികളും , ഒളിച്ചേ കണ്ടേ , അണ്ടിത്തമ്പ് , കിളിമാസ്‌ തുടങ്ങിയ വിശ്വ വിഖ്യാതമായ കളികളും അരങ്ങേറുന്നത് . എല്ലാ കളികളും എനിക്ക് നന്നായി അറിയാവുന്നതിനാല്‍ ഞാന്‍ മിക്കവാറും കളി കണ്ടുകൊണ്ട് നില്‍ക്കും . മറ്റുള്ളോര്‍ പറയും കളി അറിഞ്ഞൂടാഞ്ഞിട്ടാണെന്നു . ചുമ്മാതാ .. വിശ്വസിച്ചു പോകരുതേ ..
പിന്നെ നമക്ക് ഇന്റെറസ്റ്റ്‌ ഇല്ലാത്ത ഒരേ ഒരു കളിയെ ഉള്ളൂ . വായ്നോട്ടം .
പാട വരമ്പത്തൂടെ പോകുന്ന ചെറു കിളികള്‍ മുതല്‍ പറക്കാന്‍ പോയിട്ട് ഇഴയാന്‍ പോലും വയ്യാത്ത തൈക്കിളികളെ വരെ ചുമ്മാ നോക്കിക്കൊണ്ടിരിക്കും . അതില്‍ നിന്ന് എന്റെ പ്രായത്തില്‍ ഉള്ള ചെറു കിളികളെ പ്രേമപുരസ്സരം നോക്കും . അവര്‍ക്ക് ഞാന്‍ പ്രേമപുരസ്സരം നോക്കുന്നത് വല്യ ഇഷ്ടമാണെന്ന് എനിക്ക് പലപ്പോഴും മനസിലായിട്ടുണ്ട് . ഒരിക്കല്‍ ഞാന്‍ പ്രേമപുരസ്സരം ശാന്തിയെ നോക്കി . മൂന്നാം പക്കം ആണ് അവള്‍ കണ്ണ് തുറന്നത് . പെണ്‍കുട്ടികള്‍ അല്ലേ ? വളരുന്ന പ്രായം അല്ലേ ? ശരിക്ക് ഭക്ഷണം ഒന്നും കഴിക്കുന്നുണ്ടാവില്ല . അതായിരിക്കും തളര്‍ന്നു വീണത്‌ .
പക്ഷെ ശാന്തീടെ അച്ഛനും അമ്മാവനും എത്ര പറഞ്ഞിട്ടും മനസിലാവണ്ടേ . എന്റെ നോട്ടം കണ്ടു പേടിച്ച് ബോധം കെട്ടു വീണതാണത്രേ . എന്തൊരു കള്ളം . മനുഷ്യന് വിവരം ഇല്ലെന്നു വച്ച് ഇങ്ങനേം പൊട്ടത്തരം വിളിച്ചു പറയുമോ ? കഷ്ടം കഷ്ടം !!!!
എന്നെ അവര്‍ നല്ല രീതിയില്‍ ഉപദേശിച്ച് നന്നാക്കി . അതിന്റെ പരിണത ഫലമായി എന്റെ കവിള്‍ വളരെയധികം നന്നായി . ആ പോക്കങ്ങു പോയ്ക്കോളും പണ്ടാരങ്ങള്‍ എന്ന് കരുതി ആശ്വസിച്ചതാണ് . തിരിഞ്ഞു നിന്ന് അവള്‍ടെ അപ്പന്‍ ഒരു കാര്യം കൂടി വളരെ ശാന്തതയോടെ ; സ്നേഹത്തോടെ പറഞ്ഞു .
" കഴുവേര്‍ട മോനേ .. !!! "
" എന്തോ ............................. " വിളി കേട്ടത് മനസ്സില്‍ മാത്രം . പുറത്തേക്കു സൌണ്ട് വരാന്‍ സുണ്ടുകള്‍ സമ്മതിക്കണ്ടേ .
ഞാന്‍ എന്റെ സുന്ദരമായ കണ്ണുകള്‍ കൊണ്ട് അവരെ മാറി മാറി നോക്കി . അതിനിടെ അവര്‍ ബാക്കി കൂടി ഫില്‍ ചെയ്തു .
" ഇനിയെങ്ങാന്‍ പെമ്പിള്ളേര് പോണ വഴീല്‍ നിന്നെ കണ്ടാല്‍ .... !@#$%^&*^%$#@ ( ശക്തി തരൂ കാവിലമ്മേ ... ) നിന്റെ തവളക്കണ്ണു ഞാന്‍ അടിച്ചു പൊട്ടിക്കും !!! "
സന്തോഷം . മനസ്സില്‍ ലഡ്ഡുക്കള്‍ പൊട്ടി .
തവളേടെ കണ്ണു അടിച്ചു പൊട്ടിച്ചോ . എന്റെ കണ്ണു ഞാന്‍ തരൂല്ല . അമ്പടാ ...
അതും ഞാന്‍ പറഞ്ഞത് മനസ്സില്‍ തന്നെ . ആദ്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറയണം എന്ന് കരുതിയതാണ് . പിന്നെ കരുതി . അത് കേട്ടാല്‍ അവര് മുന്‍കരുതല്‍ എടുക്കും . കണ്ണെടുക്കാന്‍ വരുമ്പോ കൊടുക്കാതിരുന്നാല്‍ പോരേ ? അവര് ചമ്മിപ്പോട്ടെ .
ഞാനിതെവിടെക്കാ പോകുന്നത് ? ശോ ...
വിളക്ക് വെക്കാറാകുമ്പോ വീട്ടില്‍ ക്ഷീണിച്ചു ചെന്ന് കയറും . അമ്മേടേം അച്ഛന്റേം വായിലിരിക്കുന്ന സാഹിത്യ ഭാഷയിലെ നല്ല നല്ല പ്രയോഗങ്ങള്‍ കേട്ട് സായൂജ്യമടഞ്ഞു അടുക്കളയില്‍ കയറി തിന്നാന്‍ കൊള്ളാവുന്ന സകലതും എടുത്ത് തിന്നും . പിന്നെ ബാലരമയും പൂമ്പാറ്റയും വായിക്കും .
വായിച്ച് ഒരു വഴിയാകുമ്പോള്‍ കേള്‍ക്കാം സ്നേഹമസൃണമായ അമ്മയുടെ സ്വരം
" വല്ലതും നക്കീട്ട് കെടന്നൊറങ്ങെടാ തല തെറിച്ചവനേ ... !!! "
അത്താഴം കഴിക്കാനുള്ള സൈറന്‍ ആണത് . സൈറന്‍ മുഴങ്ങുമ്പോള്‍ എണീറ്റ്‌ പോയി ഞ്ഞം .. ഞ്ഞം .. ന്ന് വെട്ടി വിഴുങ്ങി കിടന്നുറങ്ങും .
ഇത് വല്ലതും കോഴി ചെയ്യുന്നുണ്ടോ ? രാവിലെ എണീറ്റ്‌ കൊക്കോക്കോ ... ന്ന് കൊക്കി പുറത്തിറങ്ങും . ഇടയ്ക്കിടെ കൊക്കോക്കോ മാത്രം പറഞ്ഞാല്‍ മതി . കൊക്കോക്കോക്കിടയില്‍ തീറ്റയും കുടിയും എല്ലാം നടക്കും . വേറെ ഒന്നും അറിയണ്ട . സുഖിമാന്‍ കോഴി . ഹും
അങ്ങനെ ഈ കഥ നടക്കുന്ന സുദിനം വന്നെത്തി . മേമയും കുടുംബവും വിരുന്നു വന്നു . ട്ടെന്‍ട്ടെഡെന്‍ ......
ഞാന്‍ പ്രായമായ ഒരു പൂവന്‍ കോഴിയുടെ പിറകില്‍ പോയി ഓട്ട മല്‍സരത്തിനു വിസില്‍ കാത്തു നില്‍ക്കുന്നവനെപ്പോലെ നില്‍ക്കുകയാണ് .
" ആ പൂവനെ ഇങ്ങു പിടിച്ചേടാ .... !!! "
അമ്മയുടെ ആജ്ഞ കേട്ടതും ഞാന്‍ പൂവന്റെ പിന്നാലെ പാഞ്ഞു .
" രെച്ചിക്കണേ ..... " എന്നും പറഞ്ഞ് ഫൂവന്‍ ഓടി . പക്ഷെ മാലോകര്‍ കേട്ടതു കൊക്കോക്കോ മാത്രം . പാവം കോയി .
മാരത്തോണ്‍ ഓട്ടം കഴിയാറായി ,. അവസാന ലാപ്പില്‍ പൂവന്‍ എന്റെ കയ്യില്‍ !!!
അപ്പോഴാണ്‌ അടുത്ത പ്രശ്നം . എപ്പോഴും കോഴിയെ അറുക്കുന്നത് അച്ഛനാണ് . അച്ഛന്‍ ഇപ്പൊ ജോലിക്ക് പോയിരിക്കുകയാണ് . എന്ത് ചെയ്യും ?
" എന്ത് ചെയ്യും ? " അമ്മയും ഇരുന്നു തിങ്കി .
അമ്മയ്ക്ക് കോഴിയെ കൊല്ലുന്നത് പേടിയാണ് . വിരുന്നുകാരോട് കൊല്ലാന്‍ പറയുന്നത് ശരിയല്ലല്ലോ . പിന്നെ ഉള്ളത് ഞാനാണ് .
ഞാന്‍ .... ധീരന്‍ !!! വീരന്‍ !!! വില്ലാളി വീരന്‍ ... വീരമണികണ്ഠന്‍ !!! സ്വാമിയെ ശരണമയ്യപ്പാ ....
അമ്മയുടെ അറിവിലേക്കായി ഞാന്‍ പതിയെ ഉണര്‍ത്തിച്ചു " കൊയീനെ ഞാന്‍ കൊന്നോളാം !!! "
പറഞ്ഞ ശേഷം അമ്മയുടെ കൈ എത്തുന്ന രീതിയില്‍ ഞാനെന്റെ കവിള്‍ സെറ്റ് ചെയ്തു . അടി മിസ്സാവരുതല്ലോ .
പക്ഷെ എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മ പറഞ്ഞു .
" ശരി ... സുബീനെക്കൂടി വിളിച്ചോ !!!! "
സുബി . അമ്മായീന്റെ മോന്‍ . എന്റെ ഹളിഹൂട്ടുഹാരന്‍ . വായ്നോട്ടത്തിലും തല്ലുകൊള്ളിത്തരം കാണിക്കുന്നതിലും എനിക്ക് ശിഷ്യപ്പെട്ടവന്‍ !!!
ഞാന്‍ സുബിയെ വിളിച്ചു കൂവി
" ഡാ സുവീ .... ബാടാ ... കൊയീനെ കൊല്ലാം .. !!! "
എന്റെ ആജ്ഞ ശിരസ്സാ വഹിച്ച് സുബി ഓടിയെത്തി .
കോഴിയെ കൊല്ലുന്നതിനു മുമ്പ്‌ കോഴിക്ക് വെള്ളം കൊടുക്കുന്ന ഒരു ചടങ്ങുണ്ട് . ആ ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിലെക്കായി ഒരു വലിയ കപ്പ്‌ വെള്ളം കൊണ്ട് വച്ചു . സുബി കപ്പ് പിടിച്ചു . ഞാന്‍ കോഴിയെ ഉദാര മനസ്കതയോടെ കപ്പിലേക്ക് അടുപ്പിച്ചു
" കുടിച്ചോടാ കോയീ ... "
കപ്പും വെള്ളവും കണ്ട കോഴി തല തിരിച്ചു . ഞാനും സുബിയും കോഴിയുടെ മുഖത്തേക്ക് നോക്കി . കോഴിയുടെ മുഖത്ത് പുച്ഛം !!! പരമ പുച്ഛം !!! പുച്ഛത്തോട് പുച്ഛം !!!
കൊല്ലാന്‍ നേരത്തെങ്കിലും ഒരു നല്ല പാത്രത്തില്‍ കുറച്ച് നല്ല വെള്ളം തന്നൂടെടാ പട്ടികളെ .... എന്ന ഭാവം കോഴിച്ചേട്ടന്റെ മുഖത്ത് . നോക്കണേ അഹങ്കാരം !!!
എന്തൊക്കെ ചെയ്തിട്ടും കോഴി വെള്ളം കുടിക്കുന്നില്ല . എന്ത് ചെയ്യും ? തിങ്കാന്‍ സുബിയും എനിക്ക് കമ്പനി തന്നു .
തിങ്കല്‍ മഹോത്സവത്തിന്റെ അവസാനം സുബിയുടെ തലയില്‍ ഒരു യമണ്ടന്‍ ഐഡിയ ഉദിച്ചു .
" കോയി കുടിക്കുന്നില്ലെങ്കില്‍ നമക്ക് കുടിപ്പിക്കാം !!! "
" എടാ ഭയങ്കരാ .... നീ ആളു കൊള്ളാല്ലോ !!! " മനസ്സില്‍ മാത്രേ പറഞ്ഞുള്ളൂ . പുറത്തു പറഞ്ഞാല്‍ അവന്‍ അഹങ്കരിക്കും . നമ്മളായിട്ട് എന്തിനാ ഒരാളെ അഹങ്കാരി ആക്കുന്നത് ?
" ശരി .. ഞാന്‍ കോയീന്റെ വാ പൊളിച്ചു തരാം. നീ ഒഴിച്ച് കൊടുത്തോ "
സന്നദ്ധ സേനാംഗം സുബി അറ്റെന്‍ഷനില്‍ നിന്ന് സല്യൂട്ട് ചെയ്തു . ശരി മ്ബ്രാ ....
ഞാന്‍ കോഴിയെ ഒരു കാലു കൊണ്ട് ചവിട്ടിപ്പിടിച്ചു. കൈകള്‍ കൊണ്ട് കോഴിയുടെ കൊക്ക് പിളര്‍ത്തി .
"ഒഴിച്ചോടാ ... !!! "
പറഞ്ഞു തീരുന്നതിനു മുന്നേ സുബി വെള്ളമൊഴിക്കല്‍ മഹാമഹം തുടങ്ങി . കോഴിയുടെ അണ്ണാക്കിലേക്ക് വെള്ളം മടുമടാ ഇറങ്ങി . കോഴി തന്റെ മുഖത്ത് മാക്സിമം ദയനീയ ഭാവം വരുത്തി ഞങ്ങളെ രണ്ടാളേം നോക്കുന്നുണ്ട് . അങ്ങനെ വേണം . മര്യാദക്ക് തന്നപ്പോ കുടിക്കാഞ്ഞിട്ടല്ലേ ?
ഒരു വലിയ കപ്പ്‌ വെള്ളം തീര്‍ന്നു . ഇത് മുഴുവന്‍ കോഴി കുടിച്ചോ ? അമ്പട കോഴിയേ .... !!!
ദയനീയമായി സുബി എന്നെ നോക്കി ഒരു വലിയ സത്യം വിളിച്ചു പറഞ്ഞു
"വെള്ളം തീര്‍ന്നു !! ഇനീം വേണോ ? "
" വേണ്ട . ഇനി അറുക്കാം !! "
ഞാന്‍ കോഴിയുടെ കൊക്ക് വിട്ടു . അത്ഭുതം !!! കോഴിയുടെ കൊക്ക് പിളര്‍ന്നു തന്നെ ഇരിക്കുന്നു . ഞാന്‍ എന്റെ കൈ കൊണ്ട് ഒന്ന് അടച്ചു നോക്കി . അടയുന്നുണ്ട് . പക്ഷെ വിടുമ്പോള്‍ വീണ്ടും തുറന്നു തന്നെ വരുന്നു . ഞാന്‍ ദയനീയമായി സുബിയെ നോക്കി .
അവന്റെ മുഖത്ത് എന്റെ മുഖത്തുള്ളതിനേക്കാള്‍ ദയനീയത . അത് കണ്ടപ്പോള്‍ എനിക്ക് ദയനീയപ്പെടണ്ടായിരുന്നെന്നു വരെ തോന്നിപ്പോയി .
" അടയുന്നില്ലെന്കില്‍ അടയണ്ട ,. നമുക്ക് കൊല്ലാം .. " സുബി പറഞ്ഞു .
" ശരി സര്‍ .. നീ കത്തിയെടുക്ക് . എന്നിട്ട് കഴുത്തറുക്ക് ... !!! " ഞാന്‍ ആജ്ഞാപിച്ചു .
സുബി കത്തിയെടുത്ത്‌ കോഴിയുടെ കഴുത്ത് കണ്ടിച്ചു .
അത്ഭുതമേ അത്ഭുതം ... !!! കോഴിയേ കൊന്നപ്പോള്‍ ചോരക്കു പകരം വെള്ളം !!!!
വെള്ളം ചീറ്റി ഒഴുകുകയാണ് . ഈ അത്ഭുത കൃത്യം ലോകത്തോട് മുഴുവന്‍ വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചതാണ് . പിന്നെ വേണ്ടെന്നു വച്ചു . ദൈവം ഞങ്ങള്‍ക്ക് വേണ്ടി മാത്രം കാണിച്ച ഈ അത്ഭുതം എന്തിനു മറ്റുള്ളവരെക്കൂടി കാണിക്കണം ?
അല്ല .. നിങ്ങള് പറ .. അറിയിക്കാന്‍ പാടുണ്ടോ ?